|    Oct 22 Sun, 2017 6:36 am

പിള്ളേരോണം വിസ്മൃതിയിലേക്ക്

Published : 8th August 2017 | Posted By: fsq

 

എരുമേലി: തോരാമഴയുടെ കര്‍ക്കടകത്തിലെത്തുന്ന തിരുവോണനാള്‍ പിള്ളേരോണമായി ആഘോഷിച്ചിരുന്നത് പഴയതല മുറയിലുള്ളവരുടെ ഓര്‍മയിലൊതുങ്ങി. ഇന്നലെയായിരുന്നു പിള്ളേരോണം. ചിങ്ങത്തിലെ സാക്ഷാല്‍ തിരുവോണത്തിന് മുമ്പ് പഞ്ഞ കര്‍ക്കടകത്തിലെ ചെറിയ ഓണമാണ് പിള്ളേരോണം. വീടുകള്‍ക്കു മുമ്പില്‍ കുട്ടിപ്പൂക്കളമിട്ടും തലപ്പന്തും കുട്ടിയും കോലും കിളികളികളും ഊഞ്ഞാലാട്ടവുമൊക്കെ നടത്തി ഉച്ചയ്ക്ക് ഉഗ്രന്‍ സദ്യയും കഴിക്കുന്നതായിരുന്നു പിള്ളേരോണം. കാര്‍മേഘങ്ങളുടെ കര്‍ക്കടകമായതിനാല്‍ സദ്യക്കു പ്രഥമനും ഉപ്പേരിയും ചക്കരപുരട്ടിയുമില്ലെന്ന കുറവുണ്ടാവുമെങ്കിലും വിഭവ സമൃദ്ധമാക്കാന്‍ ശ്രദ്ധിച്ചിരുന്നു. കാലം മാറിയതോടെ ഇപ്പോള്‍ പ്രൗഢി കുറഞ്ഞ് ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമായി പിള്ളേരോണം ഒതുങ്ങി. വലിയ പൂക്കളങ്ങളും ആഘോഷങ്ങളുടെ പകിട്ട് കുറച്ചും കൊണ്ടാടിയിരുന്നതിനു പിന്നില്‍ കര്‍ക്കടകത്തിലെ പിള്ളേരോണം വാമനന് വേണ്ടിയാണെന്ന വാദം ഉയര്‍ത്തിയിരുന്നു. ചിങ്ങത്തിലെ തിരുവോണം മഹാബലിക്കായതു പോലെ വാമനനു വേണ്ടി ആഘോഷിക്കാനാണ് പിള്ളേരോണമെന്ന ചൊല്ലുണ്ട്. എങ്കിലും ചിങ്ങത്തിലെ തിരുവോണത്തിന്റെ വരവറിയിച്ച് കുട്ടികളുടെ ഓണമായി പിള്ളേരോണം ആഘോഷിക്കുന്നതിനാണ് പ്രചാരമേറിയിരുന്നത്. വലിയ ഓണത്തിന് മുമ്പുളള ചെറിയ ഓണമായി കാലക്രമേണ പിള്ളേരോണം മാറിയെങ്കിലും ആഘോഷങ്ങളില്ലാതെ വിസ്മൃതിയിലായ കാഴ്ചയാണ് ഇത്തവണ. ശമനമില്ലാതെ പെയ്തുകൊണ്ടിരിക്കുന്ന മഴയാണ് പിള്ളേരോണത്തെ കൈവിടാന്‍ കാരണമായതെന്ന്  പറയുന്നു ചിലര്‍. അതേസമയം മാറിയ കാലത്തിന് തോല്‍പ്പിക്കാനാവാതെ പഴമയെ നിലനിര്‍ത്തി പിള്ളേരോണം ആഘോഷമാക്കിയവരുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക