|    Nov 20 Tue, 2018 8:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പിള്ളയെ തള്ളി തന്ത്രി; ആരോടും നിയമോപദേശം തേടിയിട്ടില്ല

Published : 6th November 2018 | Posted By: kasim kzm

ശബരിമല/തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ അവകാശവാദം തള്ളി ശബരിമല തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുന്നതു സംബന്ധിച്ച് താന്‍ ആരോടും നിയമോപദേശം തേടിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ശ്രീധരന്‍ പിള്ളയെ താന്‍ ഫോണില്‍ വിളിക്കുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല. കനത്ത പോലിസ് സുരക്ഷയിലായിരുന്ന തന്ത്രി ക്ഷോഭിച്ചു കൊണ്ടാണ് വിഷയത്തില്‍ പ്രതികരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് അദ്ദേഹത്തിനു വിലക്കുണ്ട്. അതിനിടെ, ശബരിമലയില്‍ യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്നു മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. സുരക്ഷാ ചുമതലയുള്ള ഐജി അജിത് കുമാര്‍ സന്നിധാനത്തെത്തി മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തിലാണു മേല്‍ശാന്തി ഇക്കാര്യം വ്യക്തമാക്കിയത്. യുവതികള്‍ വീണ്ടുമെത്തിയാല്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നും മേല്‍ശാന്തി വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ യുവമോര്‍ച്ച പരിപാടിയില്‍ സംസാരിച്ച കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശീധരന്‍ പിള്ള പറഞ്ഞു. തന്റെ പ്രസംഗത്തില്‍ യാതൊരു അപാകതയുമില്ല. പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാനാണ് അത്തരത്തില്‍ പ്രസംഗിച്ചത്. ആ പ്രസംഗമാണ് മാധ്യമപ്രവര്‍ത്തകര്‍ വലിയ സംഭവമാക്കിയത്. ജനങ്ങളെ സേവിക്കാനുള്ള സുവര്‍ണാവസരമെന്നാണ് താന്‍ ആ പ്രസംഗത്തിലെ വരികളിലൂടെ ഉദ്ദേശിച്ചത്. ജനസേവനത്തിനുള്ള സുവര്‍ണ അവസരമെന്ന് പറഞ്ഞതു മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. കഴിഞ്ഞദിവസം നടത്തിയ പ്രസംഗം ഇപ്പോള്‍ വാര്‍ത്തയാക്കിയതിന് പിന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ സിപിഎം ഫ്രാക്ഷനാണെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡല്‍ഹി എകെജി സെന്ററില്‍ ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ആര്‍എസ്എസാണെന്ന് വരുത്തിത്തീര്‍ത്തത് സിപിഎമ്മുകാരായ 12 മാധ്യമ പ്രവര്‍ത്തകരാണ്. ബിജെപിക്കെതിരേ മാധ്യമങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കുകയാണ്. ബിജെപിക്കെതിരേ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയുണ്ട്. തന്റെ പ്രസംഗം കഴിഞ്ഞദിവസങ്ങളില്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതാണ്. എന്നാല്‍ അതിനെ ഇപ്പോള്‍ വാര്‍ത്തയാക്കുന്നതിനു പിന്നില്‍ ദുരുദ്യേശമാണ്. പുതിയ സംഭവമെന്ന രീതിയില്‍ മാധ്യമങ്ങള്‍ അത് കാണിക്കുന്നതു നാണക്കേടാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് ഇത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് തന്ത്രി കണ്ഠരര് രാജീവര് തന്നോട് നിയമോപദേശം തേടിയിട്ടുണ്ടെന്നു ശ്രീധരന്‍ പിള്ള വെളിപ്പെടുത്തിയത്.
ഈ വെളിപ്പെടുത്തല്‍ പുറത്തായതോടെ തന്ത്രി തന്നോട് നിയമോപദേശം തേടുകയായിരുന്നുവെന്ന് ശ്രീധരന്‍ പിള്ള ഇന്നലെ രാവിലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ശബരിമലയിലെ പ്രക്ഷോഭ പരിപാടികള്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന പരാമര്‍ശത്തില്‍ ശ്രീധരന്‍ പിള്ള വിശദീകരണം നല്‍കാനും തയ്യാറായില്ല. കോടതിയലക്ഷ്യക്കേസില്‍ കൂട്ടുപ്രതിയെന്ന നിലയിലാണു തന്ത്രിയുമായി സംസാരിച്ചത്. തന്ത്രിയോടു സംസാരിച്ചതില്‍ തെറ്റില്ല. തന്ത്രി നട അടയ്ക്കുമെന്നു പറഞ്ഞതു തന്റെ നിര്‍ദേശ പ്രകാരമാണെന്നു വ്യാഖ്യാനിക്കേണ്ടെന്നും പിള്ള കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയല്ലേ എന്ന ചോദ്യത്തിന് ആദ്യം പ്രകോപിതനായ ശേഷം ശ്രീധരന്‍ പിള്ള ഒഴിഞ്ഞുമാറി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss