|    Nov 18 Sun, 2018 12:53 am
FLASH NEWS

പിലിക്കോട് സംസ്ഥാനത്തെ ആദ്യ ഫിലമെന്റ്‌രഹിത പഞ്ചായത്ത്

Published : 3rd April 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: പിലിക്കോട് പഞ്ചായത്തിന് സംസ്ഥാനത്തെ ആദ്യത്തെ ഫിലമിന്റ് രഹിത പഞ്ചായത്തായി 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. സംസ്ഥാന സര്‍ക്കാറിന്റെ ഊര്‍ജയാനം പദ്ധതിയുടെ ഭാഗമായി രണ്ട് വര്‍ഷത്തെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് ഊര്‍ജ ഉപഭോഗത്തില്‍ 1.21 ലക്ഷം യൂനിറ്റ് കുറവ് വരുത്താന്‍ സാധിച്ചതോടെയാണ് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.
ഊര്‍ജ ഉപഭോഗത്തില്‍ ഒരു പുതിയ മാതൃക സൃഷ്ടിച്ചുകൊണ്ട് പഞ്ചായത്ത് കൈവരിച്ച നേട്ടം സംസ്ഥാനത്തിന് തന്നെ മാതൃകയാണ്. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വൈകിട്ട് ആറ് മുതല്‍ പത്ത് വരെ പരമാവധി വൈദ്യുതി ഉപഭോഗം കുറച്ച് മുഴുവന്‍ ജനങ്ങളുടേയും സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.
പഞ്ചായത്തിലാകെ 6100 കുടുംബങ്ങളാണ് താമസിക്കുന്നത്. ഊര്‍ജ ഉപഭോഗത്തിലുണ്ടായ കുറവ് മൂലം 50 ലക്ഷം രൂപയോളമാണ് പഞ്ചായത്തിന് മെ ാത്തം ലാഭിക്കാനായത്. ഊര്‍ജയാനം പദ്ധതിയുടെ ഭാഗമായി കേരള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള മുന്‍കൈയെടുത്താണ് പദ്ധതി നടപ്പില്‍ വരുത്തിയത്.
വൈദ്യുതി ഉപഭോഗത്തിന്റെ ശീലങ്ങള്‍, ഉപകരണങ്ങളുടെ കാര്യക്ഷമത, ഊര്‍ജം ലാഭകരമായി ഉപയോഗിക്കുന്ന രീതി തുടങ്ങിയവരെ കുറിച്ച് സമഗ്രമായി ചര്‍ച്ച നടത്തിയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. 2016 നവംബര്‍ 29ന് ഇഎംസി കേരള ഡയറക്ടര്‍ ധരേഷന്‍ ഉണ്ണിത്താന്‍ യോഗം വിളിച്ചുചേര്‍ക്കുകയും തുടര്‍ന്ന് ഒന്നാംഘട്ട പദ്ധതികള്‍ക്ക് രൂപം നല്‍കുകയുമായിരുന്നു.
സാമൂഹിക പ്രവര്‍ത്തകര്‍, വൈദ്യുതി വകുപ്പ് ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങുന്ന 50 പേരെ തിരഞ്ഞെടുത്ത് തിരുവനന്തപുരത്ത് പരിശീലനം നല്‍കുകയും ഇവര്‍ നാട്ടിലെത്തി 600 പേര്‍ക്ക് പരിശീലനവും ബോധവല്‍ക്കരണവും നല്‍കുകയും ചെയ്തു. പഞ്ചായത്തിലെ വാര്‍ഡ് വികസന സമിതി കേന്ദ്രീകരിച്ച് ഊര്‍ജ സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. 16 വാര്‍ഡുകളിലേയും അയല്‍സഭകള്‍ 10 അംഗങ്ങളുള്ള ഊര്‍ജ സമിതിക്ക് രൂപം നല്‍കുകയും എന്‍എസ്എസ് വളണ്ടിയര്‍മാരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടെ ബോധവല്‍ക്കരണം നടത്തുകയുമായിരുന്നു.
117 അയല്‍സഭകളിലെ മുഴുവന്‍ കുടുംബങ്ങളേയും ഉള്‍പ്പെടുത്തി യോഗം വിളിക്കുകയും ഇലക്ട്രിസിറ്റി ബില്ലുകളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതോടെ പഞ്ചായത്തില്‍ ഫിലമിന്റ് ബള്‍ബുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി. ഓരോ അയല്‍സഭകളിലും ഓരോ വീട്ടിലെ ഉപകരണങ്ങളെ കുറിച്ചും ഉപയോഗക്രമത്തെ കുറിച്ചും ദുരുപയോഗത്തെ കുറിച്ചും വിശദമായ ചര്‍ച്ച നടത്തി.
പഞ്ചായത്തിലെ ആകെയുള്ള 6300 വീടുകളില്‍ 6116 വീടുകളിലും 285 കടകളിലും 166 പവര്‍ ഹൗസുകളെ കുറിച്ചും വ്യക്തമായ വിവരം ശേഖരിച്ചു. ആദ്യഘട്ട കണക്കെടുപ്പ് നടത്തുമ്പോള്‍ പഞ്ചായത്ത് 7211 ഫിലമിന്റ് ബള്‍ബുകളും 26,843 ട്യൂബുകളും 70 ബയോഗ്യാസ് പ്ലാന്റുകളുമാണ് ഉണ്ടായത്. 75 പൊതുസ്ഥാപനങ്ങളില്‍ 49 ഫിലമിന്റ് ബള്‍ബുകളും 229 സിഎഫ്എലുമാണ് ഉണ്ടായിരുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും വൈദ്യുതി ഉപഭോഗം കുറക്കുന്നതിന് ചൂടാറാപെട്ടികള്‍ നല്‍കുകയും സിഎഫ്എല്‍ ബള്‍ബ് വിതരണം നടത്തുകയും ചെയ്തു.
ഊര്‍ജ ഉപഭോഗം കൂടുന്ന വൈകുന്നേരങ്ങള്‍ ഫ്രിഡ്ജ് ഓഫാക്കാനും തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ആയിരം വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. ഇന്റക്ഷന്‍ കുക്കര്‍ രഹിത പഞ്ചായത്താക്കി മാറ്റി. 2000 വീടുകളിലും രണ്ട് സ്‌കൂളുകളിലും സോളാര്‍ വൈദ്യുതി ഉപയോഗിച്ചു.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് 165,000 എല്‍ഇഡി ബള്‍ബുകളാണ് വിതരണം ചെയ്തത്. ജനകീയ കൂട്ടായ്മയില്‍ പഞ്ചായത്തിലെ ഊര്‍ജ ഉപഭോഗം പരമാവധി കുറക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പഞ്ചായത്തിന് സ്റ്റേറ്റ് എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ചിറ്റൂര്‍ പഞ്ചായത്തില്‍ ഊര്‍ജയാനം പദ്ധതി ആരംഭിച്ചിരുന്നെങ്കിലും പൂര്‍ണ്ണ വിജയമായിരുന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss