|    Nov 19 Mon, 2018 11:20 am
FLASH NEWS

പിലാത്തറ-പാപ്പിനിശ്ശേരി റോഡ് നിര്‍മാണം അന്തിമഘട്ടത്തില്‍

Published : 19th August 2018 | Posted By: kasim kzm

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി അന്താരാഷ്ട്ര റോഡ് നിര്‍മാണം അന്തിമഘട്ടത്തില്‍. 21 കിലോമീറ്റര്‍ റോഡിന്റെയും മേല്‍പാലങ്ങളുടെയും പ്രവൃത്തി പൂര്‍ത്തിയായി. കേരളാ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്റ്റിന്റെ ഭാഗമായാണു പിലാത്തറ-പാപ്പിനിശ്ശേരി റോഡ് നിര്‍മിച്ചത്. 2013 ഏപ്രില്‍ 23നാണു പ്രവൃത്തി ആരംഭിച്ചത്. 118 കോടി രൂപയായിരുന്നു പദ്ധതി തുക. 24 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ പ്രവൃത്തി അനന്തമായി നീണ്ടുപോയി.
താവം, പാപ്പിനിശ്ശേരി എന്നിവിടങ്ങളില്‍ റെയില്‍വേ മേല്‍പാലവും രാമപുരത്ത് പുതിയ പാലവും നിര്‍മിക്കാന്‍ കാലതാമസം നേരിട്ടതാണ് പ്രവൃത്തി വൈകാന്‍ കാരണം. കൊച്ചിയിലെ ആര്‍ഡിഎസ് എന്ന കമ്പനിക്കായിരുന്നു നിര്‍മാണച്ചുമതല. പ്രവൃത്തി ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. ഓവുചാലിന്റെ പ്രവൃത്തിയും താവം റെയില്‍വേ മേല്‍പാലത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയാവുന്നതോടെ ഇതുവഴി വാഹനങ്ങള്‍ക്ക് കടന്നുപോവാം.
കണ്ണൂര്‍-പയ്യന്നൂര്‍ ദേശീയപാതയിലൂടെ കടന്നുപോവുന്ന വാഹനങ്ങള്‍ക്ക് 8 കിലോമിറ്റര്‍ ദൂരക്കുറവില്‍ ഇതുവഴി യാത്ര ചെയ്യാം. കയറ്റിറക്കങ്ങള്‍ ഇല്ലാത്തതും ദേശീയ പാതയേക്കാള്‍ റോഡ് വീതി കൂടുതലാണ് എന്നതും ഇതുവഴിയുള്ള യാത്ര സുഗമമാക്കും.
പ്രവൃത്തി നടക്കുന്ന സമയത്ത് ഡ്രൈവര്‍മാരുടെ അശ്രദ്ധയും നിര്‍മാണത്തിലെ അശാസ്ത്രീയതയും കാരണം 30ഓളം മനുഷ്യ ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്. കെഎസ്ടിപി റോഡില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചുവരുന്നുണ്ട്. ദേശീയ റോഡ് സുരക്ഷാ ഏജന്‍സി പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
ഇവരുടെ നിര്‍ദേശ പ്രകാരം നിരവധി സിഗ്‌നല്‍ സംവിധാനങ്ങള്‍ ഒരുക്കാനും സിസിടിവി സ്ഥാപിക്കാനും പദ്ധതിയുണ്ട്. റോഡ് പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ നാടിന്റെ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss