|    Oct 21 Sun, 2018 1:43 pm
FLASH NEWS

പിലാത്തറ -പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് ഡിസംബറില്‍ പൂര്‍ത്തീകരിക്കും

Published : 23rd September 2017 | Posted By: fsq

 

പഴയങ്ങാടി: ഉത്തരമലബാറിന്റെ ഗതാഗത വികസനത്തിന് ചിറകു നല്‍കുന്ന പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡ് പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. റോഡിന്റെയും താവം മേല്‍പാലത്തിന്റെയും നിര്‍മാണംഡിസംബര്‍ 30നകം പൂര്‍ത്തിയാക്കാന്‍ ടി വി രാജേഷ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. അനിശ്ചിതമായി നീണ്ടുപോവുന്ന സാഹചര്യത്തില്‍ സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടിയാവശ്യപ്പെട്ട് ടി വി രാജേഷ് എംഎല്‍എ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവരുടെ യോഗം കെഎസ്ടിപി ചീഫ് എന്‍ജിനീയര്‍ വിളിച്ചത്. പ്രവൃത്തി നടക്കുന്ന സ്ഥലങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരും എംഎല്‍എയും സന്ദര്‍ശിച്ചു. തുടര്‍ന്ന് മാടായി പഞ്ചായത്തില്‍ അവലോകന യോഗം ചേര്‍ന്നു. പ്രവൃത്തികള്‍ നീളുന്നതില്‍ ജനങ്ങള്‍ക്കുള്ള പ്രയാസങ്ങള്‍ സംബന്ധിച്ച ആശങ്ക എംഎല്‍എ അവതരിപ്പിച്ചു. താവം റെയില്‍വേ മേല്‍പാലത്തിന്റെ പ്രവൃത്തി ഇരുഭാഗത്തും കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ച് ഒരേസമയം പൂര്‍ത്തിയാക്കാനും അപ്രോച്ച് റോഡ് നിര്‍മാണം ആരംഭിക്കാനും തീരുമാനമായി. താവം-പള്ളിക്കര റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇത് നവംബറില്‍ തുറന്നുകൊടുക്കും. ബൈപാസ് റോഡായി ഉപയോഗിച്ചുവരുന്ന താവം പബ്ലിക് ലൈബ്രറി റോഡ് പുനരുദ്ധീകരിക്കാന്‍ 27 ലക്ഷം രൂപയുടെ പദ്ധതിക്ക് ഉടന്‍ അംഗീകാരം നല്‍കി പ്രവൃത്തി ആരംഭിക്കണമെന്ന് എംഎല്‍എ  നിര്‍ദേശം നല്‍കി. രാമപുരം പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും കെഎസ്ടിപിയുടെ ശേഷിക്കുന്ന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭാസ്‌കരന്‍പീടിക മുതല്‍ രാമപുരം വരെ റോഡിന്റെ ഇരുവശവും സൗന്ദര്യവല്‍ക്കരിക്കാനും നിര്‍ദേശിച്ചു. കെഎസ്ടിപി റോഡുമായി ബന്ധപ്പെടുന്ന മുഴുവന്‍ റോഡുകളിലും ആവശ്യമായ ദൂരത്തില്‍ ടാറിങ് നടത്തും. നാലുമീറ്റര്‍ നീളത്തിലും രണ്ടര മീറ്റര്‍ വീതിയിലും ഒരടി ഉയരത്തിലും 37 ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കും. ഇതിനായി 17 ഇട്ടത്ത് സ്ഥലം ലഭ്യമായിട്ടുണ്ട്. ശേഷിക്കുന്ന പ്രദേശങ്ങളില്‍ സ്ഥലം കണ്ടെത്താന്‍ പഞ്ചായത്ത് പ്രസിഡന്റുമാരെ ചുമത്തപ്പെടുത്തി. അപകടസാധ്യതയുള്ള മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നിലും സുരക്ഷാ ഡിവൈഡറുകള്‍, സിഗ്‌നല്‍ സംവിധാനം,  മറ്റു സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും. മണ്ടൂര്‍ പള്ളി, ചെറുതാഴം പഞ്ചായത്ത് ജങ്ഷന്‍ എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണം നടത്തും. നപീലിക്കാംതടത്തില്‍ റോഡ് വീതികുറഞ്ഞ സ്ഥലത്ത് വീതികൂട്ടുന്നതിന്റെ ഭാഗമായി മരംമുറിക്കുന്നതിന് വനംവകുപ്പിന്റെ അനുമതി തേടും. 20.40 കിലോമീറ്റര്‍ റോഡില്‍ 15 കിലോമീറ്ററില്‍ ഓവുചാല്‍ പൂര്‍ത്തിയാക്കി. ശേഷിക്കുന്ന ഓവുചാല്‍ ഉടന്‍ പൂര്‍ത്തികരിക്കും. പ്രധാന കേന്ദ്രങ്ങളില്‍ സോളാര്‍ വിളക്കുകള്‍ ഉടന്‍ സ്ഥാപിക്കാനും തീരുമാനമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss