|    Dec 18 Tue, 2018 12:30 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പിറവം പള്ളിക്കേസ്: എന്തുകൊണ്ട് മറ്റിടങ്ങളിലെപ്പോലെ വിധി നടപ്പാക്കുന്നില്ല

Published : 29th November 2018 | Posted By: kasim kzm

കൊച്ചി: മലങ്കര സിറിയന്‍ ചര്‍ച്ചിലെ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള കേസിലെ സുപ്രിംകോടതി വിധി നടപ്പാക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വന്‍ പോലിസ് സന്നാഹമൊരുക്കിയും നിരോധനാജ്ഞ പ്രഖ്യാപിച്ചും ചില കേസുകളില്‍ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, പിറവം പള്ളിക്കേസില്‍ എന്തുകൊണ്ട് അതു ചെയ്യുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
സുപ്രിംകോടതി വിധിയുണ്ടായിട്ടും കോടതിക്കു പുറത്ത് സമാധാനപൂര്‍ണമായ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരും പോലിസും ശ്രമിക്കുന്നത് ഏതു നിയമാധികാരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ എന്തിനാണ് ഇരുവിഭാഗങ്ങളുടെയും സമ്മതം തേടുന്നത്. അതേസമയം, മറ്റു ചില സന്ദര്‍ഭങ്ങളില്‍ സുപ്രിംകോടതി വിധി കര്‍ശനമായി നടപ്പാക്കാന്‍ ധാരാളം പോലിസുകാരെ വിന്യസിക്കുകയും നിരോധനാജ്ഞ നടപ്പാക്കുകയും ചെയ്തിരിക്കുന്നു. 200-400 ആളുകള്‍ ഉള്‍പ്പെട്ട വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതും പോലിസ് നിസ്സഹായത പ്രകടിപ്പിക്കുന്നതും മനസ്സിലാക്കാനാവുന്നില്ലെന്നും ഇടക്കാല ഉത്തരവ് പറയുന്നു.
പിറവം സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചില്‍ പ്രാര്‍ഥന നടത്താന്‍ പോലിസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം വികാരി സമര്‍പ്പിച്ച ഹരജിയും എതിര്‍വിഭാഗത്തിന്റെ ഹരജിയുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. പള്ളിഭരണം സംബന്ധിച്ച സുപ്രിംകോടതി വിധിക്കുശേഷവും ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
സുപ്രിംകോടതി വിധി പാലിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെങ്കിലും പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തവുമുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. വിധി നടപ്പാക്കിയാല്‍ രക്തച്ചൊരിച്ചിലും ആത്മഹത്യയും ജീവനാശവും ക്രമസമാധാനപ്രശ്‌നവും ഉണ്ടാവുമെന്നും സര്‍ക്കാര്‍ പറയുന്നു. അതിനാലാണ് കോടതിക്കു പുറത്തുള്ള രാഷ്ട്രീയ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത്. ഈ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. കേസ് അടുത്തമാസം 11ന് വീണ്ടും പരിഗണിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss