|    Oct 22 Mon, 2018 7:44 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

പിറകോട്ടുവലിക്കുന്ന നീക്കങ്ങള്‍

Published : 31st December 2017 | Posted By: kasim kzm

പ്രതിനിധാനത്തിന്റെ    സാമൂഹികപാഠങ്ങള്‍- 2 – ഡോ. എം എം ഖാന്‍

ചാതുര്‍വര്‍ണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും ക്രൂരമായ ഭാവങ്ങളാണ് സമീപകാലത്ത് ഇന്ത്യയിലെമ്പാടും ദര്‍ശിക്കാന്‍ കഴിയുന്നത്. ദലിതുകളെയും പിന്നാക്കക്കാരെയും മതന്യൂനപക്ഷങ്ങളെയും തിരഞ്ഞുപിടിച്ച് നശിപ്പിച്ചുകൊണ്ടിരിക്കുന്നു. വംശീയ ഉന്മൂലനത്തിലേക്ക് മാറുന്ന തരത്തില്‍ വ്യാപകമായ അക്രമവും കൊലയും നടത്തിക്കൊണ്ടാണ് ഇന്ത്യന്‍ ഫാഷിസം മുന്നേറുന്നത്. നമുക്കറിയാം, ഇരയാക്കപ്പെടുന്ന ഈ വിഭാഗങ്ങള്‍ അധികാരത്തില്‍ ഗണ്യമാംവിധം പങ്കാളികളായിക്കൊണ്ടു മാത്രമേ ഈ നിലയ്ക്കു ശാശ്വത പരിഹാരം സാധിക്കുകയുള്ളൂവെന്നത്. ഇതുതന്നെയാണ് ഫാഷിസ്റ്റുകള്‍ ഏറ്റവുമധികം ഭയപ്പെടുന്നതും.കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ നിര്‍ണായകമായ ദിശാമാറ്റമാണ് മുകളില്‍ സൂചിപ്പിച്ച, തിരുവിതാംകൂറില്‍ നടന്ന പൗരസമത്വ പ്രക്ഷോഭം. 1918നും 22നും ഇടയ്ക്കു നടന്ന ഈ പ്രക്ഷോഭം ഇവിടെ സംഗതമാവുന്നത് ദേവസ്വം നിയമനങ്ങളില്‍ മുന്നാക്ക ജാതികള്‍ക്കു സംവരണം നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ്. സാമ്പത്തിക സംവരണത്തിന്റെ ചരിത്രവിരുദ്ധതയും അസാമൂഹികതയും ഇനിയും വിശദീകരിക്കേണ്ടതില്ല. ‘ആഭ്യന്തര അധിനിവേശ’ത്തിന്റെ അസഹനീയമായ കെടുതികളില്‍ കാലങ്ങളായി ഞെരിഞ്ഞമര്‍ന്നിരുന്ന ജാതിയിതര ഹിന്ദുക്കളും അഹിന്ദുക്കളും സംയുക്തമായി നടത്തിയ വലിയ ജനകീയ മുന്നേറ്റമായിരുന്നു പൗരസമത്വ പ്രക്ഷോഭം. ഒരു നൂറ്റാണ്ട് മുമ്പ് പ്രജകള്‍ എന്ന യാഥാര്‍ഥ്യത്തെ കര്‍ക്കശമായി ചോദ്യം ചെയ്യുകയും തല്‍സ്ഥാനത്ത് പരിഷ്‌കൃതവും സമഭാവനയില്‍ അധിഷ്ഠിതവുമായ ആധുനികമായ പൗരര്‍ എന്ന സങ്കല്‍പം മുന്നോട്ടുവയ്ക്കുകയും ചെയ്ത ഈ പ്രക്ഷോഭത്തിന്റെ അന്തസ്സത്തയ്ക്ക് അധികം സമാനതകള്‍ ആധുനിക ഇന്ത്യന്‍ സാമൂഹിക ചരിത്രത്തിലില്ല. പ്രത്യേകിച്ചും, ജാതിനിയമങ്ങള്‍ അതിന്റെ ഏറ്റവും കിരാതമായ രൂപത്തില്‍ പ്രവര്‍ത്തിച്ച ഒരു നാട്ടുരാജ്യമായ തിരുവിതാംകൂറില്‍ നിന്നും ഈ പ്രക്ഷോഭം ഉണ്ടായതിന്റെ വെളിച്ചത്തില്‍. അര്‍ഥവത്തായ ഒരു ജനാധിപത്യ സമൂഹത്തിന്റെ കാതല്‍ എന്നത്, അധികാരത്തില്‍ നിന്നു കാലങ്ങളായി അകറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് അതില്‍ പങ്കാളികളാവാന്‍ എത്രമാത്രം അവസരം ഉണ്ടാവുന്നു എന്നതിനെ ആശ്രയിച്ചാണ്. ഇതാണു ജനാധിപത്യത്തിന്റെയും പരിഷ്‌കൃതമായ സിവില്‍ സമൂഹത്തിന്റെയും നിലനില്‍പ്പിന്റെ മുന്നുപാധിയും അടിത്തറയും. ഈ സുപ്രധാന വസ്തുത അറിയാത്തവരല്ല ഇവിടത്തെ മാര്‍ക്‌സിസ്റ്റുകളും അവരാല്‍ നയിക്കപ്പെടുന്ന കേരള സര്‍ക്കാരും. അതുതന്നെയാണ് സംവരണകാര്യത്തില്‍ ഈ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ കൂടുതല്‍ അപകടകരമാക്കുന്നത്. പൗരസമത്വ പ്രക്ഷോഭത്തിന്റെ പല ആവശ്യങ്ങളില്‍ മുഖ്യമായത് റവന്യൂ വകുപ്പിനെ ദേവസ്വത്തില്‍ നിന്ന് വിഭജിച്ച് പ്രത്യേക വകുപ്പാക്കുക എന്നതാണ്. കാരണം, ദേവസ്വത്തിനുള്ളില്‍ വരുന്ന റവന്യൂ വകുപ്പില്‍ ജാതിയിതര ഹിന്ദുക്കള്‍ക്കോ അഹിന്ദുക്കള്‍ക്കോ ഒരുതരത്തിലുള്ള നിയമനവും സാധ്യമല്ല. ദേവസ്വം, ക്ഷേത്രകാര്യങ്ങളും അതിന്റെ ദൈനംദിന നിര്‍വഹണവും ആയതുകൊണ്ട്, ജാതിനിയമങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നതുകൊണ്ട് ജാതിയിതര ഹിന്ദുക്കള്‍ക്കോ അഹിന്ദുക്കള്‍ക്കോ പ്രവേശനം ചിന്തിക്കുക കൂടി സാധ്യമല്ല. അങ്ങനെ നൂറു ശതമാനവും സവര്‍ണ ഹിന്ദുക്കള്‍ നൂറ്റാണ്ടുകളായി കൈവശം വച്ചിരുന്ന ദേവസ്വം വകുപ്പില്‍ മാറ്റം വരുന്നത് പിന്നീട് വരുന്ന ജനകീയ സര്‍ക്കാരുകളുടെ നടപടികള്‍കൊണ്ടാണ്. അപ്പോഴും ജാതിയിതര ഹിന്ദുക്കളുടെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി വളരെ കുറവായിരുന്നു. പിണറായി സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനത്തിന്റെ ഫലം എന്താണ്? നൂറുവര്‍ഷം മുമ്പ് നിലനിന്നിരുന്ന ഒരു സാമൂഹിക സാഹചര്യത്തെ പുതിയ രീതിയില്‍ പുനപ്രതിഷ്ഠിക്കാന്‍ അവസരം ബോധപൂര്‍വം ഒരുക്കിക്കൊടുക്കുകയാണ്. ‘സാമ്പത്തിക പിന്നാക്കവസ്ഥ’യുടെ ഓമനപ്പേരില്‍ പഴയ കാലത്തെ പുതിയ രീതിയില്‍ ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. പ്രജകളെ പൗരരായി വികസിപ്പിച്ച ഈ പ്രക്ഷോഭത്തിന്റെ മറ്റൊരു പ്രാധാന്യം, ജാതിയിതര ഹിന്ദുക്കളും മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മിലുള്ള ഐക്യമായിരുന്നു. ഇതുതന്നെയാണ് ഫാഷിസ്റ്റുകള്‍ ഇന്നു നേരിടുന്ന വലിയ വെല്ലുവിളിയും. തങ്ങളുടെ ഫാഷിസ്റ്റ് അജണ്ടകള്‍ എളുപ്പത്തില്‍ നടപ്പാക്കാന്‍ അവര്‍ക്കു കഴിയാതെ വരുന്നതിന് കാരണം ഏതെങ്കിലും തരത്തില്‍ രൂപപ്പെടുന്ന ഈ ഐക്യം തന്നെയാണ്. അതുകൊണ്ടാണ് ജാതിയിതര ഹിന്ദുക്കളെ ഭിന്നിപ്പിച്ച് പരസ്പരം ശത്രുക്കളാക്കി നിര്‍ത്തുക എന്ന പ്രാഥമിക ദൗത്യം പൂര്‍ത്തീകരിക്കാന്‍ കിണഞ്ഞുശ്രമിക്കുന്നത്. അപ്പോള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള മതന്യൂനപക്ഷ പിന്നാക്ക ഐക്യം യാഥാര്‍ഥ്യമാവാതെ പോവുമെന്നും ഫാഷിസ്റ്റുകള്‍ തിരിച്ചറിയുന്നുണ്ട്. ജാതിയിതര ഹിന്ദുക്കളില്‍ പ്രധാന വിഭാഗമായ ഈഴവരും മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മിലുള്ള അര്‍ഥവത്തായ ഐക്യമുന്നണിയാണ് പൗരസമത്വ പ്രക്ഷോഭത്തില്‍ കണ്ടത്. നിശ്ചയമായും ജാതിയിതര ഹിന്ദുക്കളിലെ ഏറ്റവും ദുര്‍ബല ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം ശരിയായി യാഥാര്‍ഥ്യമാക്കാന്‍ പല കാരണം കൊണ്ടും ആ പ്രക്ഷോഭത്തിന് കഴിഞ്ഞിരുന്നില്ല എന്നത് അതിന്റെ വലിയ പോരായ്മ തന്നെയാണ്. അവരുടെ ആവശ്യങ്ങള്‍ പൗരസമത്വ പ്രക്ഷോഭത്തിന്റെ മുഖ്യ മുദ്രാവാക്യത്തില്‍ നിന്നു വ്യത്യസ്തമായി കുറേക്കൂടി പ്രാഥമികമായിരുന്നു. കൃഷിഭൂമിക്കും കിടപ്പാടത്തിനും മരണപ്പെട്ടാല്‍ മറവു ചെയ്യുന്നതിനുള്ള ഇടത്തിനും വേണ്ടിയുള്ള പ്രാഥമിക തലത്തിലുള്ള ആവശ്യവും സമരവുമാണ് അവര്‍ നടത്തിയിരുന്നത്. അന്നത്തെ നിയമനിര്‍മാണ സഭകളില്‍ ഈ ആവശ്യങ്ങള്‍ക്കായി അവര്‍ ഉന്നയിച്ച വാദങ്ങള്‍ കേരളീയ സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലെ ഈടുറ്റ അധ്യായങ്ങളാണ്. ഇന്നു പക്ഷേ, ഈ വിഭാഗങ്ങള്‍ കൂടി ഫാഷിസ്റ്റ് വിരുദ്ധ ചേരിയില്‍ അണിചേരാന്‍ തയ്യാറാകുന്നു എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇതുതന്നെയാണ് അധികാരം കുത്തകയാക്കി വച്ചിരിക്കുന്ന, വിഭവങ്ങളുടെ മേലും സമ്പത്തിനു മേലും ആധിപത്യം നേടിക്കഴിഞ്ഞവരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതും. പൗരസമത്വ പ്രക്ഷോഭത്തിലൂടെ രൂപപ്പെട്ട ഈ ഐക്യം നല്‍കുന്ന പാഠത്തിന്റെ മറ്റൊരു സവിശേഷത വര്‍ത്തമാന ഇന്ത്യന്‍ സാമൂഹിക, രാഷ്ട്രീയത്തില്‍ അത്യന്തം സംഗതമാണ്. പൗരന്‍മാരെ അപരരായി മുദ്രകുത്തുകയും തദനുസൃതമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിരുന്ന ആക്രമണോല്‍സുക സാംസ്‌കാരിക ദേശീയതക്കാര്‍ക്കേറ്റ വലിയ തിരിച്ചടിയായിരുന്നു അത്. ആരെയാണോ അപരരാക്കാന്‍ ഉദ്ദേശിച്ചത് അവരും ദുര്‍ബലരായ ജാതിയിതര ഹിന്ദുക്കളും തമ്മിലുണ്ടായ ഐക്യത്തിലൂടെ ആക്രമണോല്‍സുക ദേശീയവാദികളുടെ സ്വപ്‌നത്തിന് കേരളം നല്‍കിയത് പരാജയമാണ്. ദേശത്തെ ഭാവന ചെയ്യുന്നതിന് മതന്യൂനപക്ഷങ്ങളെ അന്യരാക്കുകയും ജാതിവിവേചനത്തെ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഹിന്ദുക്കളെ ഒന്നായി കല്‍പിച്ചെടുക്കുകയും ചെയ്യുന്ന പ്രക്രിയയുടെ സമ്പൂര്‍ണ തകര്‍ച്ചയും കൂടിയായിരുന്നു പൗരസമത്വ പ്രക്ഷോഭ സമരവും അതു നേടിയെടുത്ത ഭാഗിക വിജയവും. നിശ്ചയമായും കേരളത്തെ ഒരു നൂറ്റാണ്ട് പിറകോട്ടു കൊണ്ടുപോകുന്നതാവും പിണറായി സര്‍ക്കാര്‍ എടുത്തിരിക്കുന്ന ഈ പുതിയ തീരുമാനം. ഒടുവിലായി കഴിഞ്ഞ മന്ത്രിസഭാ തീരുമാനപ്രകാരം കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് 2018 ജനുവരി 1 മുതല്‍ നിലവില്‍ വരുകയാണ്. സംവരണ സമുദായങ്ങള്‍ക്കുള്ള പ്രത്യേക പരിരക്ഷയുടെ കാര്യത്തില്‍ വ്യക്തമായ ഒരു മാനദണ്ഡവും ആവിഷ്‌കരിക്കാതെയാണ് കേരളപ്പിറവിക്കു ശേഷമുള്ള സമഗ്രമായ ഒരു സിവില്‍ സര്‍വീസ് പരിഷ്‌കാരം വരുന്നത്. ഇതിന്‍മേലുള്ള സംവരണ സമുദായത്തിന്റെ ആശങ്കയും ആവശ്യങ്ങളും ഇതിനോടകം തന്നെ പ്രകടിപ്പിക്കപ്പെട്ടുകഴിഞ്ഞു. സംവരണത്തിന്റെ കാര്യത്തില്‍ ഈ സര്‍ക്കാര്‍ തുടരുന്ന നയങ്ങള്‍ അടിയന്തരമായി തിരുത്തണമെന്നാണ് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന അധഃസ്ഥിത-പിന്നാക്ക മതന്യൂനപക്ഷങ്ങള്‍ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം പുതിയ ധ്രുവീകരണങ്ങളിലേക്കും വമ്പിച്ച സാമൂഹിക കുഴപ്പങ്ങളിലേക്കും അതു വഴിവയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.                         ി(അവസാനിച്ചു.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss