|    Aug 16 Thu, 2018 9:00 pm

പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണം; സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ വഴിതടയല്‍ സമരം

Published : 3rd August 2018 | Posted By: kasim kzm

തൃശൂര്‍: കരുവാന്‍കാട് വിമലഗിരി പബ്ലിക് സ്‌കൂളിലെ പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമര സഹായസമിതിയുടെ നേതൃത്വത്തില്‍ വഴി തടയല്‍ സമരം സംഘടിപ്പിച്ചു. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി എത്തിയ സ്‌കൂള്‍ ബസ്സടക്കമുള്ള വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞു. പിന്നീട് പോലിസെത്തി സമരക്കാരെ കസ്റ്റഡിയിലെടുത്ത് ഗതാഗതം പുനസ്ഥാപിച്ചു.
എസിപി വികെരാജു, ഈസ്റ്റ് സിഐ കെസി സേതു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തെത്തിയിരുന്നു. സിപിഎം, സിഐടിയു പിന്തുണയോടെ കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്റ് സ്റ്റാഫ് യൂനിയന്‍ കെയുഎസ്ടിയുവിന്റെ നേതൃത്വത്തിലായിരുന്നു സമരം സംഘടിപ്പിച്ചത്.
സ്‌കൂളിലെ മൂന്ന് അധ്യാപികമാരെ മാനേജ്‌മെന്റ് അകാരണമായി പുറത്താക്കിയെന്ന് ആരോപിച്ച് കഴിഞ്ഞ 73 ദിവസമായി സ്‌കൂളിനു മുന്നില്‍ കെയുഎസ്ടിയുവിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടന്നുവരികയാണ്. ഇതുവരെയും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികളൊന്നും ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് വഴി തടയല്‍ സമരം നടത്തിയത്.
സമരത്തില്‍ പങ്കെടുത്ത സിപിഎം ജില്ലാ കമ്മിറ്റി അംഗം എംഎം അവറാച്ചന്‍, സിഐടിയു ജില്ലാകമ്മിറ്റി അംഗം കെആര്‍ രവി, കെയുഎസ് ടി യു ജില്ലാ സെക്രട്ടറി ടിശ്രീകുമാര്‍, മാടക്കത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി എസ് വിനയന്‍, വൈസ് പ്രസിഡന്റ് ഇന്ദിര മോഹന്‍ തുടങ്ങി നിരവധി പേരെ പോലിസ് കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്താണ് ഗതാഗതം സുഗമമാക്കിയത്. വഴി തടഞ്ഞുള്ള സമരം അനുവദിക്കില്ലെന്ന് പോലിസ് വ്യക്തമാക്കി. സ്‌കൂളിനു മുന്നില്‍ കൂടിനിന്ന രക്ഷിതാക്കളെ നീക്കുന്നതുമായി ബന്ധപ്പെട്ട് പോലിസും രക്ഷിതാക്കളും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടായി.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss