|    Oct 20 Sat, 2018 10:35 pm
FLASH NEWS

പിരിച്ചുവിടല്‍ ഭീഷണി: പ്രബേഷനലിലുള്ള 82 പേരെ സ്ഥിരപ്പെടുത്തില്ലെന്ന് മാനേജ്‌മെന്റ്

Published : 1st February 2018 | Posted By: kasim kzm

തൃശൂര്‍: കാത്തലിക്ക് സിറിയന്‍ ബാങ്കില്‍ കൂട്ടപിരിച്ചുവിടല്‍ ഭീഷണി. അസി. മാനേജര്‍ തസ്തികയില്‍ പ്രബേഷണലിലുള്ള 82 പേരെ സ്ഥിരപ്പെടുത്തില്ലെന്ന മാനേജുമെന്റ് നിലപാടിനെതിരെ ജീവനക്കാരും മറ്റ് സംഘടനകളും ശക്തമായ സമരത്തിലേക്ക് നീങ്ങുകയാണ്. ബാങ്കിനെ അനസ്യൂതം തകര്‍ച്ചയിലേക്ക് നയിക്കുന്ന നടപടികളാണ് ബാങ്കിന്റെ ഉന്നതരില്‍ നിന്നുമുണ്ടാകുന്നതെന്ന് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ മറ്റ് സംഘടനകളുമായി ചേര്‍ന്ന് സംയുക്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് ജീവനക്കാര്‍. പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങുന്നതിന്റെ ആദ്യപടിയായ സമരം ഫെബ്രുവരി മൂന്നിന് കേരളത്തിലെ ബാങ്കിന്റെ ഹെഡ് ഓഫീസിന് മുമ്പില്‍ തൃശൂരില്‍ നടക്കും. ഫെബ്രുവരി മൂന്നിന് രാവിലെ 10 മുതല്‍ ജീവനക്കാരും മറ്റ് ജനാധിപത്യ സംഘടനകളുടേയും നേതൃത്വത്തില്‍ കൂട്ടസത്യഗ്രഹം നടക്കും. രണ്ടുകൊലത്തെ പരിശീലനത്തിന് ശേഷം ബാങ്കില്‍ അസി. മാനേജരായി സ്ഥിര നിയമനം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് 82 പേരെയാണ് 2016 ജനുവരിയില്‍ കാത്തലിക്ക് സിറിയന്‍ ബാങ്ക് റിക്രൂട്ട് ചെയ്തത്. പരിശീലന കാലയളവില്‍ പ്രതിമാസം 20, 000 രൂപയാണ് വേതനം നല്‍കിയിരുന്നത്. ഒരാഴ്ചത്തേ പരിശീലനത്തിന് ചെലവായ തുക 45000 രൂപ വീതം ഓരോ ഉദ്യോഗാര്‍ഥിയില്‍ നിന്നും ബാങ്ക് ഈടാക്കിയിരുന്നു. ഇതിനുപുറമെ ഉദ്യോഗാര്‍ഥികളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബാങ്ക് കരസ്ഥമാക്കിവെച്ചു. മറ്റൊരു ബാങ്കിലും കേട്ടുകേള്‍വിയില്ലാത്ത രീതിയായിരുന്നു അതൊക്കേ. രണ്ട് വര്‍ഷത്തെ പ്രബേഷന്‍ കാലയളവില്‍ രാവിലെ മുതല്‍ വൈകീട്ട് 9 വരെ അടിമകളേപ്പോലെ ജോലി ചെയ്യിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ജീവനക്കാരെ ഉപയോഗപ്പെടുത്തി ഉപഭോക്താക്കളെ മന:പൂര്‍വം ആശയക്കുഴപ്പമുണ്ടാക്കുകയും പണം പിടുങ്ങി ലാഭമുണ്ടാക്കുന്ന ജോലികളും മാനേജുമെന്റ് ചെയ്യിച്ചു. ക്ലറിക്കല്‍ തസ്തികയില്‍ നിയമനം നടത്താതെ പ്രബേഷണലിലുള്ള ജനറല്‍ മാനേജര്‍മാരെക്കൊണ്ട് ബാങ്കിലെ സകല ജോലികളും ചെയ്യിപ്പിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഓരോരോ കാരണം ചൂണ്ടിക്കാട്ടി എല്ലാവര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസും പരിശീലനം നീട്ടുന്ന കത്തുകളും നല്‍കി വരികയാണ്. 82ല്‍ 21 പേര്‍ക്ക് പിരിച്ചുവിടല്‍ കത്ത് നല്‍കി. 30 പേരുടെ ട്രെയിനിംഗ് കാലാവധി അനിശ്ചിതകാലത്തേയ്ക്കും ബാക്കിയുള്ളവരുടേത് ഒരു വര്‍ഷത്തേയ്ക്കും നീട്ടിയതായി കാണിച്ചാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. 2 വര്‍ഷത്തെ പ്രബേഷനു ശേഷം 40, 500 രൂപ ശമ്പള സ്‌കെയിലില്‍ സ്ഥിരം ജോലി ഉത്തരവ് പ്രതീക്ഷിക്കുന്നവര്‍ക്കാണ് ഇടിത്തീപോലുള്ള കത്തുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തേയുള്ള പല ഉദ്യോഗങ്ങളും വേണ്ടെന്നുവെച്ച് കാത്തലിക്ക് സിറിയന്‍ ബാങ്കില്‍ ജോലി നേടിയവര്‍ പോലും ഇതിലുണ്ട്. ബാങ്ക് നല്‍കിയ വാഗ്ദാനം അനുസരിച്ച് ജീവിതം ആസൂത്രണം ചെയ്ത ഉദ്യോഗാര്‍ഥികളും അവരുടെ കൂടുംബാംഗങ്ങളും കാത്തലിക്ക് സിറിയന്‍ ബാങ്കിന്റെ ക്രൂരമായ നടപടിക്കെതിരെ അമര്‍ഷത്തിലാണ്. ബാങ്കിന്റെ മുമ്പില്‍ കുടില്‍കെട്ടി സമരം നയിക്കുന്നതു മുതല്‍ ആത്മഹത്യ ചെയ്യുന്നതുവരെ രക്ഷിതാക്കളുടെ യോഗത്തില്‍ ഉയര്‍ന്നുവന്നു. 97 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം പേറുന്ന ബാങ്കിന്റെ ഈ നടപടി നീചമായി പോയെന്ന് ബാങ്കിന്റെ ഉന്നത എക്‌സിക്യുട്ടീവുകള്‍ക്കിടയില്‍പോലും അഭിപ്രായമുയര്‍ന്നു. നിയമനകാര്യത്തില്‍ ബാങ്കുകളുടെ വിശസനീയതയും നാളിതുവരേയുള്ള കീഴ് വഴക്കങ്ങളും ലംഘിക്കുന്ന നടപടിയാണിതെന്ന് പരക്കേ ആക്ഷേപമുയരുന്നുണ്ട്. കാത്തലിക്ക് സിറിയന്‍ ബാങ്കിന്റെ എംഡിയായി ആന്ധ്രാ ബാങ്കില്‍ നിന്നുള്ള സി വി ആര്‍ രാജേന്ദ്രന്‍ ചുമതലയേറ്റനാള്‍ മുതല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിമുടി മാറിയിരിക്കയാണെന്ന് ജീവനക്കാരും ബാങ്ക് ജീവനക്കാരുടെ സംഘടനകളും ആരോപിക്കുന്നു. ഉന്നത താക്കോല്‍ സ്ഥാനങ്ങളിലെല്ലാം പുറമേ നിന്നുള്ളവരെ നിയമിച്ചു കഴിഞ്ഞു. 20 ജനറല്‍ മാനേജര്‍മാരേയാണ് ഇത്തരത്തില്‍ വന്‍തുക ശമ്പളം നല്‍കി നിയമിച്ചിട്ടുള്ളത്. അതേസമയം 426 ശാഖകളുള്ള ബാങ്കില്‍ സ്വീപ്പര്‍മാരുടെ എണ്ണം 38 ആണ്. പ്യൂണുകളാകട്ടേ 105 പേര്‍ മാത്രം. ബാങ്കിനകത്തേ അഴിമതിയും സ്വജനപക്ഷപാതവും സമീപകാലത്ത് അതിന്റെ പാരമ്യത്തിലെത്തിയിരിക്കയാണ്. വഴിവിട്ട വായ്പകള്‍ നല്‍കുന്നതും തുടര്‍ന്ന് അവ എഴുതിതള്ളുന്നതും മൂലം ബാങ്ക് കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷങ്ങളായി വന്‍ നഷ്ടത്തിലേക്കാണ് കുതിച്ചുപോകുന്നത്. ഉന്നത മേധാവികളുടെ കെടുകാര്യസ്ഥതമൂലമാണ് ബാങ്കിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നത്. ഒട്ടനവധി ശാഖകള്‍ അടച്ചുപൂട്ടി. സ്വന്തമായി സ്ഥലമുള്ള ശാഖകള്‍ വില്‍ക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും അണിയറയില്‍ സജീവമാണ്. തൃശൂര്‍ സ്വരാജ് റൗണ്ടിലെ പ്രധാന ശാഖയുടെ സ്ഥല കച്ചവടം ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. ബാങ്കിന്റെ ഹെഡാപ്പീസ് മുംബൈയിലേക്ക് മാറ്റാനും നീക്കം സജീവമാണ്. കാത്തലിക്ക് സിറിയന്‍ ബാങ്കിലെ സംഘടനകള്‍ ഇതിനെതിരെ മാനേജുമെന്റിനും മറ്റധികൃതര്‍ക്കും നിവേദനങ്ങള്‍ നല്‍കിയിട്ടും അനുകൂല തീരുമാനമുണ്ടായിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ എഐബിഒസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പി ആര്‍ ഷിമിത്ത്, ബിഇഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രന്‍, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്‍ സുരേഷ്, സംസ്ഥാന കമ്മിറ്റിയംഗം എ അജയന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss