|    Oct 20 Fri, 2017 9:02 am
FLASH NEWS

പിരിച്ചുവിടലിനെതിരേ ഭാരത് ആശുപത്രിയില്‍ വീണ്ടും നഴ്‌സുമാര്‍ സമരം ആരംഭിച്ചു

Published : 8th August 2017 | Posted By: fsq

 

കോട്ടയം: തൊഴില്‍ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്്തതിനെ തുടര്‍ന്ന് കോട്ടയം ഭാരത് ആശുപത്രിയില്‍ നിന്നു പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ വീണ്ടും സമരം ആരംഭിച്ചു. ഇന്നലെ രാവിലെ ഒമ്പതു മുതല്‍ ഒരു വിഭാഗം നഴ്‌സുമാരാണ് അനിശ്ചിതകാല സമരവുമായി രംഗത്തിറങ്ങിയത്. നേരത്തെ ആശുപത്രിയില്‍ നടന്ന പണിമുടക്കുമായി ബന്ധപ്പെട്ട് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ യൂനിറ്റ് ഖജാന്‍ജി ബിന്‍സി, കെ എസ് സൂര്യാമോള്‍, പി എ അനീഷ, രമ്യ, സബിത, ടിനു, നിഷ, നീതു, അനു എന്നിവരെയാണ് പുറത്താക്കിയത്. പ്രതികാര നടപടിയുടെ ഭാഗമായി പുറത്താക്കിയ നഴ്‌സുമാരെ തിരിച്ചെടുക്കുന്നതുവരെ സമരം തുടരുമെന്ന് യുഎന്‍എ ജില്ലാ പ്രസിഡന്റ്് സെബിന്‍ സി മാത്യു  പറഞ്ഞു. ജൂലൈ 14ന് മിന്നല്‍ പണിമുടക്ക് നടത്തിയതാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം. നഴ്‌സുമാരുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാന്‍ എത്തിയവരോട് നഴ്‌സിങ് സൂപ്രണ്ട് മോശമായി പെരുമാറിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. മൂന്നു ദിവസം നീണ്ടു നിന്ന സമരത്തിനൊടുവില്‍ നഴ്‌സിങ് സൂപ്രണ്ട് പരസ്യമായി മാപ്പ് പറഞ്ഞതോടെ സമരം അവസാനിപ്പിച്ചു. തുടര്‍ന്ന് ജൂലൈ 19ന് ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ മാനേജ്‌മെന്റ്് പ്രതിനിധികളും നഴ്‌സുമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ നഴ്‌സുമാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ധാരണയായി. എന്നാല്‍, കരാര്‍ കാലാവധി കഴിഞ്ഞ നഴ്‌സുമാര്‍ക്ക് ജോലിയില്‍ നിന്ന് പിരിഞ്ഞുപോവേണ്ടിവന്നതാണെന്നും ഒരുവിഭാഗം മാത്രമാണ് സമരത്തിലുള്ളതെന്നുമാണ് അധികൃതരുടെ വിശദീകരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക