|    May 25 Thu, 2017 8:04 pm
FLASH NEWS

പിയര്‍ റോഡ് ക്ലീനാക്കി; ഒപ്പം പോര്‍ട്ട് ഓഫിസിനു വരുമാനവും

Published : 26th September 2016 | Posted By: SMR

തലശ്ശേരി: പോര്‍ട്ട് ഓഫിസിന്റെ ക്രിയാത്മക നടപടിയിലൂടെ പിയര്‍ റോഡ് ക്ലീനായി. അതോടൊപ്പം പോര്‍ട്ടിന് വരുമാനവും ലഭിച്ചു. തലശ്ശേരി കടല്‍പാലത്തിലേക്ക് ബ്രിട്ടീഷുകാര്‍ പണിത പിയര്‍റോഡിന് ഇരുവശവും നേരത്തേ മോട്ടോര്‍ വാഹനങ്ങളുടെ പൊളിച്ചുനീക്കിയ ഭാഗം കൂട്ടിയിട്ട് സഞ്ചാരം അസാധ്യമാക്കിയിരുന്നു. കട ല്‍പാലത്തിലേക്ക് കടക്കുന്ന ഭാഗവും പോര്‍ട്ട് ഓഫിസിന്റെ പരിസരം വരെ വാഹനങ്ങളുടെ അവശിഷ്ടങ്ങളുടെ കൂമ്പാരമായിരുന്നു. പൈതൃക നഗരിയായി തലശ്ശേരിയെ പ്രഖ്യാപിച്ചിട്ട് നാളുകള്‍ ഏറെയായെങ്കിലും ഇതൊന്നും നീക്കം ചെയ്യാന്‍ നഗരസഭാ അധികൃതര്‍ തുനിഞ്ഞില്ല. കൂട്ടിയിട്ട മോട്ടോര്‍ വാഹനങ്ങളുടെ അവശിഷ്ടം നീക്കം ചെയ്യാന്‍ പോര്‍ട്ട് അധികൃതര്‍ പോലിസിനോടും നഗരസഭയോടും പലതവണ അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് പോര്‍ട്ട് ഓഫിസ് തന്നെ പുതിയ പരിപാടിയുമായി രംഗത്തെത്തുകയായിരുന്നു. പോര്‍ട്ട് ഓഫിസിന്റെ സമീപഭാഗത്തും കടല്‍പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുമായ സ്ഥലം പോര്‍ട്ട് അധികൃതര്‍ ഒരു വര്‍ഷത്തേക്ക് സ്വകാര്യ വ്യക്തികള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ കൂട്ടിയിട്ട മോട്ടോര്‍ വാഹന അവശിഷ്ടം സ്വന്തം ചെലവില്‍ അവിടെ നിന്ന് എടുത്ത് മാറ്റണമെന്നാണ് നിബന്ധന വച്ചത്. ഇതോടെ സ്ഥലം വാടകയ്‌ക്കെടുത്തവര്‍ റോഡ് പരിസരം വാഹന അവശിഷ്ടങ്ങള്‍ എടുത്തുമാറ്റി ശുചീകരിച്ചു. ഒരു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ഒരു യൂനിറ്റ് ഭൂമിക്ക് പ്രതിമാസം 90 രൂപയാണ് പോര്‍ട്ട് അധികൃതര്‍ക്ക് സ്ഥലം കൈവശം വക്കുന്നവര്‍ നല്‍കേണ്ടത്. വര്‍ഷാവര്‍ഷം ലൈസന്‍സ് പുതുക്കുകയും വേണം. ഇപ്പോള്‍ അനുവദിച്ച ഭൂമിയുടെ വാടകയായി പ്രതിമാസം 30000 രൂപ വരെ പോര്‍ട്ടിന് ലഭിക്കുമെന്നാണ് ഏകദേശ സൂചന. പൊളിച്ചിട്ട മോട്ടോര്‍വാഹനങ്ങളുടെ അവശിഷ്ടം സൂക്ഷിക്കുന്നതിന് ഇതുവരെ നഗരസഭയ്‌ക്കോ പോര്‍ട്ടിനോ ഒരു രൂപപോലും ലഭിച്ചിരുന്നില്ല. മാത്രവുമല്ല, വൈകുന്നേരമായാല്‍ പ്രദേശം സാമൂഹികവിരുദ്ധരുടെ കേന്ദ്രവുമാണ്. രാത്രികാലങ്ങളില്‍ നഗരത്തിലെ മിക്കവാറും മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്നതും ഇതേ കടപ്പുറത്ത് തന്നെയാണ്. പുതിയ താല്‍ക്കാലിക കെട്ടിടങ്ങള്‍വരുന്നതോടെ വൈകുന്നേരങ്ങളില്‍ കടപ്പുറത്തെത്തുന്നവര്‍ക്ക് ചായ, ശീതള പാനീയങ്ങള്‍ എന്നിവ ലഭ്യമാക്കാനുള്ള കേന്ദ്രം തുടങ്ങാനാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day