|    Jan 24 Tue, 2017 5:04 pm
FLASH NEWS

പിബി നിര്‍ദേശം തള്ളി ബംഗാള്‍ ഘടകം; കോണ്‍ഗ്രസ്സുമായി സഹകരണം തുടരും

Published : 12th July 2016 | Posted By: SMR

ന്യൂഡല്‍ഹി: തൃണമൂല്‍ കോ ണ്‍ഗ്രസ്സിനെയും ബിജെപിയെയും എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സുമായി സഹകരിച്ച് മുന്നോട്ടുപോവാന്‍ സിപിഎം പശ്ചിമബംഗാള്‍ ഘടകം തീരുമാനിച്ചു. ഇതിനെതിരായ പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശം തള്ളിയാണ് ബംഗാള്‍ ഘടകത്തിന്റെ നടപടി. കോണ്‍ഗ്രസ്സിനെ കൈവിടാനാവില്ലെന്നും വേണമെങ്കില്‍ പോളിറ്റ് ബ്യൂറോയ്ക്ക് സംസ്ഥാന കമ്മിറ്റിയുമായി വേര്‍പിരിയാമെന്നും സിപിഎം ബംഗാള്‍ ഘടകം മുന്നറിയിപ്പു നല്‍കി.
കോണ്‍ഗ്രസ്സുമായുള്ള തിരഞ്ഞെടുപ്പ് സഖ്യം തെറ്റായെന്ന് പിബി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും അംഗീകരിക്കാന്‍ തയ്യാറാവാതെയാണ് ബംഗാള്‍ ഘടകം കടുത്ത നിലപാട് തുടരുന്നത്. വിഷയം ചര്‍ച്ചചെയ്യാന്‍ സപ്തംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ രണ്ടുവരെ നീളുന്ന പാര്‍ട്ടി പ്ലീനം വിളിച്ചുചേര്‍ക്കാനും തീരുമാനമായി. വിവാദം ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന കേന്ദ്ര നേതാക്കള്‍ക്ക് ബംഗാള്‍ ഘടകത്തിന്റെ കടുംപിടുത്തം തലവേദനയായി തുടരുകയാണ്. പ്രധാന പിബി അംഗങ്ങള്‍ പങ്കെടുത്ത സംസ്ഥാന സമിതി സെക്രട്ടേറിയറ്റ് യോഗങ്ങളിലും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളിയതോടെ ചരിത്രത്തിലെ തന്നെ അസാധാരണ പ്രതിസന്ധിയാണ് പാര്‍ട്ടി അഭിമുഖീകരിക്കുന്നത്.
കേന്ദ്രനേതൃത്വത്തിന്റെ ബലഹീനതയെ ആവോളം പരിഹസിച്ചാണ് ബംഗാള്‍ ഘടകം പിബി തീരുമാനത്തെ തള്ളിയത്. സിപിഎമ്മിന് ശക്തി അവശേഷിക്കുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നായ ബംഗാള്‍ ഘടകത്തെ തള്ളാന്‍ പിബിക്ക് സാധിക്കില്ലെന്ന തിരിച്ചറിവാണ് സംസ്ഥാന നേതൃത്വത്തിന്റെ കടുംപിടുത്തത്തിന് കാരണം. അതേസമയം, സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ മുട്ടുമടക്കിയാല്‍ പിന്നെ പിബി സംവിധാനത്തിന് ഒരു വിലയുമില്ലാത്ത നിലവരുമെന്ന് കേന്ദ്ര നേതാക്കളും ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പ്ലീനത്തിലൂടെ പ്രശ്‌നത്തിന് മറുമരുന്ന് തേടാമെന്ന നിര്‍ദേശമുണ്ടായത്.
കഴിഞ്ഞദിവസം സമാപിച്ച സംസ്ഥാന നേതൃയോഗത്തില്‍ ബംഗാളിലെ എല്ലാ നേതാക്കളും തിരഞ്ഞെടുപ്പു സഖ്യത്തെ വിമര്‍ശിക്കുന്ന കേന്ദ്രകമ്മിറ്റി രേഖയെ തള്ളിപ്പറഞ്ഞു. മൂന്നോ നാലോ പേര്‍ മാത്രമാണ് കോണ്‍ഗ്രസ് ബന്ധം തുടരുന്നതിനെ എതിര്‍ത്തത്. കോണ്‍ഗ്രസ്സുമായി യാതൊരു സഹകരണവും പാടില്ലെന്ന കേന്ദ്ര കമ്മിറ്റി തീരുമാനം പൂര്‍ണമായി അംഗീകരിക്കാന്‍ സംസ്ഥാന ഘടകം തയ്യാറായില്ല. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മണിക് സര്‍ക്കാര്‍, എം എ ബേബി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്.
പശ്ചിമബംഗാളിലെ അസാധാരണ സാഹചര്യം തിരിച്ചറിയാതെ ഏകപക്ഷീയമായാണ് കേന്ദ്രകമ്മിറ്റി തീരുമാനമെന്ന വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. കേരളത്തില്‍ വി എസ് അച്യുതാനന്ദനും പിണറായി വിജയനും പരസ്യമായി ചേരിതിരിഞ്ഞ് പോരടിച്ചപ്പോള്‍ അതില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ കെല്‍പില്ലാതിരുന്ന നേതൃത്വമാണ് ഇപ്പോള്‍ കോ ണ്‍ഗ്രസ് സഹകരണത്തിന്റെ പേരില്‍ വിമര്‍ശനമായി വരുന്നതെന്നായിരുന്നു ഒരു വിമര്‍ശനം. ഡല്‍ഹിയിലിരിക്കുന്ന നേതാക്കള്‍ക്ക് സംസ്ഥാനത്തെ യഥാര്‍ഥ സാഹചര്യം അറിയില്ല. സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിക്കു പുറത്തേക്ക് വിട്ടതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു പിന്നില്‍ ഈ നേതാക്കളായിരുന്നെന്നും 2004ല്‍ യുപിഎയെ പിന്തുണച്ചതുള്‍പ്പെടെ ചൂണ്ടിക്കാട്ടി ഒരുവിഭാഗം വിമര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക