|    Sep 22 Sat, 2018 10:40 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പിബി കമ്മീഷന്‍ റിപോര്‍ട്ടിന്മേല്‍ കടുത്ത നടപടികള്‍ ഒഴിവാക്കി : വിഎസിനു താക്കീത്

Published : 9th January 2017 | Posted By: fsq

തിരുവനന്തപുരം: അച്ചടക്കലംഘനം നടത്തിയെന്ന പിബി കമ്മീഷന്‍ റിപോര്‍ട്ടിന്മേല്‍ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെതിരേ കടുത്ത നടപടികള്‍ ഒഴിവാക്കി സിപിഎം. പിബി കമ്മീഷന്‍ റിപോര്‍ട്ട് അംഗീകരിച്ച കേന്ദ്ര കമ്മിറ്റി, അച്ചടക്കലംഘനങ്ങളുടെ പേരില്‍ വിഎസിനു താക്കീതു നല്‍കാന്‍ തീരുമാനിച്ചു. പാര്‍ട്ടിയുടെ ശിക്ഷാനടപടികളില്‍ ഏറ്റവും ലഘുവായതാണ് താക്കീത്. അതേസമയം, സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന വിഎസിന്റെ ആവശ്യം തള്ളിയ സിസി, അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവായി ഉള്‍പ്പെടുത്തി. സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തു സംസാരിക്കാമെങ്കിലും വോട്ടവകാശം ഉണ്ടായിരിക്കില്ല. പ്രായാധിക്യവും പാര്‍ട്ടിചട്ടങ്ങളുമാണ് സെക്രട്ടേറിയറ്റില്‍ നിന്നൊഴിവാക്കാന്‍ കാരണമെന്ന് വിഎസിനെ കേന്ദ്രനേതൃത്വം അറിയിച്ചു. എന്നാല്‍, ബന്ധു നിയമന വിവാദത്തില്‍പ്പെട്ട ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരേ ഇപ്പോള്‍ നടപടിയെടുക്കേണ്ടെന്നാണ് കേന്ദ്ര കമ്മിറ്റി തീരുമാനം. വിഎസിനെ സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവാക്കാന്‍ തീരുമാനിച്ചതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തന്റെ ഘടകമേതാണെന്ന് വിഎസ് ചോദിച്ചപ്പോള്‍ സംസ്ഥാന സമിതിയെന്നാണ് അറിയിച്ചത്. നിലവില്‍ കേന്ദ്ര കമ്മിറ്റിയില്‍ വിഎസ് ക്ഷണിതാവാണ്. 80 വയസ്സു കഴിഞ്ഞെന്ന കാരണത്താലാണ് അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ ക്ഷണിതാവാക്കിയത്. മുതിര്‍ന്ന നേതാവെന്ന പരിഗണന നല്‍കിയാണ് താക്കീതു ചെയ്യാന്‍ തീരുമാനിച്ചത്. പാര്‍ട്ടിചട്ടങ്ങളും അച്ചടക്കവും പാലിച്ചു വിഎസ് മുന്നോട്ടുപോവണം. പാര്‍ട്ടി സ്ഥാപകനേതാവും വഴികാട്ടിയുമെന്ന പരിഗണനയും അദ്ദേഹത്തിനു നല്‍കി. വിഎസിന് എന്തെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കില്‍ തന്റെ ഘടകമായ സംസ്ഥാന കമ്മിറ്റിയില്‍ പറയാം. പുറത്തല്ല അഭിപ്രായം പറയേണ്ടത്. പുതിയ തലമുറയ്ക്ക് വഴി കാട്ടാന്‍ വിഎസ് ഇനിയും പാര്‍ട്ടിയില്‍ ഉണ്ടാവണമെന്നും യെച്ചൂരി പറഞ്ഞു. അതേസമയം, പ്രായപരിധിയുടെ പേരില്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ വിഎസിനെ സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവാക്കുന്നതിലുള്ള മാനദണ്ഡം എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് യെച്ചൂരി വ്യക്തമായ മറുപടി നല്‍കിയില്ല. കേന്ദ്ര കമ്മിറ്റി അംഗത്വത്തിനാണ് പ്രായപരിധി നിശ്ചയിച്ചതെന്നും ക്ഷണിതാവാകുന്നതിന് ബാധകമല്ലെന്നും സംസ്ഥാന കമ്മിറ്റിയിലേക്കു വിഎസിനെ ക്ഷണിക്കുന്നതില്‍ അപാകതയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസിന്റെ നടപടി അച്ചടക്കലംഘനമാണെന്ന് പിബി കമ്മീഷന്‍ നേരത്തേ വിലയിരുത്തിയിരുന്നു. ഇന്നലെ രാവിലെ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലെത്തിയ വിഎസ്, തന്നെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗമാക്കണമെന്ന് യെച്ചൂരിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി. യോഗസ്ഥലത്തുനിന്നു പുറത്തേക്കു പോയ വിഎസ് അരമണിക്കൂറിനകം തിരിച്ചെത്തിയപ്പോള്‍ പിബി കമ്മീഷന്‍ റിപോര്‍ട്ട് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ചുതുടങ്ങിയിരുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുകയും വിഭാഗീയതയ്ക്കു നേതൃത്വം നല്‍കുകയും ചെയ്ത വിഎസിന്റെ നിലപാട് ഗുരുതരമായ അച്ചടക്കലംഘനമാണെന്നായിരുന്നു റിപോര്‍ട്ട്. യോഗത്തിനു ശേഷം വസതിയിലേക്കു മടങ്ങിയെത്തിയ വിഎസ്, കേന്ദ്ര കമ്മിറ്റിയില്‍ തൃപ്തികരവും ന്യായവുമായ തീരുമാനങ്ങളാണ് എടുത്തിരിക്കുന്നതെന്നു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താക്കീത് പാര്‍ട്ടി നടപടികളുടെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു. വിഎസിനു കൂടി ആശ്വാസം പകരുന്ന നിലപാടാണ് കേന്ദ്ര കമ്മിറ്റി സ്വീകരിച്ചത്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിനു ശേഷം പാര്‍ട്ടി നേതൃത്വത്തിനൊപ്പം നിലയുറപ്പിച്ചതും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വഹിച്ച പങ്കും പരിഗണിച്ചാണ് നടപടി ലഘൂകരിച്ചത്. കടുത്ത നടപടിയെടുത്താന്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ സ്വീകാര്യതയ്ക്ക് കോട്ടംതട്ടുമെന്ന വിലയിരുത്തലുമുണ്ടായി. അതേസമയം, ബന്ധുനിയമനം സംബന്ധിച്ച വിജിലന്‍സ് അന്വേഷണത്തെ ബാധിക്കും എന്നതിനാലാണ് ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരായ നടപടി ഒഴിവാക്കിയത്. ഇക്കാര്യത്തില്‍ റിപോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപോര്‍ട്ട് പരിഗണിച്ച് അടുത്ത കേന്ദ്ര കമ്മിറ്റിയിലാവും വിഷയം പരിഗണിക്കുക. എന്നാല്‍, ഇരുവരുടെയും പ്രവൃത്തി പാര്‍ട്ടിക്കു യോജിച്ചതല്ലെന്നും ബന്ധുനിയമനവും സ്വജനപക്ഷപാതവും അംഗീകരിക്കില്ലെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം എം മണിക്കെതിരായ ആരോപണങ്ങള്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,  ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരായ നടപടി ഒഴിവാക്കിയെങ്കിലും ഇരുവര്‍ക്കുമെതിരായ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ നടപടിയുണ്ടായേക്കും. ഇരുവരുടെയും പ്രവൃത്തികള്‍ പാര്‍ട്ടിക്ക് യോജിച്ചതല്ലെന്ന സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ ഇതിലേക്കുള്ള സൂചനയാണ് നല്‍കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss