|    Feb 22 Wed, 2017 8:54 pm
FLASH NEWS

പിബി കമ്മീഷന്‍ റിപോര്‍ട്ട്: വിഎസിനെതിരായ നടപടി കേന്ദ്രകമ്മിറ്റി തീരുമാനിക്കും

Published : 16th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വിഎസ് അച്യുതാനന്ദനെതിരായ പരാതികള്‍ അന്വേഷിച്ച പിബി കമ്മീഷന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തു നടപടി സ്വീകരിക്കണമെന്നത് ജനുവരി നാലിന് തിരുവനന്തപുരത്ത് ചേരുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിക്കും. ഇന്നലെ ചേര്‍ന്ന പോളിറ്റ്ബ്യൂറോയില്‍ ഇക്കാര്യം ചര്‍ച്ചചെയ്‌തെങ്കിലും തീരുമാനത്തിലെത്തിയില്ല.
ജനുവരി അഞ്ചിനു നടക്കുന്ന അടുത്ത പിബി യോഗത്തിലും ഇക്കാര്യം ചര്‍ച്ചചെയ്യാനും നടപടിയുമായി ബന്ധപ്പെട്ട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. തുടര്‍ന്ന് നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗമാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍ എന്നിവര്‍ക്കെതിരേയുള്ള നടപടിയും തിരുവനന്തപുരത്ത് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം തീരുമാനിക്കും. ഇക്കാര്യങ്ങളും ഇന്നലെ ചേര്‍ന്ന പിബി യോഗം ചര്‍ച്ചചെയ്തിരുന്നില്ല.
ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും നടപടികളും മുതല്‍ ആലപ്പുഴ പാര്‍ട്ടി സമ്മേളന വേദിയില്‍നിന്ന് ഇറങ്ങിപ്പോയതു വരെയുള്ള വിഎസിന്റെ ഭാഗത്തുനിന്നുണ്ടായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് പിബി കമ്മീഷന്‍ അന്വേഷിച്ചത്. സംസ്ഥാന ഘടകത്തിലെ ഔദ്യോഗികപക്ഷം നല്‍കിയ പരാതികള്‍ വര്‍ഷങ്ങളായി കമ്മീഷന്‍ അന്വേഷിക്കുകയാണെങ്കിലും വിഎസിനെതിരായ നടപടി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയില്‍ തീരുമാനമെടുക്കാതിരിക്കുകയായിരുന്നു. വിഎസ് നിലവില്‍ പാര്‍ട്ടിയോട് വിധേയനായി അച്ചടക്കം പാലിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയെടുത്ത് പ്രകോപിപ്പിക്കേണ്ടതില്ലെന്ന പൊതുതീരുമാനമായിരുന്നു കേന്ദ്രനേതൃത്വത്തിന് ഉണ്ടായിരുന്നതെങ്കിലും ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഏകാഭിപ്രായത്തിലെത്താന്‍ സാധിച്ചില്ല. വിഎസിനെതിരേ കുറ്റപത്രം തയ്യാറാക്കിയ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വിഎസിന് പാര്‍ട്ടിവിരുദ്ധ മനോഭാവമാണെന്ന് പരസ്യമായി പ്രതികരിച്ച ഇന്നത്തെ സെക്രട്ടറി കോടിയേരിയും ഇന്നലെ നടന്ന പിബി യോഗത്തില്‍ പങ്കെടുത്തിരുന്നു.
മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അധ്യക്ഷനായി രൂപീകരിച്ച കമ്മീഷനില്‍ ആറംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ നിരുപം സെന്‍ പ്രായാധിക്യംമൂലം പിന്മാറിയെങ്കിലും ഒഴിവു നികത്തിയില്ല.
ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പിന്നീട് സീതാറാം യെച്ചൂരി കമ്മീഷന്റെ അധ്യക്ഷപദത്തിലുമെത്തി. എങ്കിലും കാരാട്ടും എസ് രാമചന്ദ്രന്‍ പിള്ളയും ബി വി രാഘവുലും ഉള്‍പ്പെടെ വിഎസ് വിരുദ്ധ പക്ഷത്തിനായിരുന്നു കമ്മീഷനില്‍ മേല്‍ക്കൈ. യെച്ചൂരിയെ കൂടാതെ ബിമന്‍ ബസു മാത്രമാണ് വിഎസിനെ പിന്തുണയ്ക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഭരണത്തിലെത്താന്‍ ശക്തമായി പ്രവര്‍ത്തിച്ച വിഎസിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയിട്ടും പ്രകോപനം സൃഷ്ടിക്കാതെ അച്ചടക്കം പാലിച്ചു പ്രവര്‍ത്തിക്കുന്നത് കണക്കിലെടുത്ത് കടുത്ത നടപടിയിലൂടെ രംഗം വഷളാക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം ഇപ്പോഴുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക