|    May 29 Mon, 2017 12:22 am
FLASH NEWS

പിന്‍സീറ്റില്‍ ഭര്‍ത്താവുണ്ട്

Published : 18th October 2015 | Posted By: swapna en

 

randampathi

 

രണ്ടാം പാതി / ത്രിവേണി

 


വനിതാ സ്ഥാനാര്‍ഥികളുടെ ചിത്രത്തിന് പകരം ഭര്‍ത്താക്കന്മാരുടെ ചിത്രം നല്‍കി വോട്ടഭ്യര്‍ഥിക്കുന്നതാണ് തിരഞ്ഞെടുപ്പിലെ പുതിയ വിശേഷം


കേരളത്തിലെ മലയോര ജില്ലയിലെ ഒരു വാര്‍ഡ്. നേതാവ് സ്ഥാനാര്‍ഥിക്കുപ്പായവും തുന്നി കാത്തിരിക്കയാണ്. അപ്പോഴതാ ഇടിത്തീ പോലെ ആ വാര്‍ത്ത. നേതാവിന്റെ വാര്‍ഡ് വനിതാസംവരണമാക്കിയിരിക്കുന്നു. ഇനി എന്തു ചെയ്യും? തനിക്കു പകരം ഭാര്യയെ മല്‍സരിപ്പിക്കാമെന്നുവച്ചാലും ചെറിയ തടസ്സം. ഭാര്യയുമായി അത്ര സുഖത്തിലല്ല. പിണങ്ങിയതിനു ശേഷം അവള്‍ താമസം സ്വന്തം വീട്ടിലാണ്. പിന്നെ മറിച്ചൊന്നും ആലോചിച്ചില്ല. പിണങ്ങിനിന്ന ഭാര്യയെ അനുനയിപ്പിച്ച് കൊണ്ടുവന്നു. ഡൈവോഴ്‌സ് കേസും പിന്‍വലിച്ചു.

വനിതാവാര്‍ഡിലെ സ്ഥാനാര്‍ഥിയാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശത്തിലാണിപ്പോള്‍ ഭാര്യയും ഭര്‍ത്താവും. സോഷ്യല്‍ മീഡിയകളാണ് ഇത്തരം സ്ഥാനാര്‍ഥികള്‍ക്ക് വില്ലനായി മാറിയിരിക്കുന്നത്. സൂക്ഷ്മനിരീക്ഷണമുള്ള കണ്ണുകളും കാമറകളുള്ള മൊബൈലുകളും ഉള്ളതുകൊണ്ട് ലോകം മുഴുവന്‍ കുടുംബകാര്യങ്ങള്‍ വരെ അറിയുമെന്നായി അവസ്ഥ. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ സ്ഥാനാര്‍ഥികള്‍ക്കായി ഫഌക്‌സുകള്‍ പൊങ്ങുന്നത് സാധാരണയാണ്. എന്നാല്‍, ഈ ബോര്‍ഡുകളും വാര്‍ത്തയാവുകയാണിപ്പോള്‍. വനിതാ സ്ഥാനാര്‍ഥികളുടെ ചിത്രത്തിന് പകരം ഭര്‍ത്താക്കന്മാരുടെ ചിത്രം നല്‍കി വോട്ടഭ്യര്‍ഥിക്കുന്നതാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായത്.

മലപ്പുറം ജില്ലയിലെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയുടെയും എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളാണ് ഇത്തരത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. മലപ്പുറം മഞ്ചേരി മുനിസിപ്പല്‍ 16ാം വാര്‍ഡ് യു.ഡി.എഫ്. സ്ഥാനാര്‍ഥി സൗജത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഫഌക്‌സില്‍  സ്ഥാനാര്‍ഥിയുടെ പടത്തിനു പകരം ‘തലാപ്പില്‍ കുഞ്ഞാന്‍ ഭാര്യ സൗജത്തിന് വോട്ട് രേഖപ്പെടുത്തുക’ എന്നാണ്.

കൈവീശി അഭിവാദ്യം ചെയ്യുന്ന കുഞ്ഞാന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. സൗജത്തിന്റെ ഫഌക്‌സിന്റെ തൊട്ടടുത്തു തന്നെ എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ഫഌക്‌സുണ്ട്. ഇതിലും വനിതാ സ്ഥാനാര്‍ഥിയുടെ പടത്തിനു പകരം പുഞ്ചിരി തൂകി നില്‍ക്കുന്ന ഭര്‍ത്താവിന്റെ ചിത്രം. ‘വളപുരം 18ാം വാര്‍ഡ് സ്ഥാനാര്‍ഥി ജനകീയനായ മഠത്തില്‍ കുഞ്ഞിപ്പയുടെ ഭാര്യ മഠത്തില്‍ റജീനാ കുഞ്ഞിപ്പയെ വിജയിപ്പിക്കുക’ എന്നാണ് ബോര്‍ഡിലുള്ളത്.

ചിലയിടങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോയില്ലാതെ പേരും ചിഹ്നവും ഉള്‍പ്പെടുത്തിയാണ് ബാനറുകളും പോസ്റ്ററുകളും തയ്യാറാക്കിയിട്ടുള്ളത്. സ്ത്രീകളുടെ ചിത്രം പുറത്ത് പ്രദര്‍ശിപ്പിക്കാതിരിക്കാനാണ് ഭര്‍ത്താക്കന്‍മാര്‍ സ്വയം പ്രതിമകളാവുന്നതെന്നാണ് ഒരു വാദം. എന്നാല്‍, മറുപക്ഷത്ത് നിലവിലെ പഞ്ചായത്തംഗങ്ങളായ ഭര്‍ത്താക്കന്മാരുടെ പേരില്‍ വോട്ടു തേടുന്നു എ        ന്നതിലുപരി അതിലൊന്നുമില്ലെന്നും പറയപ്പെടുന്നു.

എന്തുതന്നെയായാലും   പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്റെ ചില പ്രതിഫലനങ്ങള്‍ മാത്രമാണിതെന്ന് വ്യക്തം. ഒപ്പം സ്ഥാനാര്‍ഥി, വനിതയാണെങ്കിലും ഭര്‍ത്താവിനെ കണ്ടാണ് വോട്ടര്‍മാര്‍ വോട്ട് നല്‍കുന്നതെന്ന ചിന്തയും. നാട്ടില്‍ വികസനവും സ്ത്രീശാക്തീകരണവുമൊക്കെ കൊള്ളാം, പക്ഷേ, സ്വന്തം ഭാര്യയൊഴികെയുള്ള സ്ത്രീകള്‍ മാത്രം പൊതുരംഗത്തേക്കിറങ്ങിയാല്‍ മതിയെന്ന വിശ്വാസം വച്ചു പുലര്‍ത്തുമ്പോള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനെ രാഷ്ട്രീയപ്രവര്‍ത്തകരായ ഭര്‍ത്താക്കന്‍മാര്‍ക്കു പോലും കഴിയൂ.

വനിതാസംവരണ വാര്‍ഡുകളില്‍ മല്‍സരിക്കുന്ന സ്ത്രീകളില്‍ ഭൂരിപക്ഷവും മുന്‍പരിചയമോ രാഷ്ട്രീയ പാരമ്പര്യമോ ഉള്ളവരല്ല. പിന്‍സീറ്റ് ഡ്രൈവിങ് ലക്ഷ്യം വച്ച് ഭര്‍ത്താക്കന്‍മാര്‍ മല്‍സരരംഗത്തേക്കിറക്കിയവരാണ് അധികവും. എന്നാല്‍, ഇത്തരക്കാരുടെ വരവിനെയും സ്വാഗതം ചെയ്യേണ്ടതു തന്നെയാണ്. നിര്‍ബന്ധിതാവസ്ഥയിലാണെങ്കിലും ഡ്രൈവിങ് സീറ്റില്‍ തന്നെ സ്ത്രീയെ       ഇരുത്തേണ്ടി വന്നിരിക്കയാണല്ലോ? അടുക്കളയില്‍നിന്ന് അകമ്പടിയോടെയാണെങ്കിലും പുറത്തേക്കാനയിക്കേണ്ടി വന്നിരിക്കുന്നു. പകല്‍ വെളിച്ചം കാണാനുള്ള അവസരവും അതോടെ കുറച്ചു സ്ത്രീകള്‍ക്കെങ്കിലും ലഭിക്കുമെന്നതും സ്വാഗതാര്‍ഹമാണ്.

പൊതുപ്രവര്‍ത്തനവും കുടുംബവും എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്. സ്ത്രീ പുരുഷ സമത്വത്തെപ്പറ്റി പറയുമ്പോഴും അത്രയും സമത്വമുള്ള സമൂഹത്തിലല്ല നമ്മള്‍ ജീവിക്കുന്നതെന്ന് വ്യക്തമാണ്.

സ്ത്രീ മറ്റേത് മേഖലയില്‍ പ്രവര്‍ത്തിച്ചാലും വീട്ടിലെ കാര്യങ്ങള്‍ അവള്‍ തന്നെ നിര്‍വഹിക്കണം എന്നൊരു അലിഖിത നിയമം ഇവിടെയുണ്ട്.നേരത്തേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വനിതാസംവരണം വന്നപ്പോള്‍ വലിയ തര്‍ക്കങ്ങളും വിവാദങ്ങളുമാണ് മുസ്‌ലിം ലീഗിനുള്ളിലടക്കമുണ്ടായത്. നിയമപരമായി വനിതാ സംവരണം പാലിക്കാതെ പറ്റില്ല എന്നതുകൊണ്ടു മാത്രം പഞ്ചായത്തുകളില്‍ സ്ത്രീകളെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടികള്‍ നിര്‍ബന്ധിതരാവുകയാണ്. എന്നാല്‍, നിയമസഭയിലേക്ക് വനിതാസംവരണം വന്നാലല്ലാതെ എത്ര വനിതാ എം.എല്‍.എമാര്‍ ഉണ്ടാവും? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതാ സംവരണം നടപ്പാക്കുന്നതിന് നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന നിയമസഭകള്‍ക്ക് അധികാരമുണ്ട്.

എന്നാല്‍, നിയമനിര്‍മാണ സഭകളിലെ സംവരണം തീരുമാനിക്കാന്‍ പാര്‍ലമെന്റിനു മാത്രമേ അധികാരമുള്ളൂ. നിയമനിര്‍മാണ സഭകളിലെ സംവരണം ദേശീയതലത്തില്‍ തര്‍ക്കത്തിലായതിനാല്‍ 2016ലും അത് നിയമമാകും എന്ന സൂചനയില്ല. അതുകൊണ്ടു തന്നെ തല്‍ക്കാലം ജില്ലാ പഞ്ചായത്ത് വരെ വനിതകള്‍ക്ക് ‘വെറുതെ’യെങ്കിലും ഡ്രൈവിങ്‌സീറ്റില്‍ ഇരിക്കാനാവുമല്ലോ എന്നാശ്വസിക്കാം.

 

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day