|    Dec 15 Fri, 2017 1:46 pm
Home   >  Editpage  >  Lead Article  >  

പിന്നോട്ടു നയിച്ച അഞ്ചുവര്‍ഷങ്ങള്‍

Published : 5th April 2016 | Posted By: SMR

കാനം രാജേന്ദ്രന്‍

കേരളം ഒരു നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. ഇടതുപക്ഷം കെട്ടിപ്പടുത്ത ജനപക്ഷ വികസനത്തിന്റെ നേട്ടങ്ങളെല്ലാം ഇന്നു കുഴിച്ചുമൂടപ്പെട്ടുകഴിഞ്ഞു. 2011 മുതല്‍ ബജറ്റ് പ്രഖ്യാപനങ്ങളെല്ലാം ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പദ്ധതികളുടെ ആവര്‍ത്തനമാണ്. വാഗ്ദാനലംഘനങ്ങളുടെ പെരുമഴയാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഉണ്ടായത്.
2011 മെയ് 12ന് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ സംസ്ഥാന ഖജനാവില്‍ എല്ലാ കുടിശ്ശികകളും കൊടുത്തുതീര്‍ത്ത് 1,473 കോടി രൂപ നീക്കിയിരിപ്പുണ്ടായിരുന്നു. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിനു മുമ്പ് മെയ് 15ാം തിയ്യതി വ്യാപാരികള്‍ ഒടുക്കിയ നികുതിയടക്കം ഏതാണ്ട് 3,000 കോടിയിലധികം രൂപ ഖജനാവില്‍ ഉണ്ടായിരുന്നു. ക്ഷേമ പെന്‍ഷന്‍, ജീവനക്കാരുടെ ക്ഷാമബത്ത, കരാറുകാരുടെ ബില്ലുകള്‍, മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ബാക്കിവച്ചുപോയ കര്‍ഷകരുടെ പലിശയിളവിനത്തിലെ 150 കോടി, മൂന്നു രൂപയ്ക്ക് അരി പദ്ധതിയുടെ 150 കോടി, കരാറുകാരുടെ കുടിശ്ശിക 1,200 കോടി തുടങ്ങിയവയെല്ലാം കൊടുത്തുതീര്‍ത്ത ശേഷമാണ് മേല്‍പ്പറഞ്ഞ മൂവായിരത്തിലധികം കോടി രൂപ ഖജനാവില്‍ മിച്ചം വച്ചുകൊണ്ട് 2011 മെയ് മാസത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. 2010-2011 വര്‍ഷത്തില്‍ കടമിതര വരവുകളുടെ വര്‍ധനയും മൊത്തം ചെലവിന്റെ വര്‍ധനയും തമ്മിലുള്ള അന്തരം പോസിറ്റീവായ വര്‍ഷമായിരുന്നു. (സിഎജി റിപോര്‍ട്ട് 2015).
ഇത്തരത്തില്‍ തികച്ചും ഭദ്രമായ ഒരു ഖജനാവുമായി ഭരണത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ സംസ്ഥാനത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നല്‍കിയ സംഭാവന എന്താണ്? ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തികബാധ്യത 2015 മാര്‍ച്ച് അവസാനത്തില്‍ 1,41,947 കോടിയാണ്. ഇതില്‍ 44.1 ശതമാനം കടം (42,362.01 കോടി രൂപ) അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്‌ക്കേണ്ടതുമാണ്. (സിഎജി റിപോര്‍ട്ട് 2015). ഇത്തരമൊരു കടക്കെണിയില്‍ ഈ സംസ്ഥാനം അകപ്പെട്ടതിന്റെ കാരണങ്ങളെന്താണ്? കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ യുഡിഎഫ് സര്‍ക്കാര്‍ വന്‍കിട വികസനപദ്ധതികള്‍ നടപ്പാക്കിയതിന്റെയോ ക്ഷേമപദ്ധതികള്‍ക്കായി കൈയയച്ച് ചെലവാക്കിയതിന്റെയോ ബാക്കിപത്രമാണോ ഈ കടക്കെണി? ഈ സംസ്ഥാനത്ത് കാര്യക്ഷമമായ നികുതിപിരിവും നികുതിയേതര ധനസമാഹരണവും നടന്നിട്ടുണ്ടോ? പദ്ധതിവിഹിതം കാര്യക്ഷമമായി ചെലവഴിക്കപ്പെട്ടിട്ടുണ്ടോ? പിന്നെയെങ്ങനെയാണ് ഒരു പുതിയ പദ്ധതിയും നടപ്പാക്കാതെ, ജീവനക്കാരുടെ ശമ്പളപരിഷ്‌കരണംപോലും മാറ്റിവച്ച ഒരു സര്‍ക്കാര്‍ ഈ സാമ്പത്തികദുരന്തത്തില്‍ ചെന്നുപെട്ടതെന്നു ചിന്തിക്കണം.
യുഡിഎഫ് സര്‍ക്കാര്‍ സാമ്പത്തിക മാനേജ്‌മെന്റില്‍ കാണിച്ച കെടുകാര്യസ്ഥത 2015ലെ സിഎജി റിപോര്‍ട്ട് തുറന്നുകാണിക്കുന്നു. 2010-2011ല്‍ കടമിതര വരവ് മൊത്തം ചെലവിന്റെ വര്‍ധനയേക്കാള്‍ 141 കോടി രൂപ അധികം വരുകയുണ്ടായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച ധനകാര്യ മാനേജ്‌മെന്റ് വഴിയാണ് ഇതു സാധിച്ചത്. എന്നാല്‍, യുഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷം 2011-12ല്‍ 5,084 കോടിയും 2012-13ല്‍ 2,187 കോടിയും 2013-14ല്‍ 1,942 കോടിയും 2014-15ല്‍ 1,698 കോടിയും ധനസമാഹരണത്തില്‍ കുറവുവന്നു. 2014-15ല്‍ ആകെ കടമെടുത്ത ഫണ്ട് 18,509 കോടിയായിരുന്നു. എങ്കിലും പലിശയും മുതലും തിരിച്ചുനല്‍കുന്നതിന് ഉപയോഗിച്ച ശേഷമുള്ള അറ്റലഭ്യത വെറും 5,365 കോടി മാത്രമായിരുന്നു. കടമെടുത്ത തുക ഉപയോഗിച്ച് റവന്യൂ കമ്മി നികത്തേണ്ട അവസ്ഥയും സംജാതമായി. ആകെ കടമെടുത്ത തുകയില്‍നിന്ന് 8,10 കോടി മാത്രമാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മിച്ചമുണ്ടായിരുന്നത്. 2014-15ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട സാമ്പത്തികബാധ്യതയുടെ 12.4 ശതമാനം മാത്രമാണ് വികസനത്തിനായി നീക്കിവയ്ക്കപ്പെട്ടത്. (സിഎജി റിപോര്‍ട്ട് 2015, പേജ് 40). യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാം വര്‍ഷത്തില്‍ റവന്യൂ കമ്മി 13,796 കോടിയിലും ധനകമ്മി 18,462 കോടിയിലും എത്തിനില്‍ക്കുന്നു.
എല്‍ഡിഎഫിന്റെ ഭരണകാലത്ത് ജനങ്ങളുടെമേല്‍ അധിക നികുതിബാധ്യതയൊന്നും അടിച്ചേല്‍പ്പിക്കുകയുണ്ടായില്ല. എന്നാല്‍, നികുതിപിരിവില്‍ കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും 2010-11ല്‍ കേരളത്തിലെ മൊത്തം റവന്യൂ വരവ് 30,990.95 കോടി രൂപയിലെത്തുകയും ചെയ്തു. വില്‍പന നികുതി വരുമാനം 15,833 കോടിയായിരുന്നു. യുഡിഎഫിന്റെ അഞ്ചു വര്‍ഷക്കാലയളവില്‍ ലക്ഷ്യമിട്ട നികുതിപിരിവില്‍ 30,000 കോടി രൂപയുടെ നികുതിചോര്‍ച്ചയുണ്ടായി. വന്‍കിടക്കാര്‍ക്ക് നികുതി കുടിശ്ശികയില്‍ വിവേചനമില്ലാതെ സ്റ്റേ നല്‍കുകയും ബാധ്യതകള്‍ എഴുതിത്തള്ളുകയും ചെയ്ത് സംസ്ഥാന ഖജനാവിനെ പാപ്പരാക്കുന്ന നയമാണ് ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. 13ാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡായി ലഭിച്ച ധനസഹായത്തില്‍ റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണി, ജലവിതരണമേഖലയുടെ പരിപാലനം, നീതിന്യായസേവനം മെച്ചപ്പെടുത്തല്‍ എന്നീ മേഖലകളില്‍ നിബന്ധനകള്‍ പാലിക്കാതിരുന്നതിനാല്‍ ഏതാണ്ട് 100 കോടി രൂപയുടെ കുറവുണ്ടായി. 699.26 കോടി രൂപ ചെലവഴിക്കാതെ തിരിച്ചടയ്ക്കുകയും ചെയ്തു.
സംസ്ഥാനത്തെ കാര്‍ഷിക വളര്‍ച്ചാനിരക്ക് 4.67 ശതമാനമായി കുറഞ്ഞിരിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ കാര്‍ഷികമേഖലയുടെ വിഹിതം 11.6 ശതമാനമായി കുറഞ്ഞു. നെല്ലുല്‍പാദനം 2014-15ല്‍ 5.62 ലക്ഷം ടണ്‍ ആയി കുറഞ്ഞു (-0.39 ശതമാനം). കാര്‍ഷികരംഗത്ത് കര്‍ഷകരെ കൃഷിയില്‍ തല്‍പ്പരരാക്കാന്‍ ഉതകുന്ന ആദായം ലഭ്യമാക്കാന്‍ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നെല്ല്, റബര്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച പദ്ധതികള്‍ വെറും ബജറ്റ് പ്രഖ്യാപനങ്ങളായി ഒതുങ്ങി. 50 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടെ കര്‍ഷക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ഓരോ കൃഷിഭവനു കീഴിലും അഞ്ച് പോളിഹൗസുകള്‍, 100 കോടി രൂപയുടെ പരിസ്ഥിതി സൗഹൃദ വ്യവസായ ഗ്രീന്‍ ഫിനാന്‍സ് പദ്ധതി ഇവയൊന്നും വെളിച്ചം കണ്ടില്ല. വെള്ളമുണ്ടയിലെ ശശിധരന്‍, തോണിച്ചാലിലെ ജോസ്, തിരുനെല്ലിയിലെ ചന്ദ്രന്‍ തുടങ്ങി അമ്പതിലേറെ കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് ഈ ഭരണകാലത്ത് ജീവിതം അവസാനിപ്പിച്ചു.
ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവുകള്‍ ഇറക്കിയതല്ലാതെ, കുടിശ്ശിക പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. നിലവിലുള്ള 34 ലക്ഷം ക്ഷേമപെന്‍ഷന്‍കാരുടെ ഒക്‌ടോബര്‍ മുതലുള്ള പെന്‍ഷന്‍ തുക കുടിശ്ശികയാണ്. 1,400 കോടിയിലധികമാണ് കുടിശ്ശിക. ക്ഷേമപെന്‍ഷന്‍കാരില്‍ 24 ലക്ഷം പേര്‍ നിരാലംബരായ സ്ത്രീകളാണ്. അവര്‍ക്ക് മരുന്നിനും ഭക്ഷണത്തിനും വകയില്ലാതായിരിക്കുന്നു. ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്നത് മനുഷ്യാവകാശലംഘനമാണെന്നും ക്ഷേമപെന്‍ഷനുകള്‍കൊണ്ടുമാത്രം ജീവിക്കുന്ന നിരവധിപേര്‍ സമൂഹത്തിലുണ്ടെന്ന് മറക്കരുതെന്നും ലോകായുക്തയുടെ ഉത്തരവില്‍ പറയാനിടയായിട്ട് അധിക ദിവസമായിട്ടില്ല. സാഫല്യം ഭവനനിര്‍മാണ പദ്ധതി, എല്ലാ ഭൂരഹിതര്‍ക്കും മിച്ചഭൂമി, രാജീവ് ആവാസ് യോജന, സായൂജ്യം ഭവനനിര്‍മാണ പദ്ധതി തുടങ്ങി അട്ടപ്പാടി ആദിവാസി അക്ഷയപാത്രം പദ്ധതി വരെ എല്ലാം കടലാസില്‍ മാത്രം ഒതുങ്ങി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ 2006-07 കാലത്ത് 140 കോടി, 2007-08ല്‍ 509 കോടി, 2008-09ല്‍ 446 കോടി, 2009-10ല്‍ 666 കോടി, 2010-11ല്‍ 344 കോടി എന്നിങ്ങനെ ലാഭത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ 2012-13, 2013-14 വര്‍ഷങ്ങളില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം യഥാക്രമം 147 കോടി, 422 കോടി എന്നിങ്ങനെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതാണ് നാം കണ്ടത്. 2014-15ലെ നഷ്ടക്കണക്കുകള്‍ ഇങ്ങനെ. 96 പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് 2,030.05 കോടി രൂപയാണ് നഷ്ടം വരുത്തിയത്. വൈദ്യുതിനിരക്ക് രണ്ടു തവണ കുത്തനെ വര്‍ധിപ്പിച്ചിട്ടും ആകെ നഷ്ടം 1522.95 കോടിയില്‍ എത്തിനില്‍ക്കുന്നു.
ഭരണം ആരംഭിച്ചതു മുതല്‍ തുടങ്ങി മന്ത്രിഭേദമില്ലാതെ നടത്തിയ അഴിമതിയുടെ കഥകള്‍ കൊച്ചു കുട്ടികള്‍ക്കുപോലും അറിയാവുന്നവയായതിനാല്‍ വിസ്തരിക്കുന്നില്ല. എങ്കിലും പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുമ്പു നടന്ന മന്ത്രിസഭാ യോഗത്തില്‍ അജണ്ടയ്ക്കു പുറത്ത് അറുനൂറിലധികം ഇനങ്ങളില്‍ തീരുമാനമെടുക്കുകയും കായലുകളും പുറമ്പോക്ക് ഭൂമിയും സര്‍ക്കാര്‍ഭൂമിയും ഒക്കെ അനധികൃതമായി വന്‍കിടക്കാര്‍ക്ക് പതിച്ചുനല്‍കുകയും ചെയ്യുന്നതാണ് നമ്മള്‍ കാണുന്നത്. സര്‍ക്കാരില്‍ നിക്ഷിപ്തമായ പീരുമേട്ടിലെ ഹോപ് പ്ലാന്റേഷനും ജയിലില്‍ കിടക്കുന്ന ഒരു വ്യാജ സിദ്ധന്റെ കൈയില്‍നിന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമിയും മറ്റും നിര്‍ലജ്ജം മടക്കിനല്‍കുന്നതാണ് ഈ ദിവസങ്ങളില്‍ നാം കാണുന്നത്. ഈയടുത്ത് ഒരു വാരികയുമായുള്ള അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് പ്രതിപക്ഷത്തിന് അദ്ദേഹത്തെ ഭയമാണെന്നാണ്. പ്രതിപക്ഷത്തിന് ഉമ്മന്‍ചാണ്ടിയെ ഒരു ഭയവുമില്ല. കേരളത്തിലെ ജനങ്ങള്‍ ഉമ്മന്‍ചാണ്ടിയെ ഭയക്കുന്നു. സംസ്ഥാനം മൊത്തമായി വിറ്റുതുലച്ച അഴിമതിഭരണം തിരിച്ചുവരുമോ എന്നാണ് അവരുടെ ഭയം. ഈ ഭരണം തിരിച്ചുവരരുതേ എന്ന് അവര്‍ ആഗ്രഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക