|    Nov 13 Tue, 2018 6:39 am
FLASH NEWS
Home   >  Editpage  >  Editorial  >  

പിന്നെയും ഹിന്ദുത്വര്‍ മുന്നോട്ട്

Published : 11th January 2017 | Posted By: fsq

 

തങ്ങള്‍ക്ക് അഹിതമായത് പറയുന്നവരെയും പ്രവര്‍ത്തിക്കുന്നവരെയും പാകിസ്താനിലേക്കു പറഞ്ഞയക്കാന്‍ കരാറെടുത്തിരിക്കുകയാണോ ബിജെപിക്കാര്‍? ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും മറ്റും എതിരായി ഉറഞ്ഞുതുള്ളുന്ന കാവിരാഷ്ട്രീയത്തിന്റെ വക്താക്കള്‍ വടക്കേ ഇന്ത്യയില്‍ ഒരുപടിയുണ്ട്. ഈ ഗോസായിക്കോമാളികളെ എന്നും പ്രതിരോധിച്ചുനിര്‍ത്തിയവരാണു മലയാളികള്‍. പക്ഷേ, കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെ, എന്നാലിനി നമുക്കും നോക്കാം ഒരു കൈ എന്ന മട്ടില്‍ അസഹിഷ്ണുതയും സ്പര്‍ധയും പരത്താന്‍ മുന്നോട്ടുവരുകയാണ് കേരളത്തിലെയും ഹിന്ദുത്വരാഷ്ട്രീയക്കാര്‍. ബിജെപി ഈ പണി ഏറ്റവും ഒടുവില്‍ ഏല്‍പിച്ചിട്ടുള്ളത് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെയാണ്. എം ടി വാസുദേവന്‍നായരെ ചീത്തവിളിച്ച് മതിവരാതെ കമലിനു നേരെയാണ് ഇപ്പോള്‍ രാധാകൃഷ്ണന്റെ ആക്രോശം. കമല്‍ നാടുവിടണമത്രേ. എംടിയെയും കമലിനെയും മാത്രമല്ല, ആഗോളപ്രശസ്ത വിപ്ലവകാരി ചെഗുവേരയെയും ആക്രമിക്കുന്നുണ്ട് ഈ നേതാവ്. ഇപ്പറഞ്ഞവരൊക്കെ ആരാണ് എന്നതിനെപ്പറ്റി ഒരുചുക്കും ടിയാന് അറിയില്ലെന്ന് ബിജെപി നേതാക്കള്‍ക്കുള്ള സാമാന്യവിവരം വച്ചു നോക്കി നമുക്ക് അനുമാനിക്കാവുന്നതേയുള്ളൂ. പക്ഷേ, ഒരുകാര്യം ഉറപ്പിക്കാം- കമലിനോട് ബിജെപിക്കാര്‍ക്കുള്ള വിപ്രതിപത്തി ദേശീയഗാനത്തെ അപമാനിച്ചതല്ല. ആള്‍ മുസ്‌ലിമാണ് എന്നതു മാത്രമാണ്. അല്ലെങ്കില്‍ ഹിന്ദുത്വരാഷ്ട്രീയക്കാര്‍ക്ക് എന്ത് ദേശസ്‌നേഹം? ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന് കുഴലൂത്ത് നടത്തുകയും സ്വാതന്ത്ര്യസമരഭടന്‍മാരെ ഒറ്റിക്കൊടുക്കുകയും ചെയ്ത പാരമ്പര്യമാണല്ലോ അവര്‍ക്കുള്ളത്. മാപ്പെഴുതി തടികഴിച്ചിലാക്കിയെടുത്തവരാണ് അവര്‍ ഭക്ത്യാദരപൂര്‍വം കൊണ്ടുനടക്കുന്ന സവര്‍ക്കറും വാജ്‌പേയിയുമെല്ലാം. കമല്‍ എന്ന കമാലുദ്ദീന്റെ മതാനുയായികളായ പഴയ ആളുകള്‍ സാമ്രാജ്യത്വശക്തികള്‍ക്കെതിരേ വിരിനെഞ്ചുകാട്ടി പൊരുതിയപ്പോള്‍, ചുമ്മാ നാമംചൊല്ലി കഴിഞ്ഞുകൂടിയവരാണ് പല ഹിന്ദുത്വസിദ്ധാന്തക്കാരും. ഇപ്പോള്‍ ദേശസ്‌നേഹം തങ്ങളുടെ കുത്തകയാണെന്ന് അവകാശപ്പെടുന്ന രാധാകൃഷ്ണന്റെയും ശശികലടീച്ചറുടെയും പാര്‍ട്ടിക്കാരില്‍പ്പെട്ട ഒരാളെങ്കിലും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ടോ? ഖദറുടുത്തിട്ടുണ്ടോ? ജയിലില്‍ പോയിട്ടുണ്ടോ? ഉപ്പ് കുറുക്കിയിട്ടുണ്ടോ?  എസ്ഡിപിഐ പോലെയുള്ള ‘തീവ്രവാദ’സംഘടനകളുമായി ബന്ധമുള്ള ആളാണുപോലും കമല്‍. എസ്ഡിപിഐ ഇന്ത്യാമഹാരാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒരു അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടിയാണ്. കമലിന് ഈ രാഷ്ട്രീയപ്പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ എന്താണു തെറ്റ്? കമലിനെ എസ്ഡിപിഐയുമായി ബന്ധപ്പെടുത്തുകയും അദ്ദേഹത്തിന് ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലെന്നു പറയുകയും ചെയ്യുമ്പോള്‍ ബിജെപി ധ്വനിപ്പിക്കുന്നത് തങ്ങള്‍ക്കിഷ്ടമില്ലാത്ത രാഷ്ട്രീയധാരകളെയൊന്നും ഈ നാട്ടില്‍ പൊറുപ്പിക്കുകയില്ല എന്നുതന്നെ. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളായ ജനാധിപത്യത്തെയും മതേതരത്വത്തെയും അതുവഴി നിരാകരിക്കുകയാണ് ബിജെപി. ഇങ്ങനെയൊരു പ്രസ്താവന നടത്തിയ ബിജെപി സംസ്ഥാന സെക്രട്ടറിക്കെതിരായി നിയമനടപടികള്‍ തീര്‍ച്ചയായും വേണം. ആരാണ് ഈ നേതാവ്? ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാറാവു നില്‍ക്കുന്ന ശിപായിയോ?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss