|    Nov 13 Tue, 2018 3:42 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പിന്നില്‍ അധികാരത്തിന്റെ രാഷ്ട്രീയം തന്നെ

Published : 17th October 2018 | Posted By: kasim kzm

ആള്‍ക്കൂട്ടക്കൊലയുടെ ഭീഷണി- 2,  രമേശന്‍

2015 സപ്തംബറില്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം അടുക്കളയില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഹിന്ദുത്വവാദികള്‍ നടത്തിയ ആള്‍ക്കൂട്ടക്കൊലയില്‍ 52കാരനായ മുഹമ്മദ് അഖ്‌ലാഖാണു കൊല്ലപ്പെട്ടത്. കൊലപാതകക്കേസില്‍ പ്രതിയായ രവി സിസോദിയ രോഗം ബാധിച്ച് ജയിലില്‍ മരണപ്പെട്ടപ്പോള്‍ അയാളുടെ ശവശരീരത്തില്‍ ദേശീയ പതാക പുതപ്പിക്കാനെത്തിയത് കേന്ദ്ര ടൂറിസം മന്ത്രിയായ മഹേഷ് ശര്‍മയായിരുന്നു. രാജ്യത്തിനുവേണ്ടി മരണപ്പെടുന്ന സൈനികര്‍ക്കും ദേശീയ നേതാക്കള്‍ക്കും മാത്രം ലഭ്യമാവുന്ന ആദരവ് കേന്ദ്രമന്ത്രി നല്‍കിയത് ആള്‍ക്കൂട്ടക്കൊലയിലെ കുറ്റവാളിക്കായിരുന്നു. ഹര്‍ഷ് മന്ദര്‍ പറയുന്നതുപോലെ ഇത്തരം ആള്‍ക്കൂട്ടക്കൊലകളിലേറെയും ‘വിദ്വേഷരാഷ്ട്രീയ’ത്തിന്റെ കൊലപാതകങ്ങളാണ്. അതുകൊണ്ടാണ് അവയിലേറെയും മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട ന്യൂനപക്ഷ സമുദായത്തിലോ ദലിത് വിഭാഗങ്ങളിലോ പെട്ടവര്‍ക്കെതിരായിരിക്കുന്നത്.
ഭരിക്കുന്ന കക്ഷിക്കു വേണ്ടി നടത്തപ്പെടുന്ന ഇത്തരം കൊലകളോട് പോലിസ് സ്വീകരിക്കുന്ന സമീപനവും കൊലപാതകികള്‍ക്ക് അനുകൂലമാണ്. ശിക്ഷിക്കപ്പെടില്ല എന്ന ബോധ്യത്തോടെ അക്രമങ്ങള്‍ നടത്താന്‍ അക്രമികള്‍ക്കാവുന്നത് പോലിസ് അനുകൂലിക്കുമെന്ന് അവര്‍ക്ക് ഉറപ്പുള്ളതുകൊണ്ടാണ്. അതുകൊണ്ടാണ് അക്രമങ്ങളുടെ വീഡിയോ ചിത്രങ്ങളെടുക്കാനും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനും അവര്‍ തയ്യാറാവുന്നത്. ‘ലൗ ജിഹാദി’ന്റെ വ്യാജമായ ആരോപണമുയര്‍ത്തി കുടിയേറ്റ തൊഴിലാളിയായ ഒരാളെ അടിച്ചുവീഴ്ത്തി തീയിട്ടുകൊല്ലുകയും ഈ അക്രമത്തിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത രാജസ്ഥാനിലെ രാജസ്മണ്ടിലെ പാതകിക്ക് വീരനായകന്റെ സ്ഥാനമാണ് ഹിന്ദുത്വവാദികള്‍ നല്‍കിയത്. കഴിഞ്ഞ ജൂലൈ 21ന് രാജസ്ഥാനിലെ തന്നെ ആല്‍വാറില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റുവീണ റക്ബര്‍ ഖാനെന്നയാളെ പോലിസ് ആശുപത്രിയിലെത്തിച്ചത് അവര്‍ തട്ടിയെടുത്തുവെന്ന് ആരോപിക്കപ്പെട്ട പശുക്കളെ സുരക്ഷിതകേന്ദ്രങ്ങളിലെത്തിക്കുകയും പരിക്കേറ്റയാളുടെ ശരീരത്തിലെ രക്തം കഴുകിക്കളയുകയുമൊക്കെ ചെയ്തതിനു ശേഷമായിരുന്നു. അതിനിടെ ഗുരുതരമായി പരിക്കേറ്റിരുന്നയാള്‍ മരണപ്പെട്ടു. പോലിസ് യഥാസമയം ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ രക്ഷപ്പെടുമായിരുന്ന ഒരാളാണു മരണമടഞ്ഞത്. ആള്‍ക്കൂട്ട അക്രമങ്ങളോട് പോലിസ് സ്വീകരിക്കുന്ന സമീപനങ്ങള്‍ ഇവിടെ കാണാം.
ഈ പശ്ചാത്തലത്തില്‍ ജൂലൈ 17ന് സുപ്രിംകോടതി നടത്തിയ വിധിപ്രസ്താവത്തിനോ അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണ്ടാക്കാനിരിക്കുന്ന ‘ആള്‍ക്കൂട്ടക്കൊല’ വിരുദ്ധ നിയമത്തിനോ പ്രായോഗികതലത്തില്‍ എന്തു മാറ്റങ്ങളാണ് ഉണ്ടാക്കാനാവുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. വര്‍ഗീയരാഷ്ട്രീയത്തെയും അതിന്റെ പ്രയോഗത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത ഹിംസാസംവിധാനങ്ങളെയും അതേപടി നിലനില്‍ക്കാന്‍ അനുവദിച്ചാല്‍ എത്ര നിയമങ്ങളുണ്ടാക്കിയാലും ആള്‍ക്കൂട്ടക്കൊലകളും അക്രമങ്ങളും അവസാനിക്കാന്‍ പോവുന്നില്ല. നികൃഷ്ടവും ഹിംസാത്മകവുമായ ഒരു രാഷ്ട്രീയം തന്നെയാണ് അതിനെ നയിക്കുന്നത്. മിക്കവാറും ആള്‍ക്കൂട്ടക്കൊലകളൊക്കെ ഈ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
അതുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ച അതേ ദിവസം തന്നെ വയോധികനും സര്‍വാദരണീയനും സന്ന്യാസിയുമായ സാമൂഹികപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനെ ജാര്‍ഖണ്ഡിലെ പാക്കൂരില്‍ വച്ച് ബിജെപിയുടെ യുവജന, വിദ്യാര്‍ഥി വിഭാഗങ്ങളില്‍പ്പെട്ടവര്‍ ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 365 കിലോമീറ്റര്‍ അകലെ ദരിദ്രരും നിസ്വരുമായ ആദിവാസികളുടെ ഒരു സമരത്തില്‍ പങ്കെടുക്കാനും അതിനു പിന്തുണ നല്‍കാനുമാണ് അഗ്‌നിവേശ് അവിടെയെത്തിയത്. ഏതു വിഷയത്തെപ്പറ്റിയും സംസാരിക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതിനുശേഷവും സംസാരിക്കാന്‍ തയ്യാറാവാതെ, ബിജെപിയുടെ യുവജനസംഘങ്ങള്‍ അദ്ദേഹത്തെ അടിച്ചുവീഴ്ത്തുകയും ചവിട്ടിമെതിക്കുകയും ചെയ്തു. തന്റെ വരവിനെ സംബന്ധിച്ച് പ്രധാനമന്ത്രിക്കും പോലിസ് സേനയ്ക്കും സ്വാമി നേരത്തേ വിവരം നല്‍കിയിരുന്നുവെങ്കിലും സ്വാമിയെ അക്രമത്തില്‍ നിന്നു രക്ഷിക്കാന്‍ അവരാരും എത്തിയില്ല. പാക്കൂരിനെപ്പോലെ വിദൂര പ്രദേശങ്ങളില്‍ വച്ചു മാത്രമല്ല, തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ പകല്‍വെളിച്ചത്തില്‍പ്പോലും സ്വാമി അഗ്നിവേശിനെ ആക്രമിക്കാനിറങ്ങിപ്പുറപ്പെട്ട ബിജെപി സംഘങ്ങളുണ്ട്. മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയപ്പോഴും ബിജെപിയുടെ സംഘം അഗ്നിവേശിനെ കടന്നാക്രമിക്കുകയുണ്ടായി. ജീവന്‍ നഷ്ടപ്പെട്ടില്ല എന്നതുകൊണ്ടുമാത്രം ഈ രണ്ടു കടന്നാക്രമണങ്ങളും ‘ആള്‍ക്കൂട്ട ഹിംസകള്‍’ അല്ലാതാവുന്നില്ല.
ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കു തടയിടാന്‍ കോടതി നിര്‍ദേശമോ പുതിയ നിയമനിര്‍മാണമോ പോരാ എന്നും അടിസ്ഥാനപരമായ രാഷ്ട്രീയ വിഷയം തന്നെയായിട്ടാണ് അതിനെ കാണേണ്ടതെന്നും നമ്മുടെ യാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആള്‍ക്കൂട്ടക്കൊലകളെപ്പറ്റിയും രാജ്യത്തിന്റെ സെക്കുലര്‍ ബഹുസ്വരഘടന അപകടത്തിലാവുന്നതിനെപ്പറ്റിയുമൊക്കെയുള്ള കോടതിയുടെ ഉല്‍ക്കണ്ഠ അത്രത്തോളം സ്വാഗതാര്‍ഹമായിരിക്കുമ്പോള്‍ തന്നെ ആള്‍ക്കൂട്ടക്കൊലകള്‍ക്കു പിന്നിലെ രാഷ്ട്രീയത്തെയും അധികാരവുമായി അതിനുള്ള ബന്ധത്തെയും ശരിയായി മനസ്സിലാക്കിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ നിലപാടിനു മാത്രമേ അതിനെ നിയന്ത്രിക്കാനാവൂ. ി

(അവസാനിച്ചു)

(കടപ്പാട്: കോമ്രേഡ്, 2018 സപ്തംബര്‍)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss