|    Nov 13 Tue, 2018 5:51 am
FLASH NEWS

പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായ വിതരണത്തില്‍ ക്രമക്കേട്

Published : 4th August 2018 | Posted By: kasim kzm

എടക്കര: പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായ വിതരണത്തില്‍ സ്‌കൂള്‍ അധികൃതര്‍ വ്യാപക ക്രമക്കേട് നടത്തിയതായി കണ്ടെത്തല്‍. ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതരാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും, ഗ്രാന്റ് വിതരണം ചെയ്യാതെയും വന്‍ തട്ടിപ്പ് നടത്തിയിട്ടുള്ളത്. പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എജ്യൂക്കേഷനല്‍ എയ്ഡ് എന്ന പേരില്‍ മുതല്‍ രണ്ടായിരം രൂപ വീതം അനുവദിക്കുന്നുണ്ട്. ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സഹായം നല്‍കുന്നത്. ഇപ്പോള്‍ നല്‍കിവരുന്ന ലംപ്‌സം ഗ്രാന്റിന് പുറമെയാണിത്. വിദ്യാര്‍ഥികള്‍ക്ക് ബാഗ്, കുട, യൂനിഫോം, ചെരിപ്പ്, ടിഫിന്‍ ബോക്‌സ്, നോട്ടുബുക്കുകള്‍ എന്നിവ വാങ്ങുന്നതിന് വേണ്ടിയാണ് എജ്യൂക്കേഷണല്‍ എയ്ഡ് അനുവദിക്കുന്നത്.
ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍പി വിഭാഗത്തില്‍പെട്ട അന്‍പത്തിയൊന്ന് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി കഴിഞ്ഞ അധ്യയനവര്‍ഷം അനുവദിച്ച ഒരു ലക്ഷത്തി രണ്ടായിരം രൂപയാണ് സ്‌കൂള്‍ അധികൃതര്‍ വിതരണം ചെയ്യാതെ തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഈ വര്‍ഷത്തെ ആനുകൂല്യം ഇതുവരെയും ലഭിക്കാത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ അനേ്വഷിച്ചപ്പോഴാണ് തട്ടിപ്പുകള്‍ പുറത്തറിയുന്നത്. ഈ വര്‍ഷം സ്‌കൂളില്‍ ലംപ്‌സം ഗ്രാന്റ് വിതരണം നടത്തിയെങ്കിലും രണ്ടായിരം വീതമുള്ള എഡ്യൂക്കേഷണന്‍ എയ്ഡ് അധികൃതര്‍ നല്‍കിയില്ല. രക്ഷിതാക്കള്‍ ഇക്കാര്യം പ്രമോട്ടേറെ അറിയിച്ചു. പ്രമോട്ടര്‍ പറഞ്ഞതനുസരിച്ച് സ്‌കൂളിലെത്തിയ രക്ഷിതാനോട് കഴിഞ്ഞ വര്‍ഷം എല്‍പി വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം എത്തിയില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ മറുപടി. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഇരുപത്തിയേഴിന് ബ്ലോക്ക് പട്ടികവര്‍ഗ വികസന ഓഫിസര്‍ മിനി ചിത്രംപള്ളി, പ്രമോട്ടര്‍ കല്യാണി, ഓഫിസ് ക്ലാര്‍ക്ക് എന്നിവര്‍ സ്‌കൂളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഈ വര്‍ഷത്തെ ധനസഹായം വിതരണം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. എന്നാല്‍ അക്കൗണ്ടില്‍ പണം എത്തിയത് അറിഞ്ഞില്ലെന്നായിരുന്നു പ്രധാനാധ്യാപകന്റെ മറുപടി. പ്രധാനാധ്യാപന്റെ പേരിലുള്ള അക്കൗണ്ടില്‍ വിതരണം ചെയ്യേണ്ട പണം കിടക്കുമ്പോഴാണ് ഈ മറുപടി ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സഹായം നാല് കുട്ടികള്‍ക്ക് കൂടി മാത്രമേ വിരണം ചെയ്യാനുള്ളൂ വെന്നും പ്രധാനധ്യാപന്‍ പരിശോധനാ സംഘത്തോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തതിന്റെ അക്കിറ്റന്‍സും, ബില്ലുകളും പരിശോധനാ സംഘം ആവശ്യപ്പെട്ടു. എന്നാല്‍ അക്കിറ്റന്‍സ് മാത്രമാണ് സ്‌കൂളിലുണ്ടായിരുന്നത്.
ബില്ലുകള്‍ പിടിഎ ഭാരവാഹിയുടെ കയ്യിലാണെന്നായിരുന്നു മറുപടി. അതിദുര്‍ബല വിഭാഗത്തില്‍പെടുന്ന കള്ളാടി സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്കായുള്ള പ്രതേ്യക ധനസഹായവും സ്‌കൂള്‍ അധികൃതര്‍ വിതരണം നടത്തിയിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ സ്‌കൂള്‍ അക്കൗണ്ടില്‍ നിക്ഷേപിച്ച പണമാണിത്. ജൂണ്‍, ജൂലൈ മാസത്തില്‍ ഈ പണം വിതരണം ചെയ്ത് അക്കിറ്റന്‍സ് ഓഫിസില്‍ എത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
1,53,300 രൂപയാണ് കള്ളാടി വിഭാഗത്തിലെ കുട്ടികള്‍ക്കായി പത്ത് മാസത്തേക്ക് സ്‌കൂളിന് ലഭിച്ച ധനസഹായം. ഇതും വിതരണം നടത്തിയിട്ടില്ല. പഞ്ചായത്തില്‍ പന്ത്രണ്ട് സ്‌കൂളുകളാണ് സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പതിനൊന്ന് സ്‌കൂളുകളും കൃത്യ സമയത്ത് ഗ്രാന്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. സ്‌കൂളില്‍ മുന്‍ വര്‍ഷങ്ങളില്‍ ധനസഹായം വിതരണം ചെയ്തതിലും വന്‍ അപാകതയാണുണ്ടായിട്ടുള്ളത്. സാധാരണ വാങ്ങുന്ന സാധനങ്ങളുടെ ബില്ലുകള്‍ രക്ഷിതാക്കള്‍ സ്‌കൂളില്‍ ഹാജരാക്കുകയും രണ്ടായിരം രൂപ നല്‍കുകയുമാണ് ചെയ്തിരുന്നത്.
എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ബാഗ്, കുട, ചെരുപ്പ് തുടങ്ങിയവയെല്ലാം ചുങ്കത്തറയിലെ ചില വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ വഴി മൊത്തമായി വാങ്ങി വിതരണം ചെയ്യുകയായിരുന്നു. വസ്ത്രങ്ങള്‍വരെ സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ച കടയില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്നത്. സ്‌കൂള്‍ അവസാനിക്കാറായ മാര്‍ച്ചില്‍ നല്‍കിയ പഠനോപകരണങ്ങള്‍ ഗുണനിലവാരമില്ലാത്തവയുമായിരുന്നു. ഓരോ വിദ്യാര്‍ഥിയും വാങ്ങുന്ന സാധനങ്ങള്‍ക്ക് പ്രതേ്യകം ബില്ലുകള്‍ നല്‍കണമെന്നിരിക്കെ മൊത്ത ബില്ലുകള്‍ മാത്രമാണ് സ്‌കൂള്‍ അധിതകൃതര്‍ സമര്‍പ്പിച്ചിട്ടുള്ളത്.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് എല്‍പി വിഭാഗത്തിന് കഴിഞ്ഞ വര്‍ഷം അനുവദിച്ച ധനസഹായം സ്‌കൂള്‍ അധികൃതര്‍ തിടുക്കപ്പെട്ട് വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss