|    Mar 24 Fri, 2017 11:29 pm
FLASH NEWS

പിന്നാക്ക വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് 10,000 പഠനമുറികള്‍

Published : 17th October 2016 | Posted By: SMR

കോഴിക്കോട്: പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി 10,000 പഠന മുറികള്‍ നിര്‍മിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. രണ്ടുലക്ഷം രൂപ ചെലവിലാണ് ഓരോ പഠനമുറികളും നിര്‍മിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പഠനമുറികളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ ഏറ്റവും നന്നായി പഠിക്കുന്നവര്‍ക്കും താമസസൗകര്യമില്ലാത്തവര്‍ക്കുമാണ് പഠനമുറികള്‍ നിര്‍മിച്ചു നല്‍കുന്നത്. അതതു പഞ്ചായത്തുകള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എംഎല്‍എമാരുടെ സഹായത്തോടു കൂടിയാണ് പഠനമുറികള്‍ നിര്‍മിച്ചു നല്‍കുക. ഇതിനുപുറമേ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള ആനുകൂല്യം നല്‍കുന്നതിന് 23 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. 500 കോടി രൂപ ചെലവില്‍ പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റ് പ്രീ-മെട്രിക് ഹോസ്റ്റലുകള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ (എംആര്‍എസ്) എണ്ണം ഇനിയും വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 250 കോടി രൂപ ചെലവഴിക്കും. വിവിധ ജില്ലകളിലായി ആവശ്യമുള്ള സ്ഥലത്താണ് സ്‌കൂളുകള്‍ നിര്‍മിക്കുക.
എംആര്‍എസില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ മറ്റു മേഖലയിലുള്ളതിനേക്കാള്‍ മികച്ച വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കാന്‍ കഴിയും. മിശ്രവിവാഹിതര്‍ക്കു നല്‍കുന്ന ധനസഹായം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും.
പിന്നാക്ക വിഭാഗക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ ജീവനക്കാരുടെയും ഒഴിവുണ്ടെങ്കില്‍ അക്കാര്യം പരിഹരിക്കണം. ഇതില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം കെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. 100 ശതമാനം വിജയം നേടിയ പട്ടികവര്‍ഗവികസന വകുപ്പിന്റെ കീഴിലുള്ള എംആര്‍എസുകള്‍ക്കുള്ള ട്രോഫിയും വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണമെഡലും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സമ്മാനിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ, പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ പി എം അലി അസ്ഗര്‍പാഷ സംസാരിച്ചു.

(Visited 36 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക