|    Jul 21 Sat, 2018 7:47 am
FLASH NEWS

പിന്നാക്ക മേഖലകളില്‍ ബാങ്കുകള്‍ സജീവമായി ഇടപെടാന്‍ കലക്ടറുടെ നിര്‍ദേശം

Published : 21st September 2017 | Posted By: fsq

 

കണ്ണൂര്‍: പട്ടികജാതി-പട്ടികവര്‍ഗ കോളനികള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക മേഖലകളില്‍ ബാങ്കിങ് സേവനങ്ങള്‍ സജീവമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ജില്ലാതല ബാങ്കിങ് അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. കോളനികളില്‍ പലര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഇല്ല. ഇതുകാരണം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്. പലര്‍ക്കും ആധാര്‍ കാര്‍ഡ് ഇല്ലാത്തതാണ് തടസ്സം. ഇക്കാര്യത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കണം. ആദിവാസി വിദ്യാര്‍ഥികള്‍ക്കിടയില്‍ സാമ്പത്തിക പ്രതിസന്ധിയാണ് പഠനത്തിന് തടസ്സം. വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി ആരംഭിക്കുന്ന കാര്യം ബാങ്കിങ് മേഖല പരിഗണിക്കണം. ഒന്നാം ക്ലാസ് മുതല്‍ ഓരോ കുട്ടിയുടെ പേരിലും നിശ്ചിത തുക നിക്ഷേപിക്കുകയും എസ്എസ്എല്‍സിയോ പ്ലസ്ടുവോ പൂര്‍ത്തിയാവുമ്പോഴേക്ക് നല്ലൊരു തുക അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതി വലിയ പ്രോല്‍സാഹനമാവുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇത്തരമൊരു പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കാമെന്ന് ബാങ്ക് പ്രതിനിധികള്‍ ഉറപ്പുനല്‍കി. നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ വാര്‍ഷിക ലക്ഷ്യത്തിന്റെ 23 ശതമാനം മുന്‍ഗണനാ വായ്പ അനുവദിച്ചതായി യോഗം വിലയിരുത്തി. കാര്‍ഷിക മേഖലയില്‍ ഈ വര്‍ഷത്തെ ലക്ഷ്യമായ 3330.17 കോടി രൂപയില്‍ ഇതിനകം 1010.3 കോടി നല്‍കാന്‍ സാധിച്ചു. വാര്‍ഷിക ലക്ഷ്യത്തിന്റെ 30 ശതമാനമാണിത്. ചെറുകിട വ്യവസായ മേഖലയില്‍ വാര്‍ഷിക ലക്ഷ്യമായ 1560.98 കോടിയില്‍ 435.19 കോടിയും അനുവദിച്ചു. ഇക്കാലയളവില്‍ മൊത്തം നിക്ഷേപം 26102.58 കോടിയില്‍നിന്ന് 30386.38 കോടിയായി 16.43 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ജില്ലയില്‍  53.56 ശതമാനമാണ് വായ്പാ നിക്ഷേപ അനുപാതം. ആര്‍ബിഐ തിരുവനന്തപുരം മാനേജര്‍ വി ജയരാജ്, സിന്‍ഡിക്കേറ്റ് ബാങ്ക് റീജ്യനല്‍ മാനേജര്‍ ടി പ്രസാദ്, ലീഡ് ബാങ്ക് മാനേജര്‍ എന്‍ ബി മുകുന്ദന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss