|    Aug 20 Mon, 2018 2:00 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പിന്നാക്കവിഭാഗ കമ്മീഷന് ഭരണഘടനാ പദവി; ബില്ല് ലോക്‌സഭ പാസാക്കി

Published : 3rd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പിന്നാക്കവിഭാഗ ദേശീയ കമ്മീഷന് (എന്‍സിബിസി) ഭരണഘടനാപദവി നല്‍കുന്ന ബില്ല് ലോക്‌സഭ പാസാക്കി. വോട്ടിനിട്ട് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനാണ് ലോക്‌സഭ ബില്ല് പാസാക്കിയത്. പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബില്ല് നേരത്തേ രാജ്യസഭയുടെ സെലക്റ്റ് കമ്മിറ്റിക്ക് വിട്ടിരുന്നു. ദേശീയ പട്ടികവിഭാഗ കമ്മീഷനു സമാനമായി ഭരണഘടനാപദവിയോടെ ദേശീയ കമ്മീഷന്‍ രൂപീകരിക്കണമെന്ന് പിന്നാക്കസമുദായങ്ങള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടുവരുകയായിരുന്നു. പുതിയ കമ്മീഷനില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ എന്നിവരെ കൂടാതെ മൂന്ന് അംഗങ്ങള്‍ ഉണ്ടായിരിക്കും.
സിപിഎം അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ പിന്തുണച്ചു. നേരത്തേ ഈ ബില്ല് ലോക്‌സഭയില്‍ ചര്‍ച്ചചെയ്തതും പിന്നീട് രാജ്യസഭയിലേക്ക് അയച്ചതുമാണ്. രാജ്യസഭ കൂടുതല്‍ പരിശോധനയ്ക്കു വേണ്ടി സെലക്റ്റ് കമ്മിറ്റിക്ക് അയക്കുകയും സെലക്റ്റ് കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ ചിലത് അംഗീകരിച്ചുകൊണ്ട് വീണ്ടും ലോക്‌സഭയുടെ അംഗീകാരത്തിനു വേണ്ടി സമര്‍പ്പിച്ചതുമാണ്. ഭരണഘടനാ ഭേദഗതിയിലൂടെ എസ്‌സി, എസ്ടി വിഭാഗത്തിന് നല്‍കിയിട്ടുള്ള പദവി തന്നെയാണ് ഇപ്പോള്‍ ഒബിസി വിഭാഗത്തിനും നല്‍കിയിട്ടുള്ളത്. ഒബിസി വിഭാഗത്തിന് അനുവദിച്ച 27 ശതാനം സംവരണം തന്നെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഇപ്പോഴും നടപ്പായിട്ടില്ലെന്ന് ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച പി കരുണാകരന്‍ എംപി പറഞ്ഞു.
കേരളത്തില്‍ 50 ശതമാനവും തമിഴ്‌നാട്ടില്‍ 69 ശതമാനവും നടപ്പാക്കിയപ്പോള്‍ പല സംസ്ഥാനങ്ങളും വളരെ പിന്നിലാണ്. പല സംസ്ഥാനങ്ങളിലും ഒബിസി സംവരണം നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ചയാണു വന്നിട്ടുള്ളത്. പ്രധാനമന്ത്രിയുടെ കീഴില്‍ വരുന്ന സയന്‍സ് ആന്റ് ടെക്‌നോളജി റിസര്‍ച്ച് സെന്റര്‍ തുടങ്ങി ഒട്ടേറെയിടങ്ങളില്‍ സംവരണം വേണ്ടെന്നുവച്ചിരിക്കുകയാണ്.
യുജിസിയുടെ പുതിയ തീരുമാനമനുസരിച്ച് ചില മേഖലകളില്‍ റിസര്‍വേഷന്‍ ഒഴിവാക്കപ്പെടുന്നു. കമ്മീഷന്റെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കുന്നത് നിഷ്പക്ഷവും ജനാധിപത്യരീതിയിലും ആയിരിക്കണം. ഒബിസി വിഭാഗത്തില്‍നിന്ന് കഴിവുള്ള അംഗങ്ങളെ തിരഞ്ഞെടുക്കണം. പിന്നാക്കവിഭാഗങ്ങളില്‍ വളരെ പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍ നിന്ന് ഒരാളെ നിര്‍ബന്ധമായും കമ്മീഷനില്‍ ഉള്‍പ്പെടുത്തണം. കമ്മീഷനില്‍ ഒരു വനിതയെ ഉള്‍പ്പെടുത്തണം. ഒബിസി വിഭാഗത്തിന് ഭരണഘടനാപദവി ഉണ്ടായതുകൊണ്ടുമാത്രം പോര. കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തണമെന്നും പി കരുണാകരന്‍ എംപി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss