|    Jan 20 Fri, 2017 7:23 am
FLASH NEWS

പിതൃമോക്ഷത്തിനായി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

Published : 3rd August 2016 | Posted By: SMR

തിരുവനന്തപുരം: പിതൃമോക്ഷപ്രാപ്തിക്കായി സംസ്ഥാനത്തൊട്ടാകെ പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി.
ആലുവ ശിവരാത്രി മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം, തിരുനെല്ലി, വര്‍ക്കല പാപനാശം, തിരുവല്ലം പരശുരാമക്ഷേത്രം, തിരുവനന്തപുരം ശംഖുമുഖം തുടങ്ങിയ സംസ്ഥാനത്തെ പ്രധാനപ്പെട്ട ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ മൂന്നരയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഉച്ചവരെയായിരുന്നു ബലി തര്‍പ്പണം നടന്നത്. മധ്യകേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ വലിയ തിരക്ക് ദൃശ്യമായിരുന്നു. ബാരിക്കേഡ് കെട്ടിത്തിരിച്ചാണ് പോലിസ് തിരക്ക് ഒഴിവാക്കിയത്. ഒരുലക്ഷത്തോളം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരുന്നത്.
ചേലാമറ്റം ക്ഷേത്രത്തിനു സമീപം പെരിയാറിന്റെ കടവിലും ആലുവ അദൈ്വതാശ്രമത്തിലും ചടങ്ങുകള്‍ നടന്നു. തിരുവനന്തപുരം ശംഖുമുഖത്തും തിരുവല്ലം പരശുരാമക്ഷേത്രത്തിലും ആയിരങ്ങള്‍ പിതൃക്കള്‍ക്ക് ബലി അര്‍പ്പിച്ചു. കോഴിക്കോട് വരയ്ക്കലില്‍ ഒരേസമയം ആയിരത്തിലധികം ആളുകള്‍ക്ക് ബലിയര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു.
പുറത്തുനിന്ന് വരുന്നവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ദേവസ്വം ഇന്‍ഫര്‍മേഷന്‍ സെന്ററും സുരക്ഷയൊരുക്കാന്‍ പോലിസ്, ഫയര്‍ഫോഴ്‌സ്, ഹെല്‍ത്ത് വിഭാഗങ്ങളും സജ്ജരായിരുന്നു. പിതൃക്കള്‍ക്കുവേണ്ടി അനുഷ്ഠിക്കുന്ന വ്രതമാണ് അമാവാസി. ഈ ദിനത്തില്‍ ബലിതര്‍പ്പണം നടത്തിയാല്‍ ഭൂമിയില്‍നിന്നു മണ്‍മറഞ്ഞുപോയ പൂര്‍വികരുടെ ആത്മാവിനു ശാന്തി ലഭിക്കുമെന്നതാണ് ഹൈന്ദവ വിശ്വാസം. പിതൃക്കള്‍ മരിച്ചനാളോ തിയ്യതിയോ അറിയാത്തവര്‍ക്കും അമാവാസിനാളില്‍ ബലിതര്‍പ്പണം നടത്താമെന്ന പ്രത്യേകതയുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക