|    Oct 18 Wed, 2017 12:28 am
FLASH NEWS

പിതൃമോക്ഷം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

Published : 3rd August 2016 | Posted By: SMR

കൊല്ലം/കാവനാട്: കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിനമായ ഇന്നലെ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും പ്രശസ്ത സ്‌നാനഘട്ടങ്ങളിലും നദികളിലും പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്താനെത്തിയത് പതിനായിരങ്ങള്‍. പുലര്‍ച്ചെ 3.15ന് ആരംഭിച്ച ചടങ്ങുകള്‍ക്ക് പ്രമുഖ തന്ത്രിമാരും കര്‍മികളും നേതൃത്വം നല്‍കി. പിതൃക്കളുടെ ആത്മശാന്തിക്കാണ് ബലിതര്‍പ്പണകര്‍മം നിര്‍വഹിക്കുന്നത്. തലേന്നാള്‍ വ്രതമെടുത്ത്, കറുത്തവാവ് ദിനത്തില്‍ കുളിച്ച് ശുദ്ധിവരുത്തി ഈറനോടെ മണ്‍മറഞ്ഞ പൂര്‍വികരെ മനസ്സില്‍ ധ്യാനിച്ച് അവരുടെ ആത്മശാന്തിക്ക് ബലിയിടുന്നതാണ് സുപ്രധാന ചടങ്ങ്. തുടര്‍ന്ന് വീടുകളില്‍ പൂര്‍വികര്‍ക്ക് സദ്യവട്ടങ്ങളൊരുക്കി നിവേദ്യം നല്‍കും.
ജില്ലയില്‍ തിരുമുല്ലാവാരം, മുണ്ടക്കല്‍ പാനനാശം കുളത്തൂപ്പുഴ, അച്ചന്‍കോവില്‍, അഷ്ടമുടിമുടി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ബലിതര്‍പ്പണത്തിന് സൗകര്യം ഒരുക്കിയിരുന്നു. പതിനായിരങ്ങള്‍ തിരുമുല്ലാവാരത്ത് ബലിതര്‍പ്പണം നടത്തി.  ഭക്തജനങ്ങളുടെ തിരക്ക് പ്രമാണിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രത്യകമായി ബലിപ്പുരകള്‍ നിര്‍മിച്ചിരുന്നു. ഇതിലിരുന്ന് ബലിതര്‍പ്പണം നടത്താന്‍ പരിചയമുള്ള ധാരാളം പൂജാരിമാരേയും ബോര്‍ഡ് നിയോഗിച്ചിരുന്നു. ഇതിനുപുറമേ വിവിധ സംഘടനകളുടെ നേതൃത്വത്തിലും പ്രമുഖ പൂജാരികളുടെ നേതൃത്വത്തിലും ധാരാളം ബലിതര്‍പ്പണ കേന്ദ്രങ്ങളുമുണ്ടായിരുന്നു. ബലിതര്‍പ്പണം നടത്തിയശേഷം തര്‍പ്പണം നടത്തിയ സാധനങ്ങളായ പൂവ്, എള്ള്, ചന്ദനം, ബലികര്‍മം നടത്തിയ പച്ചരി ചോറ് തുടങ്ങിയ സാധനങ്ങള്‍ ഭക്തരുടെ ശിരസില്‍വെച്ചുകൊണ്ട് കടലില്‍  ഇറങ്ങി തൊഴുത് കടലില്‍ മുങ്ങിക്കുളിക്കുകയാണ് പതിവ്.  കുളികഴിഞ്ഞ് ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ദേവസ്വംബോര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു. ബലിതര്‍പ്പണത്തോടനുബന്ധിച്ച് തിലഹവനം നടത്താനുള്ള ടിക്കറ്റ് മുന്‍കൂറായി ക്ഷേത്രത്തില്‍ നിന്നും ജില്ലയിലെ പ്രധാനപ്പെട്ട ദേവസ്വംബോര്‍ഡിലെ ക്ഷേത്ര ഓഫിസുകളില്‍ നിന്നും നേരത്തെ ഭക്തജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതുമൂലം ക്ഷേത്രത്തില്‍ ബലകര്‍മങ്ങള്‍ക്കുശേഷം പിതൃക്കള്‍ക്കുവേണ്ടി നടത്താറുള്ള തിലഹവനം നടത്താനും പാല്‍പ്പായസം തുടങ്ങിയ നിവേദ്യങ്ങള്‍ തിരക്കില്ലാതെ വാങ്ങാനും ഭക്തജനങ്ങള്‍ക്ക് കഴിഞ്ഞു. തര്‍പ്പണം നടത്താനായി കടലില്‍ ഇറങ്ങുമ്പോള്‍ ശക്തമായ തിരയില്‍പ്പെടുന്നത് പതിവാണ്. അതൊഴിവാക്കാനായി കടല്‍തീരത്ത് ലൈഫ് ഗാര്‍ഡുകളുടെ സേവനം ഏര്‍പ്പെടുത്തിയിരുന്നു.
മുണ്ടയ്ക്കല്‍ പാപനാശത്ത് ബലിതര്‍പ്പണത്തിന് എത്തിയവര്‍ക്കായി തോര്‍ത്ത്, പഞ്ചാംഗം, ഔഷധങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിന് പ്രത്യേകം സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. ഇവിടെ എത്തിയവര്‍ക്ക് പിതൃക്കളെ സ്മരിച്ചു വൃക്ഷതൈ നടുന്നതിന് ആവശ്യമായ തൈകള്‍ വനംവകുപ്പ് സൗജന്യമായി നലകി. ഗുരുമന്ദിരത്തില്‍ നിന്നു തൈ വിതരണം ചെയ്തു. ഭക്തജനങ്ങള്‍ക്ക് ആയൂര്‍വേദ വിധിപ്രകാരം ശാസ്ത്രീയമായി തയ്യാറാക്കിയ ഔഷധക്കാപ്പി മുണ്ടയ്ക്കല്‍ തുമ്പറ മഹാദേവീക്ഷേത്രം ട്രസ്റ്റ് കമ്മിറ്റി സൗജന്യമായി വിതരണം ചെയ്തു.  ശുദ്ധജലം ലഭിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ കേരള വാട്ടര്‍ അതോറിറ്റിയും നഗരസഭയും സംയുക്തമായി ഏര്‍പ്പെടുത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക