പിതാവിന്റെ ബന്ധുക്കളെ തേടി മലേസ്യന്‍ കുടുംബം ചെലൂരിലെത്തി
Published : 6th March 2016 | Posted By: SMR
ശഫീഖ് ആയപ്പള്ളി
പുത്തനത്താണി: വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണിയറ്റുപോയ കുടുംബത്തിന് ഫേസ്ബുക്ക് തുണയായതോടെ പിതാവിന്റെ ബന്ധുക്കളെ തേടി മലേസ്യന്‍ സംഘം ചെലൂരിലെത്തി. ചെലൂര്‍ പള്ളിപ്പാറ കരിങ്കപ്പാറ ബാവ ഹാജിയുടെ കുടുംബത്തെ തേടിയാണ് മലേസ്യയിലായിരുന്ന പിതൃസഹോദരന് അഹമ്മദ് കുട്ടിയുടെ മക്കളും പേരമക്കളുമെത്തിയത്. 1947 ലാണ് അഹമ്മദ് കുട്ടി ജോലിയാവശ്യാര്‍ത്ഥം മലേസ്യയിലേക്ക് പോവുന്നത്. തുടര്‍ന്ന് അവിടെ നിന്നു വിവാഹം കഴിച്ച് കുടുംബമായി കഴിയുകയായിരുന്നു. ഇതില്‍ പന്ത്രണ്ട് മക്കളുണ്ട്. മുപ്പത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഹമ്മദ് കുട്ടി മരിച്ചു. പിതാവിന്റെ ബന്ധുക്കളെ കണ്ടെത്തണമെന്ന മക്കളുടെ ആഗ്രഹം നാള്‍ക്കുനാള്‍ ഏറിവന്നു. ബാവ ഹാജി അല്‍ ഐനില്‍ ജോലി ചെയ്യവേ മുപ്പത് വര്‍ഷം മുമ്പ് അഹമ്മദ് കുട്ടിയുടെ ഒരു മകളെ കണ്ടെത്തുകയും ഫോട്ടോയും മലേസ്യയിലെ വിലാസം കൈമാറുകയും ചെയ്തിരുന്നു.
എന്നാല്‍, ഈ വിലാസത്തില്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും കുടുംബത്തെ കണ്ടെത്താനായിരുന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാവ ഹാജിയുടെ മകന് ഹനീഫ ഫോട്ടോയും വിലാസവും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഇരു കുടുംബങ്ങള്‍ക്കും തുണയായത്. ഫോട്ടോ അഹമ്മദ് കുട്ടിയുടെ മകള്‍ നൂരിഹ തിരിച്ചറിയുകയും തുടര്‍ന്ന് മലേസ്യയില്‍ ബിസിനസ്സ് ചെയുന്ന ബാവ ഹാജിയുടെ മരുമകന് നജീബ്, സഹോദരന് നൗഷാദ്, നജീബിന്റെ മകന് നിയാസ് എന്നിവരുടെ ശ്രമഫലമായി മലേസ്യയിലെ കുടുംബത്തെ കണ്ടെത്തുകയുമായിരുന്നു. പിതാവിന്റെ ബന്ധുക്കളെ നേരില്‍ കാണാന്‍ മലേസ്യന്‍ കുടുംബം കഴിഞ്ഞ ദിവസമാണ് ചെലൂരിലെത്തിയത്. എട്ട് പെണ്മക്കളും അവരുടെ പേരമക്കളുമടങ്ങിയ പതിനാലംഗ സംഘം ബന്ധുക്കളെ സന്ദര്‍ശിച്ചതിനു ശേഷം രണ്ട് ദിവസത്തിനകം മടങ്ങും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.