പിതാവിനെ കൊന്നു കുഴിച്ചുമൂടി: മകനും സുഹൃത്തും അറസ്റ്റില്‍
Published : 27th November 2015 | Posted By: SMR
കറുകച്ചാല്‍(കോട്ടയം): പിതാവിനെ കൊന്നു കുഴിച്ചുമൂടിയ മകനെയും സുഹൃത്തിനെയും പോലിസ് അറസ്റ്റ് ചെയ്തു. കൂത്രപ്പള്ളി കുറ്റിക്കല്‍ കോളനി നിവാസി ബാബു (ചാത്തന് ബാബു 52) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബാബുവിന്റെ മകന് പ്രസാദ് (25), സുഹൃത്ത് സതീഷ്കുമാര്‍ (34) എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
17നു രാത്രിയില്‍ മദ്യപിച്ചു വീട്ടിലെത്തിയ ബാബു മകനെയും ഭാര്യയെയും ആക്രമിച്ചു. ഇതിനെത്തുടര്‍ന്ന് പ്രസാദും സുഹൃത്ത് സതീഷ് കുമാറും ചേര്‍ന്നു ബാബുവിനെ വിളിച്ചിറക്കി കൊണ്ടുപോയി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീടിനടുത്തു നിന്ന് 50 മീറ്റര്‍ മാറി മോടയില്‍ ഒരു പുരയിടത്തില്‍ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകം നടന്നതിനുശേഷം ഭര്‍ത്താവിനെ കാണാനില്ലെന്നു ബാബുവിന്റെ ഭാര്യ ശാന്തമ്മ കറുകച്ചാല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ബാബുവിന്റെ തിരോധാനത്തിനെതിരേ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചിരുന്നു. മകന് പ്രസാദിനെ ചുറ്റിപ്പറ്റിയാണ് പോലിസ് ആദ്യം അന്വേഷണം ആരംഭിച്ചത്. പിന്നീട് പ്രസാദിനെ ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. പ്രതികള്‍ മൃതദേഹം കുഴിച്ചുമൂടിയ സ്ഥലം പോലിസിനു കാണിച്ചു കൊടുത്തതിനെ തുടര്‍ന്ന് ഇന്നലെ ഡെപ്യൂട്ടി കലക്ടര്‍ പി എം ജോര്‍ജ്, ചങ്ങനാശ്ശേരി ഡിവൈഎസ്പി ശ്രീകുമാര്‍, വിരലടയാള വിദഗ്ധര്‍ അടങ്ങിയ സംഘം സ്ഥലത്തെത്തി മൃതശരീരം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.