|    Jan 20 Fri, 2017 12:57 am
FLASH NEWS

പിണറായി സര്‍ക്കാര്‍ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണം

Published : 10th October 2016 | Posted By: SMR

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറിയശേഷം രാജ്യത്ത് രൂപപ്പെട്ടുവരുന്ന അന്തരീക്ഷം സ്വബോധമുള്ളവരെയെല്ലാം അസ്വസ്ഥരാക്കുന്നുണ്ട്. ഒരു രാജ്യത്തിന്റെ ഭദ്രതയും കെട്ടുറപ്പും ആ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഐക്യത്തിലും സഹവര്‍ത്തിത്വത്തിലുമാണെന്ന സാമാന്യ തത്ത്വത്തെ തീര്‍ത്തും നിരാകരിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിന്റെയും ശത്രുതയുടെയും വിത്തുകള്‍ വിതയ്ക്കാന്‍ ഭരണകൂടം തന്നെ നേതൃത്വം നല്‍കുന്ന വിചിത്ര പ്രതിഭാസത്തിനാണ് രാജ്യം ഇപ്പോള്‍ സാക്ഷ്യംവഹിച്ചു വരുന്നത്. രാജ്യത്തെ ഭരണനിര്‍വഹണമേഖലകളില്‍ വംശീയ മുന്‍വിധികള്‍ നിലനില്‍ക്കുന്നു എന്ന വിമര്‍ശനം ഇടതുപക്ഷമടക്കമുള്ള മതേതര കക്ഷികള്‍ അംഗീകരിക്കുന്നതും അവരില്‍ പലരും അക്കാര്യം പലവുരു ചൂണ്ടിക്കാട്ടിയതുമാണ്. എന്നാല്‍, കാര്യത്തോടടുക്കുമ്പോള്‍ തങ്ങളും അതേ പാത തന്നെ പിന്‍പറ്റുമെന്ന സന്ദേശമാണ് കേരളത്തിലെ ഇടതുപക്ഷ ഭരണകൂടവും നല്‍കാന്‍ ശ്രമിക്കുന്നത് എന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ ശക്തിപ്പെട്ടുവരുകയാണ്.
എറണാകുളത്തെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരേ കേസെടുക്കാനും സലഫി പണ്ഡിതന്‍ ഷംസുദ്ദീന്‍ പാലത്തിനെതിരേ യുഎപിഎ ചുമത്താനുമുള്ള പിണറായിയുടെ കീഴിലുള്ള പോലിസിന്റെ നീക്കം ഫാഷിസ്റ്റ് രീതിയിലുള്ള ശത്രുതാപരമായ നീക്കമായേ കാണാനാവൂ. രാജ്യത്ത് ഏതുവിഭാഗം നടത്തുന്ന സ്ഥാപനവും അതതു വിഭാഗങ്ങളുടെ സാംസ്‌കാരികതയെ ഉയര്‍ത്തിപ്പിടിക്കുന്ന വിധമുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പഠനപദ്ധതികള്‍ നടപ്പാക്കുന്നത്. താന്‍ വിശ്വസിക്കുന്നതും മനസ്സിലാക്കിയതുമാണ് ശരിയെന്നു കരുതാനും അതനുസരിച്ച് മുന്നോട്ടുപോവാനും രാജ്യത്തെ ഏതൊരു പൗരനും ഭരണഘടനാപരവും പ്രകൃതിപരവുമായ അവകാശമുണ്ട്. സിപിഎമ്മാണ് ശരിയുടെ അവസാന വാക്കെന്ന് അന്ധമായി വിശ്വസിക്കാന്‍ പിണറായി വിജയനുള്ള അവകാശംപോലെ. മറ്റുള്ളവരെ കുറിച്ച വിമര്‍ശനങ്ങളും നിരൂപണങ്ങളും ജനാധിപത്യത്തിന്റെ അന്തസ്സത്തയും മാന്യതയും ഉള്‍ക്കൊള്ളുന്നതാവണമെന്നേയുള്ളൂ. എന്നാല്‍, സംഘപരിവാര നിയന്ത്രണത്തില്‍ നടക്കുന്ന സ്‌കൂളുകളില്‍ ഏതുവിധത്തിലാണ് വിദ്യാഭ്യാസം?
ഷംസുദ്ദീന്‍ പാലത്തിന്റേതായി പുറത്തുവന്ന പ്രസംഗഭാഗങ്ങള്‍ പരിസരബോധത്തോടെയുള്ളതാണെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല. എന്നാല്‍, നാടുനീളെ ഇതിനേക്കാള്‍ പത്തിരട്ടി കനത്തില്‍ വിഷം വമിച്ചു നടക്കുന്ന സംഘപരിവാര നേതാക്കള്‍ക്കെതിരേ ഒരു പെറ്റിക്കേസ് പോലും എടുക്കുന്നതായി കാണുന്നില്ല. മുസ്‌ലിംകള്‍ക്കെതിരേ ഒരു സാധാരണ കുറ്റകൃത്യത്തിനുപോലും യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ചാര്‍ത്തുകയും ചെയ്യുന്നു. ഈ ഇരട്ടനീതിയുടെ ന്യായമെന്തെന്നു വിശദമാക്കാന്‍ മുഖ്യമന്ത്രി എന്ന നിലയ്ക്കും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയ്ക്കും പിണറായിക്ക് ബാധ്യതയുണ്ട്. സംഘപരിവാര പദ്ധതികള്‍ കേരളത്തിലും നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന പോലിസ് ഉദ്യോഗസ്ഥരുണ്ടാവാം. അത്തരം നീക്കങ്ങള്‍ക്കു തടയിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തിനുണ്ടോ എന്നാണ് ജനം ഉറ്റുനോക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 136 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക