|    Nov 21 Tue, 2017 12:40 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പിണറായി ശക്തനായ മുഖ്യമന്ത്രി: വെള്ളാപ്പള്ളി നടേശന്‍

Published : 24th September 2016 | Posted By: SMR

തിരുവനന്തപുരം: ബിജെപി- ബിഡിജെഎസ് ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചതായുള്ള വാര്‍ത്തകള്‍ക്കിടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
ഇന്നലെ വൈകീട്ട് ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. എല്‍ഡിഎഫിനോട് പണ്ടേ അകല്‍ച്ചയില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പിണറായി വിജയന്‍ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയാണ്. കേരളത്തിന് ഇപ്പോഴാണ് ഒറ്റ മുഖ്യമന്ത്രിയുണ്ടായത്. മുമ്പ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയായിരുന്നു. ഇക്കാര്യം ആരും നിഷേധിക്കുമെന്ന് കരുതുന്നില്ല. പിണറായി വിജയനെ എന്നും ബഹുമാനിച്ചിട്ടേയുള്ളൂ. അദ്ദേഹം മോശക്കാരനാണെന്ന് താനൊരിക്കല്‍പ്പോലും പറഞ്ഞിട്ടില്ല. ശത്രുക്കള്‍പ്പോലും അദ്ദേഹം ശക്തനായ പാര്‍ട്ടി സെക്രട്ടറിയാണെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഒറ്റ മുഖ്യമന്ത്രിയായി മുന്നോട്ടുപോവുകയെന്നത് ഭരണാധികാരിയുടെ വിജയമാണ്. എസ്എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും രാഷ്ട്രീയ സന്ദര്‍ശനമല്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
എസ്എന്‍ ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇക്കാര്യം അറിയിച്ച് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് പറയാനാണ് മുഖ്യമന്ത്രിയെ കണ്ടത്. എല്‍ഡിഎഫ് സര്‍ക്കാരില്‍നിന്നും നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇതുസംബന്ധിച്ച അപേക്ഷ ഇപ്പോഴാണ് നല്‍കിയതെന്നും കാത്തിരുന്നു കാണാമെന്നായിരുന്നു മറുപടി. ബിജെപിയില്‍നിന്ന് നീതികിട്ടിയില്ലെന്ന് പരാതിയുണ്ട്.
എന്നാല്‍, താന്‍ പറഞ്ഞത് തന്റെ അഭിപ്രായമാണ്, ബിഡിജെഎസിന്റേതല്ല. ജനങ്ങള്‍ക്കിടയിലുള്ള പ്രതികരണങ്ങളാണ് താന്‍ പറഞ്ഞത്. അധികാരത്തിലിരിക്കുന്നവരോട് പരാതി പറയാന്‍ സാധാരണക്കാരനെന്ന നിലയില്‍ താന്‍ പോവും. ആവശ്യമെങ്കില്‍ നരേന്ദ്ര മോദിയെയും അമിത് ഷായെയും കാണും. എന്നാല്‍, തങ്ങള്‍ക്കുള്ള അതൃപ്തി അറിയിക്കാന്‍ അമിത് ഷായെ നേരിട്ടുകാണില്ല. താനൊരു തെറ്റും ചെയ്തിട്ടില്ല. അതിനാല്‍, കേസുകളെ ഭയക്കുന്നില്ല.
മൈക്രോഫിനാന്‍സ് കേസില്‍ തനിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളിക്കൊപ്പം പുറത്തിറങ്ങിവന്ന മുഖ്യമന്ത്രി കാറുവരെ ഒപ്പംചെന്ന് അദ്ദേഹത്തെ യാത്രയാക്കിയശേഷമാണ് വസതിക്കുള്ളിലേക്ക് മടങ്ങിയത്.
വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ വലിയ നിരാശ
ആലപ്പുഴ: സഖ്യകക്ഷിയായപ്പോഴും തിരഞ്ഞെടുപ്പ് കാലത്തും ബിജെപി തനിക്കും ബിഡിജെഎസിനും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ വലിയ നിരാശയുണ്ടെന്ന് എസ്എന്‍ഡിപി യൂനിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി ദേശീയ കൗണ്‍സില്‍ കോഴിക്കോട് ആരംഭിക്കാനിരിക്കേയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. എതിരാളികള്‍ ബിഡിജെഎസിനെ കഴുതയെന്നു വിളിക്കാന്‍ ബിജെപി വഴിയൊരുക്കി.
പലതും നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, കടുകുമണിയോളം പോലും ലഭിച്ചില്ല. കേന്ദ്രസര്‍വകലാശാലയ്ക്ക് ഗുരുദേവന്റെ പേര് നല്‍കാമെന്ന ഉറപ്പ് പാലിക്കാത്തതില്‍ വലിയ നിരാശയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനങ്ങള്‍ നല്‍കാമെന്നു പറഞ്ഞു മോഹിപ്പിച്ചു. ഒന്നും നടക്കാത്തതില്‍ അണികള്‍ക്ക് മാനസികമായ ദുഃഖമുണ്ട്. ബിജെപിയിലെ ഗ്രൂപ്പിസമാവാം ഇതിനുകാരണമെന്ന് കരുതുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. അണികള്‍ അതൃപ്തരാണ്. ഇങ്ങനെയാണെങ്കില്‍ ബിഡിജെഎസിനു മറ്റുവഴികള്‍ നോക്കേണ്ടിവരും. അമിത് ഷാ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിട്ടും ഗുണമുണ്ടായില്ല. തന്ന ഉറപ്പുകള്‍ ഒന്നും നടന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ബിജെപി- ബിഡിജെഎസ് ബന്ധത്തില്‍ ഭിന്നതയില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍, പരാതികളുണ്ട്. ഇതേക്കുറിച്ച് അണികളില്‍ പലര്‍ക്കും ആശങ്കയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സ്ഥാനങ്ങളൊന്നും ലഭിച്ചില്ല. ഉടന്‍ ലഭിക്കുമെന്നാണു പ്രതീക്ഷ. വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം ബിഡിജെഎസിന്റേതല്ല, എസ്എന്‍ഡിപി യോഗത്തിന്റേതാണെന്നും തുഷാര്‍ പറഞ്ഞു.
ഇന്ന് കണിച്ചുകുളങ്ങരയില്‍ ചേരുന്ന ബിഡിജെഎസ് കേന്ദ്രകമ്മിറ്റി യോഗത്തില്‍ തിങ്കളാഴ്ച ചേരുന്ന എന്‍ഡിഎ യോഗത്തില്‍ ഉന്നയിക്കേണ്ട കാര്യങ്ങളെ കുറിച്ച് അന്തിമതീരുമാനം എടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക