|    Jan 18 Wed, 2017 12:55 am
FLASH NEWS

പിണറായി മന്ത്രിസഭയില്‍ ഇങ്ങനെയും ഒരു മന്ത്രി

Published : 12th October 2016 | Posted By: SMR

കോഴിക്കോട്: സ്വന്തക്കാര്‍ക്കായി ഭാരിച്ച ശമ്പളവും മറ്റാനുകൂല്യങ്ങളുമുള്ള ഉയര്‍ന്ന തസ്തികകള്‍ പിണറായി വിജയന്‍ ഗവണ്‍മെന്റിലെ മന്ത്രിമാരില്‍ ചിലര്‍ നടപ്പാക്കുമ്പോള്‍ ഒരു മന്ത്രി സ്വന്തം ആത്മകഥ പറയുന്നത് കൗതുകകരമായി.
തുറമുഖവകുപ്പടക്കം മ്യൂസിയവും പുരാവസ്തു സംരക്ഷണവും കൈകാര്യം ചെയ്യുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് ഇളയ അനുജന്‍ ശിവരാമന്റെ ആത്മഹത്യ ഓര്‍മപ്പെടുത്തുന്നത്. 1972ല്‍ ബോംബെയ്ക്കു പോവാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ അച്ഛന്റെ മരണവിവരം അറിഞ്ഞ കടന്നപ്പള്ളി യാത്ര നിര്‍ത്തിവച്ച് മൂത്ത മകനെന്ന നിലയ്ക്ക് അച്ഛന്റെ അന്ത്യക്രിയകള്‍ക്കായി മടങ്ങുമ്പോള്‍ അദ്ദേഹം ഓര്‍ക്കുന്നു: ”’ഞാന്‍ എംപി ആയെങ്കിലും കുടുംബത്തിന്റെ സ്ഥിതി വളരെ മോശമായിരുന്നു. അനിയന്മാര്‍ പഠിക്കുകയാണ്.” രാമചന്ദ്രന് അനിയന്‍ ശിവരാമന്റെ മരണം ഇന്നും വേദനയാണ്. മരിക്കുമ്പോള്‍ ശിവരാമന് 33 വയസ്സ്. 10ാംക്ലാസ് കഴിഞ്ഞ് ടൈപ്പ് റൈറ്റിങ് ഒക്കെ പഠിച്ചു. ശിവരാമനാണ് കുടുംബം നോക്കിയിരുന്നത്. അവിവാഹിതനായിരുന്നു.
മന്ത്രി കടന്നപ്പള്ളി പറയുന്നു: ”ഞാന്‍ ജനിച്ച തന്നട വീടിന്റെ പുരയിടത്തില്‍ ഒരു കശുമാവിലാണ് അവന്‍ ജീവിതം അവസാനിപ്പിച്ചത്. ആ സമയത്ത് ഞാന്‍ പാര്‍ട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് തൃശൂരിലായിരുന്നു. ഇന്നും ഒരു കുറ്റബോധം വേട്ടയാടുന്നു. ഞാന്‍ വിചാരിച്ചിരുന്നെങ്കില്‍ അവന് എവിടെയെങ്കിലും എന്തെങ്കിലും ജോലി വാങ്ങിക്കൊടുക്കാമായിരുന്നു. എല്ലാവരെയും സഹായിക്കേണ്ടയാള്‍ സ്വന്തം അനിയന് മുന്‍ഗണന കൊടുക്കുന്നതു ശരിയല്ലെന്ന തോന്നലായിരുന്നു എന്നെ ഭരിച്ചത്.”
തന്റെ നൈതികത വെളിവാക്കുന്ന മന്ത്രി കടന്നപ്പള്ളി വീട് പുതുക്കിപ്പണിയാന്‍ എംഎല്‍എ എന്ന നിലയ്ക്ക്, സ്പീക്കറായിരുന്ന കെ രാധാകൃഷ്ണന്റെ ഒത്താശയില്‍ സഹകരണബാങ്കില്‍നിന്നു കടമെടുത്ത 13 ശതമാനം പലിശയുള്ള 10 ലക്ഷം രൂപ ഇനിയും തിരിച്ചടയ്ക്കാന്‍ പൂര്‍ണമായി കഴിഞ്ഞിട്ടില്ലെന്നും വെളിവാക്കുന്നു. ശമ്പളത്തില്‍നിന്നു പിടിക്കും. എംഎല്‍എ ആയി, മന്ത്രിയായി, പിന്നെയും അഞ്ചുകൊല്ലം കഴിഞ്ഞു. എന്നിട്ടും തീര്‍ന്നിട്ടില്ല. പിണറായി വിജയന്‍ മന്ത്രിസഭയില്‍ സിപിഎം മന്ത്രിമാരും മറ്റും സ്വന്തക്കാരെ തേടിപ്പിടിച്ചു വിവിധ തസ്തികകളില്‍ നിയമിക്കുമ്പോഴുള്ള തത്രപ്പാടില്‍ ഘടകകക്ഷി മന്ത്രിയുടെ ഈ നീതിബോധം തെല്ലെങ്കിലും തുണച്ചിരുന്നെങ്കില്‍. ഒരു ആനുകാലികത്തിന്റെ ആഗസ്ത് 13 ലക്കത്തിലാണ് കടന്നപ്പള്ളിയുടെ ഈ തുറന്നുപറച്ചില്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 580 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക