|    Sep 25 Tue, 2018 12:24 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പിണറായി കൂട്ടക്കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

Published : 25th August 2018 | Posted By: kasim kzm

കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പിണറായി കൂട്ടക്കൊല കേസിലെ പ്രതിയായ യുവതിയെ ജയില്‍ കോംപൗണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാതാപിതാക്കളെയും മകളെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയായ പിണറായി പടന്നക്കരയിലെ വണ്ണത്താംകണ്ടി സൗമ്യ(30)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോടനുബന്ധിച്ചുള്ള വനിതാ ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയുണ്ടായിരുന്ന സൗമ്യ ജയില്‍വളപ്പില്‍ പുല്ലരിയാന്‍ പോയ സമയം സാരി ഉപയോഗിച്ച് കശുമാവിന്‍ കൊമ്പില്‍ തൂങ്ങിയെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവം കണ്ടയുടനെ മരത്തില്‍ നിന്നു താഴെയിറക്കി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അവിഹിത ബന്ധത്തിനു തടസ്സം നിന്നതിനാല്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് തലശ്ശേരി പോലിസ് സൗമ്യയെ അറസ്റ്റ് ചെയ്തത്. പിതാവ് കുഞ്ഞിക്കണ്ണന്‍ (80), മാതാവ് കമല (65), മൂത്ത മകള്‍ ഐശ്വര്യ (9) എന്നിവര്‍ക്കു ഭക്ഷണത്തില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ഛര്‍ദിയും വയറിളക്കവുമുണ്ടായി അടുത്തടുത്ത കാലയളവില്‍ മൂന്ന് അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായതോടെ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തായത്.
പോലിസിന്റെ ചോദ്യം ചെയ്യലില്‍ മാതാപിതാക്കള്‍ക്കും മകള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തിയത് താന്‍ തനിച്ചാണെന്നു സൗമ്യ മൊഴി നല്‍കിയതായി പോലിസ് അറിയിച്ചിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം നിരവധി പുരുഷന്‍മാരുമായി സൗമ്യയ്ക്ക് അടുപ്പമുണ്ടായിരുന്നെന്നാണ് പോലിസ് പറയുന്നത്. അതേസമയം, മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും കേസ് അട്ടിമറിച്ചെന്നും സൗമ്യയുടെ ബന്ധുക്കള്‍ ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss