|    Dec 10 Mon, 2018 11:43 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പിണറായി എന്ന ഭരണാധികാരി

Published : 20th July 2018 | Posted By: kasim kzm

ടോമി  മാത്യു
കേരളത്തിലെ പ്രമുഖ പത്രങ്ങളുടെ പത്രാധിപന്‍മാര്‍ അവരുടെ ഏറ്റവും മികച്ച ലേഖകര്‍ക്ക്, റിപോര്‍ട്ടര്‍മാര്‍ക്ക് ഇപ്പോള്‍ നല്‍കാവുന്ന ഏറ്റവും വിഷമമേറിയ അസൈന്‍മെന്റ് എന്താവാം? പിണറായി വിജയന്റെ ഭരണസമീപനത്തെക്കുറിച്ച് ഒരു രേഖാചിത്രം എഴുതുക!
ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള ഐക്യകേരളത്തിന്റെ ഏതു മുന്‍ മുഖ്യമന്ത്രിയെക്കുറിച്ചും സാമാന്യം വൃത്തിയുള്ളൊരു കോപ്പി, ഏറിയാല്‍ രണ്ടു ദിവസം കൊണ്ട് മലയാള പത്രങ്ങളിലെ ലീഡ് റൈറ്റര്‍മാരെല്ലാം പത്രാധിപരുടെ മേശപ്പുറത്തെത്തിക്കും. എന്നാല്‍, പിണറായി വിജയനെക്കുറിച്ച്?
പ്രത്യക്ഷത്തില്‍ ഒരു പ്രഹേളിക നിലനില്‍ക്കാനോ നിലനിര്‍ത്താനോ തക്കതായ എന്താണ് ഈ 73കാരന്‍ മാര്‍ക്‌സിസ്റ്റിനെക്കുറിച്ചുള്ളത്? ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്‌സിസ്റ്റിന്റെ കേരള ഘടകം സെക്രട്ടറിയായിരുന്ന വ്യക്തി. മുന്‍ ഭരണപരിചയമെന്ന നിലയ്ക്ക് പരാമര്‍ശിക്കപ്പെടുന്നത് മികവുറ്റ വൈദ്യുതി മന്ത്രിയെന്നാണ്. മൂന്നു പതിറ്റാണ്ടെങ്കിലുമായി സമൂലം പൊതുകണ്ണിനു കീഴിലുള്ള സാമൂഹിക ജീവിതവും രാഷ്ട്രീയ ഇടപെടലുകളും വഴി അനുഭാവികള്‍ക്കും പ്രതിയോഗികള്‍ക്കും ആരെന്നും എന്തെന്നും അറിയാവുന്ന ഒരാള്‍.
2016 മെയ് മാസത്തില്‍ കേരള മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമ്പോള്‍ പ്രവചനാതീതമായതൊന്നുമല്ല, തുടര്‍ച്ചകളാണ് പിണറായി വിജയനില്‍ നിന്നു നിരീക്ഷകര്‍ പ്രതീക്ഷിക്കുക. തികച്ചും പ്രെഡിക്റ്റബിള്‍. എന്നിട്ടുമെന്തേ കേരളത്തിന്റെ നടപ്പു മുഖ്യമന്ത്രിയുടെ ഭരണനിര്‍വഹണ സമീപനം ഒരു പ്രഹേളികയായി അവശേഷിക്കുന്നു?
ഓരോ തവണയും അധികാരത്തിലേറുന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കു മേല്‍ കെട്ടിവയ്ക്കപ്പെടുന്ന ജനാഭിലാഷങ്ങളുടെ ഭാരവും ഭരണനിര്‍വഹണത്തിന്റെ യഥാര്‍ഥ താല്‍പര്യങ്ങളും തമ്മിലുള്ള അന്തരം പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരില്‍ സവിശേഷമായി പ്രതിഫലിക്കുന്നു എന്നും ആരോപിച്ചുകൂടാ. അപ്പോള്‍ പിന്നെ എവിടെയാണ് പിണറായി വിജയന്‍ എന്ന ഭരണാധികാരിയുടെ ഗവേണന്‍സ് സമീപനം വ്യത്യസ്തമായിരിക്കുന്നത്?
രണ്ടു താക്കോല്‍വാക്കുകള്‍ സഹായകമായേക്കാം, പിണറായിയുടെ ഭരണസമീപനത്തെ അടയാളപ്പെടുത്താന്‍: ഭരണകൂടവാദവും വികസനവാദവും. മറ്റെന്തിനേക്കാളുമുപരി മുഖ്യമന്ത്രിയെന്ന നിലയ്ക്ക് സഖാവ് പിണറായി വിജയന്‍ സ്റ്റേറ്റിസ്റ്റാണ്, ഡെവലപ്‌മെന്റലിസ്റ്റാണ്.
ഭരണകൂടത്തെക്കുറിച്ചുള്ള മാര്‍ക്‌സിയന്‍ പരികല്‍പനകള്‍ പിണറായിയുടെ ഭരണസമീപനത്തെ സ്വാധീനിക്കണം എന്നതൊക്കെ ആഗ്രഹചിന്ത. എന്നാല്‍, ഭരണകൂടത്തിന്റെ ലിബറല്‍ ഭാവങ്ങള്‍ക്കു സ്വാഭാവിക പ്രകാശനം ലഭിക്കുക ഇടതു ഭരണത്തിനു കീഴിലാവും എന്നെങ്കിലും പ്രതീക്ഷിച്ചുകൂടേ? അത്തരമൊരു പ്രതീക്ഷയുടെ സമൂല നിരാകരണം പ്രതിഫലിക്കുന്നതാണ് ക്രമസമാധാനപാലനം, ആഭ്യന്തര സുരക്ഷ, തീവ്രവാദ ഭീഷണി, ജനകീയ സമരങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നീ കാര്യങ്ങളിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണസമീപനം.
സ്റ്റേറ്റിസമാണ് ഇവിടെ പോലിസ് മന്ത്രിയുടെ, ആഭ്യന്തരവകുപ്പിന്റെ നയവും പ്രവൃത്തിയും. “അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്‍മാരെ രാജ്യത്തിന്റെ ഹിന്ദുത്വ പ്രധാനമന്ത്രി ആവാഹനം ചെയ്യുമ്പോള്‍, ക്രമസമാധാനം പാലിക്കുന്ന പോലിസുകാരുടെ മനോവീര്യത്തെ കേരളത്തിന്റെ മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി ഉയര്‍ത്തിപ്പിടിക്കുന്നു.
പോലിസധികാരത്തിന്റെ നിഗൂഢത നീക്കുന്നതാവും ഇടതുപക്ഷ ആഭ്യന്തര നയമെന്നു പ്രതീക്ഷിച്ചവര്‍ക്ക് അമ്പേ തെറ്റി. സ്റ്റേറ്റിനെ, അതിന്റെ അധികാര പ്രഭാവത്തെ, ശ്രേണീബദ്ധമായ അതിന്റെ പ്രോട്ടോകോളുകളെ തരിമ്പും അലോസരപ്പെടുത്തുന്നതൊന്നും മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നു പ്രതീക്ഷിക്കരുത്. “മുണ്ടുടുത്ത മുസോളിനി’ എന്ന ആ വിശേഷണം ലക്ഷണയുക്തമല്ല, സ്‌റ്റേറ്റിസം ഫാഷിസമല്ലാത്തതുകൊണ്ടു മാത്രം.
വികസനം ഭരണാധികാരികളുടെ ദൗര്‍ബല്യമാണ്. വികസനത്തെ തങ്ങളുടെ പ്രാഥമിക മാന്‍ഡേറ്റായി കരുതാത്ത (നീതി, അവസര സമത്വം, ദാരിദ്ര്യ നിര്‍മാര്‍ജനം, നിയമവാഴ്ച എന്നിവയേക്കാളൊക്കെ ഉപരി) ഭരണാധികാരികള്‍ ചുരുക്കം. എന്നാല്‍, പിണറായി വിജയന്‍ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് വ്യത്യസ്തനാവുന്നത് വികസനത്തിനു മുന്നിലുള്ള എല്ലാ തടസ്സങ്ങളെയും ഭരണകൂടത്തിന്റെ വിശിഷ്ട ആധിപത്യം ഉപയോഗിച്ച് തരണംചെയ്യുന്നതിലാണ്.
സ്‌റ്റേറ്റ് അതിന്റെ പ്രഖ്യാപിത ശത്രുക്കളായി എണ്ണുന്നവരെല്ലാവരും ഒരുമിച്ചു വരുന്ന രംഗവേദിയായി വികസനവിരുദ്ധ സമരങ്ങളെല്ലാം മുദ്രകുത്തപ്പെടുന്നു. മുഷ്ടിബലമുള്ള പാര്‍ട്ടി മെഷിനറി കൂടി വികസനവിരുദ്ധ സമരങ്ങള്‍ക്കെതിരേ കെട്ടഴിക്കുന്നതോടെ സമരക്കാര്‍ ജനക്കൂട്ട കൈയേറ്റവും പോലിസ് അതിക്രമങ്ങളും ഒരേസമയം നേരിടേണ്ട അവസ്ഥയാണ് ഉണ്ടാവുന്നത്. വികസനം, പുരോഗതി, അടിസ്ഥാന സൗകര്യ വികസനവും വിഭവകൊള്ളയും തമ്മിലുള്ള ബന്ധം എന്നീ കാര്യങ്ങളില്‍ ഒരു മാര്‍ക്‌സിസ്റ്റിനു സഹജമായി ഉണ്ടാവേണ്ട സംശയങ്ങളെല്ലാം തിരസ്‌കരിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന കാഴ്ചപ്പാട്.
വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള നിശ്ചയദാര്‍ഢ്യത്തില്‍ മോദിയും പിണറായിയും തമ്മിലുള്ള സാമ്യം പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ആ സാമ്യത്തിലെ ഏറ്റവും നിര്‍ണായക ഘടകത്തെയാണ്- ജനാധിപത്യമാണ് വികസനത്തിനു മുന്നിലെ വെല്ലുവിളിയെങ്കില്‍ അതും വഴിമാറിയേ മതിയാവൂ, ഇരുവരെ സംബന്ധിച്ചും.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലമാവുമ്പോഴേക്കും പിണറായി വിജയന് 76 വയസ്സാവും. കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉന്നംവയ്ക്കുന്ന സോഷ്യല്‍ എന്‍ജിനീയറിങിനു തടയിടാവുന്ന രാഷ്ട്രീയ മെയ്‌വഴക്കം യുഡിഎഫിനു നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഭരണത്തുടര്‍ച്ച? അവഗണിക്കാനാവില്ല ആ സാധ്യത.
പാര്‍ട്ടിയുടെ നേതൃബിംബങ്ങളില്‍ കലര്‍പ്പില്ലാത്ത തൊഴിലാളിവര്‍ഗ പശ്ചാത്തലം ഉള്ളവരുടെ അവസാന തലമുറയില്‍ പെടും സഖാവ് പിണറായി വിജയന്‍. സ്റ്റേറ്റിനും വികസനത്തിനും 10 വര്‍ഷം അക്ഷീണം ഹുറേ പറയാനുള്ള നിയോഗം തന്നില്‍ നിക്ഷിപ്തമാണെന്ന് തന്റെ സ്വതസിദ്ധമായ നിര്‍മമതയോടെയാണ് സഖാവ് പിണറായി വിജയന്‍ കണക്കാക്കുക. നമ്മുടെ ജനാധിപത്യ വ്യവസ്ഥയെയും ഭൂപ്രകൃതിയെയും അതെങ്ങനെ മാറ്റിത്തീര്‍ക്കും എന്നതാണ് ചോദ്യം.
(കടപ്പാട്: പാഠഭേദം, ജൂലൈ 2018)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss