|    Mar 23 Fri, 2018 7:03 am

പിണറായിയെ പുകഴ്ത്തി കത്തോലിക്കാസഭ മുഖപത്രം

Published : 3rd June 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: ഇത്രയും കാലം യുഡിഎഫിന്റേയും കോണ്‍ഗ്രസ്സിന്റേയും കൂടെ നിന്നിരുന്ന കത്തോലിക്കാസഭ ഭരണം മാറിയതോടെ നിലപാടു മാറ്റുന്നു. കാലാകാലങ്ങളില്‍ ഭരിക്കുന്നവരുടെ ഇഷ്ടം സമ്പാദിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പറ്റുന്ന തൃശൂര്‍ അതിരൂപതയുടെ മുഖപത്രം കത്തോലിക്കാസഭയാണ് പിണറായി സ്തുതികളുമായി രംഗത്തെത്തിയിരിക്കുന്നത്. പിണറായി കരുത്തുറ്റ കമ്മ്യൂണിസ്റ്റാണെന്നാണ് ‘അങ്കം കഴിഞ്ഞു; ഇനി പ്രതീക്ഷയോടെ കേരളം’ എന്ന ശീര്‍ഷകത്തില്‍ ജൂണ്‍ ഒന്നിന് പുറത്തിറങ്ങിയ മുഖപത്രത്തിന്റെ പത്രാധിപകുറിപ്പില്‍ പറയുന്നത്.
മികച്ച ഭരണാധികാരിയാണ് പിണറായി വിജയനെന്നും വിശേഷിപ്പിക്കുന്നുണ്ട്. പുതിയ ലക്കത്തിന്റെ മുഖപ്രസംഗത്തില്‍ ഈ സര്‍ക്കാരില്‍ ഏറെ വിശ്വാസവും അര്‍പ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ പൊടിപടലങ്ങള്‍ അടങ്ങി സംസ്ഥാനം സാധാരണ നിലയിലേക്ക് പോവുമ്പോള്‍ ജയപരാജയങ്ങളുടെ കൈപ്പും മധുരവും മാറ്റിവച്ച് ഭരണ-പ്രതിപക്ഷങ്ങള്‍ നാടിന്റെ നന്മക്കായി ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന ഉപദേശവും പത്രം നല്‍കുന്നു. യുഡിഎഫ് ഭരണം അവസാനിച്ചതോടെ ഇനി ഇടതുപക്ഷത്തോടൊപ്പം നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാണ് കത്തോലിക്കാസഭയുടേയും തൃശൂര്‍ അതിരൂപതയുടേയും ശ്രമമെന്നാണ് മുഖ്യമന്ത്രി സ്തുതി സൂചിപ്പിക്കുന്നത്.
തൃശൂര്‍ അതിരൂപതയ്ക്കും അതിന്റെ നേതാവ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനുമെതിരേ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട നേതാവാണ് പിണറായി. നികൃഷ്ട ജീവിയെന്നാണ് ആന്‍ഡ്രൂസ് താഴത്തിനെ അദ്ദേഹം തേക്കിന്‍കാട് മൈതാനത്തെ സിപിഎം പൊതുയോഗത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വിശേഷിപ്പിച്ചത്. താഴത്തായാലും മേലെയായാലും ഞങ്ങളോട് കളിക്കാന്‍ വരണ്ടാ എന്ന് അന്ന് പിണറായി മുന്നറിയിപ്പ് നല്‍കിയിരുന്നു. 2016ലെ അസംബ്ലി തിരഞ്ഞെടുപ്പിലും തൃശൂര്‍ അതിരൂപതയും കത്തോലിക്കാസഭയും തൃശൂര്‍ ജില്ലയില്‍ യുഡിഎഫിനേയാണ് പിന്തുണച്ചിരുന്നത്. എന്നിട്ടും ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ കൂട്ടത്തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. എല്ലാ നിലയിലും കത്തോലിക്കാസഭയേയും അതിന്റെ നേതാക്കളേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്ന പിണറായിയെ സ്തുതിച്ചു കൊണ്ടുള്ള കത്തോലിക്കാസഭയുടെ മുഖപ്രസംഗം വിശ്വാസികളില്‍ പോലും അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും തുല്യനീതിയും സമഗ്രവികസനവും വാഗ്ദാനം ചെയ്ത് വിജയിച്ച ഇടതു സര്‍ക്കാരിന് വാഗ്ദാനങ്ങള്‍ സഫലമാക്കാന്‍ കഴിയട്ടെ എന്ന ആശംസയോടെയാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
പിണറായി വിജയനെ ആശംസ അര്‍പ്പിക്കാനും മുഖപ്രസംഗത്തില്‍ തയ്യാറായിട്ടുണ്ട്. മാലിന്യസംസ്‌കരണം, മലയോര കര്‍ഷകരുടേയും തീരദേശവാസികളുടേയും പ്രശ്‌നങ്ങള്‍ തുടങ്ങീ മറ്റനേകം രംഗങ്ങളിലും പുതിയ സര്‍ക്കാരിന്റെ ശ്രദ്ധ പതിയാതിരിക്കില്ല. വിദ്യഭ്യാസ രംഗത്ത് ഇപ്പോള്‍ ശമ്പളമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന 3000ഓളം അധ്യാപകരുടെ വിവിധ പ്രശ്‌നങ്ങളിലും സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ട്. സഭയുമായി ബന്ധപ്പെട്ട ഈ വിഷയങ്ങളും മുഖപ്രസംഗത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss