|    Nov 22 Wed, 2017 9:29 am
FLASH NEWS
Home   >  Kerala   >  

പിണറായിയുടെ സ്വത്ത് വിവരം അന്വേഷിക്കണം:വി മുരളീധരന്‍

Published : 10th September 2016 | Posted By: mi.ptk

muraleedharan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം നേതാക്കളുടെയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് വി മുരളീധരന്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവിക്ക് കത്തയച്ചു. പിണറായി വിജയന്റെ മക്കളുടെ വിദേശ പഠനം സംബന്ധിച്ചും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള സിപിഎം നേതാക്കളുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ചും അന്വേഷണം നടത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയക്കാരിലെ അഴിമതിക്കാരെ കുടക്കാനായി ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്ന താങ്കള്‍ളുടെ ശ്രദ്ധയിലേക്കാണ് ഇക്കാര്യങ്ങള്‍  രേഖാമൂലം സമര്‍പ്പിക്കുകയാണെന്നും ഇവ പരിശോധിക്കാന്‍ തയാറാകണമെന്നും കത്തില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണരൂപം:

സംസ്ഥാനത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കുന്ന സംസ്ഥാന വിജിലന്‍സിന്റെ നടപടിയെ സ്വാഗതം ചെയ്യാനും ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടുത്താനുമാണ് ഈ കത്ത്. ഇപ്പോള്‍ നടക്കുന്നത് മാത്രമല്ല യു.ഡി.എഫിലെ മറ്റുപല നേതാക്കളുടെ സ്വത്തു വിവരങ്ങള്‍ സംബന്ധിച്ചും വിജിലന്‍സ് കാര്യമായ പരിശോധന നടത്തേണ്ടതുണ്ട്. അതുകൊണ്ട് യു.ഡി.എഫില്‍ ആരോപണ വിധേയരായ മറ്റു നേതാക്കളുടെ ബിനാമികളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്.

താങ്കള്‍ നടത്തുന്ന വലിയ ശ്രമത്തിന്റെ ഭാഗമായി, സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായ സി.പി.എമ്മിന്റെ നേതാക്കളുടേയും അവരുടെ ബന്ധുക്കളുടേയും സ്വത്തുവിവരങ്ങളെ സംബന്ധിച്ചും അന്വേഷിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സി.പി.എം. നേതാക്കളേയും അവരുടെ മക്കളേയും ബന്ധുക്കളേയും കുറിച്ച് മുന്‍കാലങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ള നിരവധിയായ ആരോപണങ്ങള്‍ താങ്കളുടേയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമെന്നു കരുതുന്നു. ഇതില്‍ പ്രധാനം സി.പി.എം. സംസ്ഥാന സെക്രട്ടറിയും ഒരു തവണ കേളത്തിലെ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ സാമ്പത്തിക സ്രോതസുകളും വന്‍കിട ബിസിനസുകളും സംബന്ധിച്ചതാണ്. രാഷ്ട്രീയ നേതാവു മാത്രമായ കോടിയേരിയുടെ രണ്ടു മക്കളും പ്രത്യേകിച്ച് മറ്റൊരു തൊഴിലിലും ഏര്‍പ്പെടാതെതന്നെ പെട്ടെന്ന് വന്‍കിട ബിസിനസുകളിലേക്ക് പോകുകയായിരുന്നു. ചെറിയ സമയത്തിനുള്ളിലാണ് ഇവര്‍ കോടികള്‍ മുടക്കി വന്‍കിട ബിസിനസുകളിലേക്ക് കടന്നത്. കോടിയേരിയുടെ ഇളയ മകന്‍ ഒരു മലയാളി വ്യവസായിയുടെ കമ്പനിയിലെ വൈസ് പ്രസിഡന്റ്‌പോലും ആയിരുന്നു. കോടിയേരിയുടെ മൂത്തമകനും വിദേശത്ത് വന്‍ ബിസിനസ് സാമ്രാജ്യം വളര്‍ത്തിയെടുത്തുകഴിഞ്ഞു. ഇത്തരത്തില്‍ വന്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലേക്ക് കോടിയേരിയുടെ മക്കളെ എത്തിച്ച സാമ്പത്തിക സ്രോതസ് എന്താണെന്നതിനെക്കുറിച്ച് താങ്കളുടെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നു പ്രതീക്ഷിക്കട്ടെ.

അതുപോലെതന്നെ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ മകന്‍ ബര്‍മിങ്ഹാം സര്‍വകലാശാലയിലാണ് എം.ബി.എ. പൂര്‍ത്തിയാക്കിയത്. ഈ പഠനത്തിനാവശ്യമായ പണം സംബന്ധിച്ച് നിരവധി തവണ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നല്ലോ. കോടിയേരിയുടെ മകന്‍ വൈസ് പ്രസിഡന്റായിരുന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഐ.ടി. കമ്പനിയുടെ മുന്‍ സി.ഇ.ഒ. ആയിരുന്നു പിണറായിയുടെ മകള്‍. ഇവര്‍ ഇപ്പോള്‍ സ്വന്തമായി ഐ.ടി. കമ്പനി നടത്തുന്നു എന്ന ആക്ഷേപമുണ്ട്. സി.പി.എം. എം.പിയായ പി.കെ.ശ്രീമതിയുടെ മകനും വന്‍ ബിസിനസുകള്‍ നടത്തുകയാണ്. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കോടിയേരിയുടെ മകനും കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്ന പി.കെ.ശ്രീമതിയുടെ മകനും ചേര്‍ന്ന് ബിനാമി പേരില്‍ ഒരു മരുന്നു കമ്പനി നടത്തിയിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ മരുന്നു കമ്പനി കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് വന്‍തോതില്‍ മരുന്നു വില്‍ക്കുകയുണ്ടായി. എല്‍.ഡി.എഫിന്റെ ഭരണം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഈ കമ്പനി അപ്രത്യക്ഷമായി. ഇപ്പോള്‍ കേരളത്തിലെ വ്യവസായ മന്ത്രിയായ ഇ.പി.ജയരാജന്റെ മകനും വിദേശത്ത് വന്‍ ബിസിനസ് സംരംഭങ്ങള്‍ നടത്തുകയാണെന്നും വിവരമുണ്ട്. മുന്‍ മുഖ്യമന്ത്രിയായ വി.എസ്.അച്യുതാനന്ദന്റെ മകന്റെ പേരില്‍ അരഡസനോളം കേസുകളുണ്ട്. ഇവയെല്ലാം വളരെ ഗുരുതരവുമാണ്. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ചക്കിട്ടപ്പാറയില്‍ ഖനനാനുമതിക്കായി ഒരു സ്വകാര്യ കമ്പനിയില്‍നിന്നും വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന്, പണം കൊണ്ടുപോയ എളമരം കരീമിന്റെ കാര്‍ െ്രെഡവര്‍തന്നെ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. ഇത് കേരളമാകെ ചര്‍ച്ച ചെയ്ത വിഷയമായതിനാല്‍ താങ്കള്‍ അറിയാതിരിക്കാന്‍ തരമില്ല. ഇതുമായി ബന്ധപ്പെട്ട് പരാതിയുയരുകയും വിജിലന്‍സ് അന്വേഷണം നടത്തുകയും ചെയ്തു. പക്ഷേ യു.ഡി.എഫ്. സര്‍ക്കാര്‍തന്നെ ഈ അന്വേഷണം അട്ടിമറിച്ചു. ഇതും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഇവയില്‍ പലതും പരസ്യമായ രഹസ്യമാണെങ്കിലും ഇതുവരെ ഒരു സര്‍ക്കാരും ഇക്കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല. രാഷ്ട്രീയക്കാരിലെ അഴിമതിക്കാരെ കുടക്കാനായി ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്ന താങ്കള്‍ളുടെ ശ്രദ്ധയിലേക്കാണ് ഇക്കാര്യങ്ങള്‍ ഞാന്‍ രേഖാമൂലം സമര്‍പ്പിക്കുന്നത്. ഇവ പരിശോധിക്കാന്‍ അങ്ങ് തയാറാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

വിശ്വസ്തതയോടെ
വി.മുരളീധരന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക