|    Dec 14 Fri, 2018 9:15 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പിണറായിയുടെ മതേതര സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല: എ കെ ആന്റണി

Published : 27th November 2018 | Posted By: kasim kzm

കോഴിക്കോട്: പിണറായി വിജയന്റെ മതേതര സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും പിണറായിക്കു മുമ്പേ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താനെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി. ബിജെപിക്ക് വെള്ളവും വളവും നല്‍കുന്നത് താനല്ല, പിണറായി വിജയനാണ്. ശബരിമല വിഷയത്തില്‍ ബിജെപിക്ക് കലാപത്തിന് അവസരം നല്‍കുന്ന സിപിഎം ഒത്തുകളി നടത്തുകയാണ്. ബിജെപിയെയും ആര്‍എസ്എസിനെയും വളര്‍ത്തി കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്താമെന്ന വ്യാമോഹം നടക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ആര്‍എസ്എസിനോട് പ്രസംഗത്തില്‍ മാത്രമാണ് മുഖ്യമന്ത്രിക്കു വിരോധം. ആര്‍എസ്എസ് വളരണമെന്നാണ് സിപിഎമ്മിന്റെ ആഗ്രഹം. ശബരിമലയിലെ കലാപങ്ങളുടെ ഒന്നാംപ്രതി മുഖ്യമന്ത്രിയും കൂട്ടുപ്രതികള്‍ ആര്‍എസ്എസും ബിജെപിയുമാണ്.
പിണറായി വിജയനല്ല, ബ്രിട്ടിഷുകാരും സര്‍ സി പി രാമസ്വാമി അയ്യരും വിചാരിച്ചിട്ടും കോണ്‍ഗ്രസ്സിനെ തകര്‍ക്കാനായിട്ടില്ല. കോടതിവിധി ഉപയോഗിച്ചല്ല നവോത്ഥാനമുണ്ടാക്കേണ്ടത്. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയുമെല്ലാം ഇങ്ങനെയല്ല നവോത്ഥാന നായകരായത്. 1964ല്‍ പിറന്ന സിപിഎം എന്തു നവോത്ഥാനമാണ് കേരളത്തില്‍ സൃഷ്ടിച്ചതെന്നും ആന്റണി ചോദിച്ചു. ശബരിമല വിധി വന്നയുടന്‍ കോടതിയില്‍ സാവകാശം തേടാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നു.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിശ്വാസികളോട് പോര്‍വിളി നടത്തിയതാണ് എല്ലാ പ്രകോപനങ്ങള്‍ക്കും കാരണം. ആക്റ്റിവിസ്റ്റായ ഒരു യുവതിയെ പോലിസ്‌വേഷമണിയിച്ച് സന്നിധാനത്തിനടുത്ത് മരക്കൂട്ടം വരെ എത്തിച്ചത് പോലിസിന്റെ വാശിയായിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎം ഇവിടത്തെ രാഷ്ട്രീയ ഇടം ബിജെപിയുമായി പങ്കിട്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഈ ശ്രമം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്നും ആന്റണി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss