|    Jul 26 Wed, 2017 8:18 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പിണറായിയുടെ പ്രഖ്യാപനം നടപ്പായില്ല; തൃശൂര്‍ പോലിസ് അക്കാദമിയില്‍ ബീഫിന് വിലക്ക് തുടരുന്നു

Published : 30th July 2016 | Posted By: SMR

തൃശൂര്‍: തൃശൂരിലെ പോലിസ് അക്കാദമിയിലെ ബീഫിനുള്ള വിലക്ക് തുടരുന്നു. ആദ്യമന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ബീഫ് നിരോധനം പിന്‍വലിക്കുമെന്നും ആര്‍ക്കും ഇഷ്ടമുള്ളത് കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അതു തടയാന്‍ ഒരു ഉദ്യോഗസ്ഥനും സാധ്യമല്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍, രണ്ടുമാസം കഴിഞ്ഞിട്ടും ബീഫ് നിരോധനം തുടരുകയാണ്. ഇപ്പോഴും ആയിരത്തോളം ട്രെയ്‌നികളുള്ള പോലിസ് അക്കാദമിയിലെ മെസ്സുകളില്‍ ബീഫ് ലഭിക്കുന്നില്ല. ആഴ്ചയില്‍ രണ്ടുദിവസം എന്ന പതിവിലാണ് ഇവിടെ മുമ്പ് ബീഫ് വിളമ്പിയിരുന്നത്.
2015 ജനുവരിയില്‍ ആന്ത്രാക്‌സ് ബാധയെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരാണ് പ്രത്യേക ഉത്തരവില്ലാതെ ബീഫ് നിരോധിച്ചത്. ആന്ത്രാക്‌സ് രോഗം ഇല്ലാതായിട്ടും നിരോധനം നീക്കിയിരുന്നില്ല. അക്കാദമിയുടെ ചുമതല ഐജി സുരേഷ് രാജ് പുരോഹിതന്റെ കൈകളിലെത്തിയതോടെ ബീഫ് നിരോധനം ശക്തമായി തന്നെ തുടരുകയായിരുന്നു. ബീഫ് കഴിച്ചതിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ അഖ്‌ലാഖിനെ സംഘപരിവാരം അടിച്ചുകൊന്നതോടെയാണ് തൃശൂര്‍ പോലിസ് അക്കാദമിയിലെ ബീഫ് നിരോധനം പാലക്കാട് എംപി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നാട്ടുകാരെ അറിയിച്ചത്.
യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ട തുടരുന്നുവെന്നും പോലിസ് ട്രെയിനികള്‍ക്ക് ബീഫ് നിരോധിക്കുന്നുവെന്നുമായിരുന്നു രാജേഷിന്റെ പോസ്റ്റ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ഇടതുപക്ഷ അനുകൂല പോലിസ് സംഘടന വളരെ രഹസ്യമായി പോലിസ് ക്യാന്റീനില്‍ ബീഫ് വിളമ്പിയിരുന്നു. സുരേഷ് രാജ് പുരോഹിത് വിവരമറിഞ്ഞെത്തുകയും മെസ്സിലെ ഉദ്യോഗസ്ഥന്‍മാരുടെ യോഗം വിളിച്ച് ബീഫ് വിളമ്പിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു.
ഇടതുപക്ഷ പോലിസ് സംഘടനയുടെ ഭാരവാഹിക്കെതിരേ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആദ്യമന്ത്രിസഭാ യോഗദിവസം തന്നെ പിണറായിയോട് മാധ്യമപ്രവര്‍ത്തകര്‍ പോലിസ് അക്കാദമിയിലെ ബീഫ് നിരോധനത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഉദ്യോഗസ്ഥനെതിരേ ശക്തമായി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനത്തെ തുടര്‍ന്ന് ഐജി നടപടികളില്‍നിന്നു പിന്‍വാങ്ങിയിരുന്നു. ഇദ്ദേഹത്തെ തലസ്ഥാനത്തേക്ക് സ്ഥലംമാറ്റുകയും അക്കാദമിയുടെ തലവനായി ഐജി പി വിജയന്‍ ഐപിഎസിനെ നിയമമിക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക