|    Jan 19 Thu, 2017 8:46 pm
FLASH NEWS

പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

Published : 13th October 2016 | Posted By: SMR

_remith

തലശ്ശേരി: പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. പിണറായി ഓലയമ്പലം പെട്രോള്‍ബങ്കിനു സമീപം കൊല്ലനാണ്ടി വീട്ടില്‍ രമിത്ത് (27) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.45ഓടെയാണ് സംഭവം.
മരുമകള്‍ക്ക് മരുന്നു വാങ്ങുന്നതിനായി വീട്ടില്‍നിന്നു പെട്രോള്‍ബങ്കിനു മുന്‍വശത്തെ ബസ്‌സ്‌റ്റോപ്പിലേക്കു നടന്നുവരവെ നാലംഗ മുഖംമൂടിധാരികള്‍ രമിത്തിനെ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ രമിത്ത് നിലവിളിച്ചതോടെ അമ്മ നാരായണിയും സഹോദരി രമിഷയും വീട്ടില്‍ നിന്ന് ഓടിയെത്തി. മുഖത്തും കഴുത്തിനും ഇരുകൈകള്‍ക്കും മാരകമായി വെട്ടേറ്റ യുവാവ് തൊട്ടടുത്ത കുറ്റിക്കാട്ടില്‍ തളര്‍ന്നുവീണു. ഇയാള്‍ അരമണിക്കൂറോളം അവിടെത്തന്നെ കിടന്നു. ഒടുവില്‍ സമീപത്തെ എക്‌സൈസ് ഓഫിസിലെ ഉദ്യോഗസ്ഥരാണ് അവരുടെ വാഹനത്തില്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. കഴിഞ്ഞ ദിവസം സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം മോഹനനെ കള്ളുഷാപ്പില്‍ ജോലി ചെയ്യവെ ഒരു സംഘം വെട്ടിക്കൊന്നിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് രമിത്തിന്റെ കൊലയെന്നാണ് റിപോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് 48 മണിക്കൂറിനുള്ളില്‍ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയത്.
രമിത്തിന്റെ പിതാവ് ബസ് ഡ്രൈവറായിരുന്ന മട്ടന്നൂര്‍ ചാവശ്ശേരിയിലെ ഉത്തമനെ 2002 മെയ് 21ന് ഒരു സംഘം ബസ്സില്‍ നിന്നു വലിച്ചിറക്കി വെട്ടിക്കൊന്നിരുന്നു. തൊട്ടടുത്ത ദിവസം ഉത്തമന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ബന്ധു കൂടിയായ അമ്മുവമ്മയും അവര്‍ സഞ്ചരിച്ച ജീപ്പിന്റെ ഡ്രൈവര്‍ ശിഹാബും ബോംബേറില്‍ കൊല്ലപ്പെടുകയുണ്ടായി. ഉത്തമന്റെ ഏക മകനായ രമിത്ത് അവിവാഹിതനാണ്. അമ്മ നാരായണി സഹോദരി രമിഷയോടൊപ്പം ഓലയമ്പലത്തെ പെട്രോള്‍ബങ്കിനടുത്ത വീട്ടിലാണ് താമസം.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സംഘര്‍ഷാവസ്ഥ പരിഗണിച്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അക്രമം നടന്ന സ്ഥലത്തിനടുത്ത പെട്രോള്‍ബങ്കില്‍ സിസിടിവി പ്രവര്‍ത്തിക്കുന്നതിനാല്‍ അക്രമികളെക്കുറിച്ച് പോലിസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
ഇന്നു ബിജെപി ഹര്‍ത്താല്‍
തിരുവനന്തപുരം: കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ രമിത്തിനെ കൊലപ്പെടുത്തിയ സിപിഎം നടപടയില്‍ പ്രതിഷേധിച്ച് ഇന്നു സംസ്ഥാനവ്യാപകമായി ഹര്‍ത്താലിനു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ആശുപത്രി, മെഡിക്കല്‍ സ്‌റ്റോര്‍, പാല്‍, പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
ഇന്നുവൈകീട്ട് സംസ്ഥാനത്തെ എല്ലാ ബൂത്തുതലങ്ങളിലും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ വിജയിപ്പിക്കണമെന്നും കുമ്മനം രാജശേഖരന്‍ അഭ്യര്‍ഥിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 325 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക