|    Oct 17 Wed, 2018 2:54 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പിണറായിയിലെ പാവം സല്‍ക്കാര പ്രിയന്‍..!

Published : 9th September 2017 | Posted By: fsq

വര്‍ഗവഞ്ചകന്‍, കുലംകുത്തി എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ കമ്യൂണിസ്റ്റ് നിഘണ്ടുവില്‍നിന്നു നീക്കം ചെയ്തതായി ഇതുവരെ എകെജി സെന്ററില്‍നിന്ന് അറിയിപ്പൊന്നും വന്നിട്ടില്ല. ആ വാക്കുകള്‍ ചിലരുടെ കാര്യത്തില്‍ മാത്രം പാര്‍ട്ടി പരിമിതിപ്പെടുത്തിയതായും അറിവില്ല.കൊന്നു തീര്‍ക്കാനാവാത്ത രാഷ്ട്രീയ പ്രതിയോഗികളെ തെരുവോരങ്ങളില്‍ ശുംഭന്‍മാരാക്കി ശീലിച്ച കേരളത്തിലെ മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ വാമൊഴി വഴക്കം വച്ച് നോക്കിയാല്‍ കേരളത്തില്‍ നിന്നുള്ള പുതിയ കേന്ദ്രമന്ത്രി ഒന്നാംതരം വര്‍ഗവഞ്ചകനും കുലംകുത്തിയുമാണ്. ഇന്ത്യന്‍ ഭരണ സര്‍വീസിലിരുന്ന് കേരളത്തിലും ഡല്‍ഹിയിലുമൊക്കെ ധാരാളം ശത്രുക്കളെ സമ്പാദിച്ചു കൊണ്ടിരുന്ന മണിമലക്കാരന്‍ ഐഎഎസ് അച്ചായനെ ഒരു സുപ്രഭാതത്തില്‍ പിണറായി രാഷ്ട്രീയത്തിലേക്കു കൈപിടിച്ച് കൊണ്ടുവന്ന് കാഞ്ഞിരപ്പള്ളിയില്‍ സീറ്റ് കൊടുത്ത് ജയിപ്പിച്ചു. അമിത്ഷായാണ് തന്റെ മിശിഹാ എന്ന് ഇപ്പോള്‍ പറയുന്നപോലെ, പിണറായിയാണ് തന്റെ മിശിഹായെന്നാണ് അന്ന് അദ്ദേഹം ഉപകാര സ്മരണയായി മൊഴിഞ്ഞത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് കൊടുക്കില്ലെന്നോ കൊടുത്താലും ജയിക്കില്ലെന്നോ തീരുമാനമാവും മുമ്പ് പുള്ളിക്കാരന്‍ ഇടതു പാളയത്തില്‍നിന്നു രാജിവച്ച് ബിജെപിയിലോട്ട് ചേക്കേറി. 2011ലെ തിരഞ്ഞെടുപ്പ് കാലത്ത് ജൂദാസ്, വഞ്ചകന്‍ എന്നൊക്കെയാണ് ഇടത് പ്രചാരണ മൈക്കുകളില്‍നിന്ന് മണിമലക്കാരനെതിരേ നിര്‍ഗളിച്ച വിശേഷണങ്ങള്‍. ടിയാന്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ ഇരിക്കില്ലെന്നുപോലും ചില സഖാക്കള്‍ കട്ടായം പറഞ്ഞു. ആ കുലംകുത്തി കാലത്തില്‍നിന്ന് പുതിയ കേന്ദ്രമന്ത്രി സുവിശേഷത്തിലേക്ക്. മണിമലപ്പുഴയിലും മീനച്ചിലാറ്റിലുമൊന്നും അധികം വെള്ളം ഒലിച്ചുപോയിട്ടില്ല. പക്ഷേ, മണിമലക്കാരന്‍ വര്‍ഗവഞ്ചകന്‍ സത്യപ്രതിജ്ഞ ചെയ്തിറങ്ങിയ പാടേ പിണറായിക്കാരനായ പാവം മുഖ്യമന്ത്രി സല്‍ക്കരിക്കാന്‍ ഡല്‍ഹിയില്‍ പാഞ്ഞെത്തി..!ഓര്‍മകള്‍ ഉണ്ടാവണമല്ലോ നമുക്ക്. 2004ലെ മന്‍മോഹന്‍ മന്ത്രിസഭയില്‍ മുസ്‌ലിംലീഗുകാരനായ മലയാളി എംപിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച ദിവസം പുറത്തുവന്ന വിപ്ലവ നേതാവിന്റെ പ്രസ്താവന പത്ര താളുകളില്‍ മഷിയുണങ്ങാതെ കിടപ്പുണ്ട്. അഹമ്മദ് സാഹിബിനെ കേന്ദ്രമന്ത്രിയാക്കുക വഴി ഇന്ത്യന്‍ മതേതരത്വത്തിന്റെ ഗോപുരങ്ങള്‍ തകര്‍ന്ന് തരിപ്പണമായെന്നാണ് അന്ന് വേലിക്കകത്തെ വിപ്ലവ നായകന്‍ ആശങ്കപ്പെട്ടത്. പുതിയ കാഴ്ചകള്‍ അഹമ്മദില്‍നിന്നു കണ്ണന്താനത്തേക്കുള്ള മാറ്റമോ അതോ പുന്നപ്ര വയലാര്‍ വിപ്ലവത്തില്‍നിന്നു പിണറായിയിലേക്കുള്ള മാറ്റമോ എന്ന് കാലം പറയട്ടെ..!

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss