|    Jul 28 Fri, 2017 4:24 pm
FLASH NEWS

പിടിയിലായവര്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധം; പദ്ധതിയിട്ടത് ഒമ്പതു കോടിയുടെ കള്ളനോട്ട് നിര്‍മാണത്തിന്

Published : 3rd September 2016 | Posted By: SMR

കട്ടപ്പന: നൂറു രൂപയുടെ കള്ളനോട്ടുമായി കഴിഞ്ഞ ഞായറാഴ്ച കട്ടപ്പനയില്‍ പിടിയിലായ പുറ്റടി കടിയന്‍കുന്നില്‍ കെ കെ രവീന്ദ്രന്‍ (56) ബംഗളുരു കേന്ദ്രമാക്കിയുള്ള വന്‍ കള്ളനോട്ട് സംഘത്തിലെ കണ്ണിയാണെന്നു പോലിസ് കണ്ടെത്തി.
സംഘത്തിന് അന്തര്‍ സംസ്ഥാന ബന്ധമുണ്ടായിരുന്നെന്നും ഒമ്പത് കോടിയുടെ ഓര്‍ഡര്‍ ലഭിച്ചിരുന്നെന്നും പിടിയിലായ പ്രതിയില്‍ നിന്ന് വിവരം ലഭിച്ചു. കള്ളനോട്ട് സംഘത്തിലെ പ്രധാനിയായ നെടുങ്കണ്ടം പച്ചടി കിഴക്കേതില്‍ പി കെ സുനില്‍ കുമാര്‍ (38), കാഞ്ഞിരപ്പള്ളി സ്വദേശി ഷെരീഫ്, കോയമ്പത്തൂര്‍ സ്വദേശി നിധിഷ് എന്നിവര്‍ക്കു വേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
പിടിയിലായ പ്രതിയുമായി ബംഗളുരുവിലേക്കു പോയ പോലിസ് സംഘം അവിടെ ഇലക്ട്രോണിക് സിറ്റി കേന്ദ്രമാക്കി നടത്തിയ അനേഷണത്തില്‍ കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തി. ഹേബകുടി പോലിസ് സ്റ്റേഷന്‍ പരിധിയിലെ ആനന്ദകുണ്ടു നിസര്‍ഗ വൃന്ദാവന്‍ ലോഡ്ജിലെ 375 മുറിയിലാണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്. നോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍, സ്‌ക്രീന്‍ പ്രിന്റിംഗ് ഉപകരണങ്ങള്‍, മഷി, കളറുകള്‍ എന്നിവ ഉള്‍പ്പെടെ 22-ഓളം സാധനങ്ങള്‍ മുറിയില്‍ നിന്ന് പോലിസ് പിടിച്ചെടുത്തു.
രവീന്ദ്രന്റെ സംഘത്തിലെ പ്രധാനി സുനില്‍കുമാര്‍ ബാംഗളൂരുവില്‍ ഇലക്ട്രിക്കല്‍ ജോലി നടത്തുന്നതിന്റെ മറവിലായിരുന്നു കള്ളനോട്ട് അച്ചടിയും വിതരണവും. സുനിലും സംഘത്തിലെ മറ്റ് അംഗങ്ങളായ ഷെരിഫ്, നിധിഷ് എന്നിവരും മുമ്പ് കള്ളനോട്ട് കേസില്‍ ഉള്‍പെട്ടവരാണ്.
അഞ്ച് മാസം മുമ്പാണ് സംഘം ബംഗളൂരുവില്‍ മുറിയെടുത്തു പ്രിന്റിങ് തുടങ്ങിയത്. പോലിസ് ബംഗളൂരുവിലെ മുറിയില്‍ നടത്തിയ അന്വേഷണത്തിനിടെ രവീന്ദ്രന്‍ ഇടുക്കി കാമാക്ഷിയില്‍ കള്ളനോട്ട് പണം ഉപയോഗിച്ച് വാങ്ങിയ 50 സെന്റ്സ്ഥലത്തിന്റെ ആധാരവും കണ്ടെടുത്തു.1000,500,100 രൂപയുടെ നോട്ടുകളാണ് സംഘം അച്ചടിച്ചിരുന്നത്.
കട്ടപ്പന ഡിവൈഎസ്പി: രാജ്മോഹന്‍, സിഐ: അനില്‍കുമാര്‍, എസ്‌ഐ മഹേഷ്‌കുമാര്‍, എഎസ്‌ഐ സിബി, എസ്സിപിഒ പ്രകാശ്, ജെയിംസ്, സിപിഒ ടോം എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക