|    Oct 20 Fri, 2017 6:22 pm
FLASH NEWS

പിടിയിലായത് മാല കവര്‍ച്ച കേസിലെ പ്രതി; 700 പൊതി നീലച്ചടയന്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Published : 15th October 2016 | Posted By: Abbasali tf

കൊല്ലം: കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ റെയ്ഡില്‍ മയ്യനാട് ചന്തമുക്ക് ഭാഗത്തുനിന്നും 700 പൊതി കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം കയ്യാലക്കല്‍ ചേരിയില്‍ പുളിയറ തെക്കതില്‍ വീട്ടില്‍ മനോജി(34)നെയാണ് അറസ്റ്റ് ചെയ്തത്. നീലച്ചടയന്‍ ഇനത്തില്‍പ്പെട്ട കൂടിയ ഇനം കഞ്ചാവ്  ചെറുപൊതികളിലാക്കി മയ്യനാട്, ഇരവിപുരം, പള്ളിമുക്ക് പ്രദേശങ്ങളിലാണ് പ്രതി വില്‍പ്പന നടത്തുന്നത്. പ്രതിയില്‍നിന്നും കഞ്ചാവ് വാങ്ങുന്നവരെപ്പറ്റി എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതി മുമ്പ് ബൈക്കില്‍ കറങ്ങി മാല പൊട്ടിച്ച കേസില്‍ പോലിസ് പിടിയിലായിട്ടുണ്ട്. അടുത്തിടെ കൊല്ലം സര്‍ക്കിള്‍ പാര്‍ട്ടി കണ്ടെടുത്ത കഞ്ചാവ് കേസുകളില്‍ ഏറ്റവും കൂടിയ ഇനമായ നീലച്ചടയന്‍ ഇനത്തില്‍പ്പെട്ട ഇടുക്കി കഞ്ചാവാണ് പ്രതിയില്‍നിന്ന് പിടികൂടിയത്. പച്ചനിറം കൂടുതലും കൂടുതല്‍ ലഹരി പകരുന്നതുമായ കഞ്ചാവാണ് നീലച്ചടയന്‍ വിഭാഗത്തില്‍പ്പെടുന്നത്. പ്രതിക്ക് കഞ്ചാവ് നല്‍കിയ ആളിനെപ്പറ്റി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി രാജേഷ് പറഞ്ഞു. 500 രൂപയുടെയും ആയിരത്തിന്റെയും ഓരോ കെട്ടുകളാക്കിയാണ് കഞ്ചാവ് പ്രതി സൂക്ഷിച്ചിരുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഷാഡോ സംഘത്തെ നിയോഗിച്ചിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ ഒരു ലക്ഷത്തില്‍പ്പരം രൂപ വില വരുമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.റെയ്ഡില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി രാജേഷിനൊപ്പം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജെ പി ആന്‍ഡ്രൂസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബാലചന്ദ്രകുമാര്‍, ഫ്രാന്‍സിസ് ബോസ്‌കോ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുരേഷ് ബാബു, ബിജുമോന്‍, സതീഷ് ചന്ദ്രന്‍, രാജു, രഞ്ജിത്, ദിലീപ് എന്നിവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക