|    Dec 16 Sun, 2018 1:25 pm
FLASH NEWS

പിടിച്ചെടുത്ത വ്യാജ തേന്‍ കടത്തിക്കൊണ്ടുപോയി

Published : 7th June 2018 | Posted By: kasim kzm

കാളികാവ്: ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത വ്യാജ തേന്‍ മുഴുവനായും കടത്തിക്കൊണ്ടുപോയി. ചോക്കാട് 40 സെന്റില്‍ നിന്ന് ഏപ്രില്‍ 18ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയ തേനാണ് കടത്തിയത്. ആളൊഴിഞ്ഞ വീട്ടില്‍ വ്യാജ തേന്‍ നിര്‍മിക്കുന്നതിനുവേണ്ടി 21 ബാരലുകളില്‍ പഞ്ചസാര ലായനി കലക്കി വച്ച നിലയിലായിരുന്നു. തേനീച്ചകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ലായനിയാണെന്നാണ് ഉടമകളുടെ വാദം. തെളിവുകളൊന്നും ബാക്കിവയ്ക്കാതെ ബാരലുകളിലും കന്നാസുകളിലും നിറച്ചുവച്ചിരുന്ന മുഴുവനും കടത്തിക്കൊണ്ടുപോയിട്ടുണ്ട്.  ആരോഗ്യ വകുപ്പിന്റേയോ പഞ്ചായത്തിന്റേയോ അനുമതിയില്ലാതെയായിരുന്നു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
നാല്‍പത് സെന്റ് കെട്ടുങ്ങല്‍ റോഡില്‍ ആളൊഴിഞ്ഞ പ്രദേശത്താണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ജില്ലാ ഫുഡ്‌സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുഗുണന്‍, വണ്ടൂര്‍ ഫുഡ്‌സേഫ്റ്റി ഓഫിസര്‍ കെ ജസീല, നിലമ്പൂര്‍ ഫുഡ്‌സേഫ്റ്റി ഓഫിസര്‍ എസ് ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചോക്കാട് പിഎച്ച്‌സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഗിരീഷ് കുമാര്‍, കാളികാവ് പോലിസ് ഓഫിസര്‍മാര്‍, വനം വകുപ്പ് അധികൃതര്‍ എന്നിവരും വീട് പരിശോധനയ്‌ക്കെത്തിയിരുന്നു. മുവ്വായിരത്തോളം ലിറ്റര്‍ പഞ്ചസാര ലായനിയാണ് വീടിനുള്ളില്‍ സൂക്ഷിച്ചിരുന്നത്. ഏതാനും ലിറ്റര്‍ തേനുമുണ്ടായിരുന്നു. ഇപ്പോള്‍ തേനീച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്ന സമയമല്ലെന്നും മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്ത് വ്യാജ തേന്‍ നിര്‍മിക്കുകയാണ് ചെയ്യുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. വൃത്തിഹീനമായ സ്ഥലത്ത് പഞ്ചസാര ലായനി തിളപ്പിച്ച് കുറുക്കിയെടുത്ത് ഫെവിക്കോളും മാരകമായ കെമിക്കലുകളും ചേര്‍ത്ത് വ്യാജ തേന്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും ധാരാളമുണ്ട്.
അടുത്ത മാസങ്ങളില്‍ തേനീച്ചകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള ലായനിയാണ് ഇതെന്ന് ഉടമയായ വരമ്പന്‍ പൊട്ടി സ്വദേശി വള്ളിക്കാടന്‍ ഷഫീഖ് സഹായിയായ പുത്തന്‍വീട്ടില്‍ ഉണ്ണി എന്നിവര്‍ പറഞ്ഞു. പരിശോധനകള്‍ക്കു ശേഷമേ വ്യാജ തേനാണോയെന്ന് കണ്ടെത്താനാവൂയെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍, രണ്ട് മാസമായിട്ടും പരിശോധന ഫലം ലഭിച്ചിട്ടില്ല. ആയിരക്കണക്കിന് ലിറ്റര്‍ വ്യാജ തേന്‍ പിടികൂടിയിട്ടും ഫലം വൈകുന്നതില്‍ ദുരൂഹതയണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തേന്‍ ഇവിടെ നിന്നു മാറ്റിയതെന്നും ആരോപണമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss