|    Aug 20 Sun, 2017 9:01 pm
FLASH NEWS

പിടിച്ചെടുത്ത ഗുളികകള്‍ മയക്കുമരുന്നല്ലെന്ന് സെന്‍ട്രല്‍ ലാബ്

Published : 5th August 2017 | Posted By: fsq

 

വടകര : ഏറെ പ്രമാദമായ മയക്കുമരുന്ന് വേട്ടക്കോടുവില്‍ രാസ പരിശോധനാ ഫലം വന്നപ്പോള്‍ മയക്കു മരുന്ന് വെറും വേദനാ സംഹാരിയായി. ഇതോടെ മയക്കുമരുന്ന് പിടിച്ഛെടുത്തു എന്നവകാശപ്പെട്ട കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ഫയല്‍  സംസ്ഥാന ഡ്രഗ്ഗ് കണ്‍ട്രോളര്‍ക്ക് ഫയല്‍ കൈമാറിക്കൊടുക്കാനാവശ്യപ്പെട്ട് വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ അപേക്ഷ ഫയല്‍ചെയ്ത് തലയൂരി. ഇതോടെ കോടതി മുഴുവന്‍ ഫയലും ഡ്രഗ്ഗ് കണ്‍ട്രോളര്‍ക്ക് കൈമാറുകയും ചെയ്തു. 2017 ജനുവരി 20ന് കൊച്ചി നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ സബ്ബ് സോണ്‍ ഇന്റലിജന്‍സ് ഓഫീസറായ മാത്യൂസ് വര്‍ഗ്ഗീസും സംഘവുമാണ് മുംബൈ-മംഗളാ ലക്ഷദ്വീപ് എക്‌സ്പ്രസ്സില്‍ യാത്രചെയ്തു വരവെ മലപ്പുറം മങ്കട സ്വദേശിയായ കാരാട്ട് വിനോദിനെ(39) തലശ്ശേരി വച്ച് കസ്റ്റഡിയിലെടുക്കുന്നത്. വിനോദില്‍ നിന്ന്  പതിനായിരത്തിലധികം വരുന്ന  4കിലോ 400 ഗ്രാം വരുന്ന ഗുളികകള്‍ കസ്റ്റഡിയിലെടുത്തതായും ഇത് മയക്കുമരുന്നായ അല്‍ഫ്രാസോളം ആണെന്നും ആരോപിച്ച് അറസ്റ്റ് ചെയ്തതായും കോടതിയില്‍ റിപോര്‍ട്ട് സഹിതം ബോധിപ്പിച്ചിരുന്നു.  ജാമ്യാപേക്ഷയെ പ്രോസിക്യൂട്ടര്‍ ശക്തമായി എതിര്‍ത്തതോടെ 4 മാസങ്ങളോളം വിനോദ് ജയിലായി. ഇതിനിടെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ സാമ്പിളുകള്‍ ഹൈദ്രബാദിലെ സെന്‍ട്രല്‍ ലാബിലേക്ക് രാസ പരിശോധനക്കയച്ചു. രാസപരിശോധനയില്‍ ഇത് ആല്‍പ്രസോണല്ലെന്നും ട്രമഡോള്‍ എന്ന വേദനസംഹാരി ഗുളികയാണെന്നും തെളിഞ്ഞു. ഈ ഗുളിക ഡ്രഗ്ഗ് കണ്‍ട്രോള്‍ ബോര്‍ഡ് നിരോധിച്ചതാണെങ്കിലും മയക്കുമരുന്ന് ഇനത്തില്‍ പെടുന്നതല്ലെന്നും പരിശോധനയില്‍ തെളിഞ്ഞു. ഇതോടെ ഹൈക്കോടതി വിനോദിനെ ജാമ്യത്തില്‍ വിട്ടയക്കുകയും വടകര നാര്‍ക്കോട്ടിക്ക് കോടതി കേസ് ഫയലില്‍ നിന്നും നീക്കുകയും ചെയ്തു. അന്യായമായി വിനോദിനെ ജയിലടച്ച നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വിനോദിന്റെ അഭിഭാഷകന്‍ പിപി സുനില്‍കുമാര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക