|    Nov 16 Fri, 2018 8:37 am
FLASH NEWS
Home   >  Kerala   >  

പിടികൂടിയത് ഇരുപത്തെട്ടായിരം കിലോയിലേറെ മല്‍സ്യം, തിരിച്ചയച്ചതില്‍ വിശദീകരണവുമായി മന്ത്രി

Published : 26th June 2018 | Posted By: G.A.G

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിടിച്ചെടുത്തത് ഇരുപതെട്ടായിരം കിലോയിലേറെ ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം. ഫോര്‍മാലിനും അമോണിയയും ഉള്‍പ്പടെയുള്ള വിഷപദാര്‍ഥങ്ങള്‍ അടങ്ങിയ മല്‍സ്യം വിവിധ ചെക്ക് പോസ്റ്റുകളില്‍ നിന്ന് പിടികൂടി കയറ്റിവിട്ട സംസ്ഥാനങ്ങളിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. ഇത്തരത്തില്‍ തിരിച്ചയച്ച മല്‍സ്യം കേരളത്തില്‍ സംസ്‌കരിക്കാന്‍ സൗകര്യമില്ലാത്തതിനാലാണ് തിരിച്ചയച്ചതെന്നും അവ നശിപ്പിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെകെശൈലജ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ഒരു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ തിരിച്ചയക്കുന്ന ലോഡിനൊപ്പം പോയി അതാത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. ഈ മല്‍സ്യം പിന്നീട് എന്തു ചെയ്തുവെന്ന് റിപോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തിലാണ് മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന മല്‍സ്യം
വന്‍തോതില്‍ പിടികൂടിയത്. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ 9,600 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. രണ്ട് വാഹനങ്ങളിലായി തൂത്തുക്കുടിയില്‍ നിന്നെത്തിയ മത്സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്. 7,000 കിലോഗ്രാം ചെമ്മീനും 2,600 കിലോഗ്രാം മറ്റു മത്സ്യങ്ങളുമാണ് ഇവയിലുണ്ടായിരുന്നത്.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിക്കാനാംഭിച്ചതാണ് മല്‍സ്യത്തിലെ വിഷാംശം കണ്ടെത്തുന്നത് എളുപ്പമാക്കിത്തീര്‍ത്തതും ഇത്രയേറെ ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം പിടികൂടാനായതെന്നും മന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ എറണാകുളത്തെ ലാബില്‍ മത്സ്യം വിദഗ്ധ പരിശോധനയ്ക്കയച്ചിട്ടുമുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ച് കൂട്ടിയിട്ടുണ്ട്. ഇന്നുച്ചയ്ക്ക് 12 മണിക്ക് മന്ത്രിയുടെ ചേംബറില്‍ വച്ചാണ് യോഗം നടക്കുന്നത്. പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നുള്ള 6,000 കിലോഗ്രാം ചെമ്മീനിലും തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നിന്നുള്ള 6,000 കിലോഗ്രാം മത്സ്യത്തിലും ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു.
വിദഗ്ധ ലാബ് പരിശോധനയില്‍ ഈ മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ സ്ഥീരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം വാളയാറില്‍ നിന്നും പിടികൂടിയ ചെമ്മീനില്‍ കിലോഗ്രാമിന് 4.1 മില്ലീഗ്രാം എന്ന അളവില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതായി സ്ഥീരീകരിച്ചു. ഇവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss