|    Jan 24 Tue, 2017 2:34 am

പിഞ്ചുകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദമ്പതികളെ തെരുവുനായ കടിച്ചുകീറി

Published : 27th August 2016 | Posted By: SMR

ശ്രീകാര്യം: വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഒരു വയസ്സുകാരനെ ആക്രമിക്കാനെത്തിയ തെരുവു നായയില്‍ നിന്നു കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ച ദമ്പതികളെ തെരുവുനായ കടിച്ചു. ശ്രീകാര്യം റോസ് നഗറില്‍ ഇന്നലെ രാവിലെ ഏേഴാടെയായിരുന്നു സംഭവം.
അമ്മ മുറ്റമടിക്കുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന ഒരു വയസ്സുകാരന്‍ അലന്‍ വര്‍ഗീസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ റോസ് നഗര്‍ ഹൗസ്‌നമ്പര്‍ 75 ല്‍ പുതുവിളവീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഗീ വര്‍ഗീസ് (33), ഭാര്യ ജിനു വര്‍ഗീസ് (24) എന്നിവര്‍ക്കാണു തെരുവുനായയുടെ കടിയേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായ കുട്ടിയെ ആക്രമിക്കുമെന്നു മനസ്സിലാക്കിയ ജിനു വര്‍ഗീസ് ഓടിയെത്തി കുഞ്ഞിനെ എടുത്ത് ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്നു നായ ജിനുവിന്റെ കാലില്‍ കടിക്കുകയായിരുന്നു.
അമ്മയുടെയും കുട്ടിയുടെയും നിലവിളി കേട്ട് ഓടിയെത്തിയ ഗീവര്‍ഗീസിന് നായയെ പിടിച്ചുമാറ്റുന്നതിനിടെയാണു കടിയേറ്റത്. ഗീവര്‍ഗീസിന്റെ വലതു കൈയില്‍ നായ കടിച്ചുതൂങ്ങുകയായിരുന്നു. നായയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഗീവര്‍ഗീസും ജിനുവും ശ്രമിച്ചുവെങ്കിലും ഫലംകണ്ടില്ല. ഒടുവില്‍ വീട്ടിന്റെ ഒരു വശത്തേക്ക് കടിച്ചുതൂങ്ങിയ നായയുമായി ഓടുന്നതിനിടയില്‍ പിടിവിട്ട് വീട്ടിനു സമീപമുള്ള താഴ്ചയിലേക്ക് നായ തെറിച്ചുവീഴുകയായിരുന്നു.
വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി ദമ്പതികളെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചു. റോസ് നഗറിലും പരിസര പ്രദേശങ്ങളിലും നായ ശല്യം അതിരൂക്ഷമാണ്. നിരവധി തവണ നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും ഒരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്. ശ്രീകാര്യം ജങ്ഷനുള്‍പ്പെടെ പ്രദേശങ്ങളില്‍ തെരുവുനായകളുടെ ശല്യം ഏറുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക