|    Dec 12 Wed, 2018 8:31 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പിജി വിദ്യാര്‍ഥികളുടെ സമരം പിന്‍വലിച്ചു

Published : 23rd December 2017 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ്‌സര്‍ജന്മാരും ഇന്നു മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു തീരുമാനം. ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായ വര്‍ധന പിന്‍വലിക്കുക, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക, ബോണ്ട് കാലാവധി കുറയ്ക്കുക, പ്രമോഷന്‍ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരത്തിനൊരുങ്ങിയത്. ലക്ചറര്‍ നിയമനത്തിലടക്കം സംയുക്ത സമരസമിതി ഉന്നയിച്ച ആശങ്കകള്‍ പരിഗണിക്കാമെന്ന ആരോഗ്യവകുപ്പിന്റെ ഉറപ്പിലാണു സമരം പിന്‍വലിച്ചതെന്ന് വിദ്യാര്‍ഥിപ്രതിനിധികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും അനുഭാവപൂര്‍വം പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍പ്രായവര്‍ധനയില്‍ നിന്ന് പിന്നാക്കംപോവാനാവില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പെന്‍ഷന്‍ പ്രായം 60 വയസ്സില്‍ നിന്ന് 62 ആയും ആരോഗ്യവകുപ്പില്‍ 56ല്‍ നിന്ന് 60 ആയും ഉയര്‍ത്തിയിരുന്നു. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനാണ് നടപടിയെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. യോഗ്യരായ അധ്യാപകരില്ലാത്തതിനാല്‍ മെഡിക്കല്‍ കോളജുകളുടെ പല സീറ്റുകളുടെയും അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഇതെല്ലാം മുന്നി ല്‍ക്കണ്ട് ഇവയെപ്പറ്റി പഠിച്ച് വിലയിരുത്തിയശേഷമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെ ന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാ ന്‍ തീരുമാനിച്ചത്. എന്നാല്‍, ഇതൊരുതരത്തിലും ജൂനിയര്‍ ഡോക്ടര്‍മാരെയോ പിജി ഡോക്ടര്‍മാരെയോ ബാധിക്കില്ല. നിലവിലുള്ള ഒഴിവുകള്‍ പരമാവധി നികത്തിയിട്ടുണ്ട്. കാലതാമസം കൂടാതെ നിയമനങ്ങള്‍ നടത്താന്‍ പിഎസ്‌സിയോട് ആവശ്യപ്പെടും. ഇതോടൊപ്പം ഡോക്ടര്‍മാരുടെ പ്രമോഷന്‍ ഉള്‍പ്പെടെയുള്ളവ യഥാസമയം നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കും. ആരോഗ്യമേഖലയില്‍ ഈ സര്‍ക്കാര്‍ വന്നശേഷം 4700 തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി തസ്തികകളാണ് വിവിധ ആശുപത്രികളിലായി സൃഷ്ടിച്ചുവരുന്നത്. ഈ വര്‍ഷത്തിലുള്ളതിനേക്കാള്‍ ഇരട്ടി തസ്തികകള്‍ അടുത്ത വര്‍ഷം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.  എന്‍ട്രി കാഡര്‍ അസിസ്റ്റന്റ് പ്രഫസര്‍ ആക്കണമെന്നും പിജി വിദ്യാര്‍ഥികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പിജി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എംബിബിഎസുകാരെയും പരിഗണിക്കാന്‍ സ്‌പെഷ്യല്‍ റൂള്‍ തയ്യാറാക്കിവരുകയാണെന്നും മന്ത്രി വ്യക്തമാക്കി. പിജി വിദ്യാര്‍ഥികളുടെ ബോണ്ട് വ്യവസ്ഥയെപ്പറ്റി വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആക്ഷേപത്തില്‍ അവര്‍ കൂടി അംഗങ്ങളായ കമ്മിറ്റി ജനുവരി 3ാം തിയ്യതി യോഗം കൂടി തീരുമാനമെടുക്കും. ആരോഗ്യവകുപ്പ് അഡീഷ നല്‍ ചീഫ് സെക്രട്ടറി ഡോ. രാജീവ് സദാനന്ദന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. അജയകുമാര്‍, പിജി വിദ്യാര്‍ഥി പ്രതിനിധികളായ ഡോ. രാഹുല്‍ യു ആര്‍, ഡോ. മിഥുന്‍ മോഹന്‍, ഡോ. രോഹിത് കൃഷ്ണ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss