|    Oct 22 Mon, 2018 2:11 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പിഎസ്‌സി ഹയര്‍സെക്കന്‍ഡറി പരീക്ഷാ അപേക്ഷകരില്‍ വ്യാജ ബിരുദക്കാര്‍

Published : 11th September 2017 | Posted By: fsq

 

നസ്‌റുല്ല മാമ്പ്രോല്‍

വാണിമേല്‍: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്താനിരിക്കുന്ന ഹയര്‍സെക്കന്‍ഡറി അധ്യാപക പരീക്ഷയ്ക്ക് അപേക്ഷകരായി നിരവധി വ്യാജബിരുദധാരികള്‍. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റുമാണ് പ്ലസ്ടു തലത്തില്‍ പഠിപ്പിക്കാനുള്ള യോഗ്യത. സെറ്റ് പരീക്ഷ വിജയിക്കാത്തവര്‍ക്ക് എംഫില്‍/ എംഎഡ് ഡിഗ്രി മതിയെന്നാണ് നിലവിലെ വ്യവസ്ഥ. ഇത് മറയാക്കിയാണ് നൂറുകണക്കിനു പേര്‍ വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്നു തരപ്പെടുത്തിയ വ്യാജബിരുദം കാണിച്ച് പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലെ കോളജുകളില്‍ നിന്നാണ് ഇത്തരക്കാര്‍ ഗവേഷണ ബിരുദമായ എംഫില്‍ സ്വന്തമാക്കുന്നത്. 40,000 മുതല്‍ ഒരു ലക്ഷം രൂപ വരെ നല്‍കിയാണ് ഇത്തരം വ്യാജയോഗ്യത കരസ്ഥമാക്കുന്നത്. തമിഴ്‌നാട്ടിലെ ഭാരതിയാര്‍, ഭാരതീദാസന്‍, അണ്ണാമലൈ, മധുരൈ കാമരാജ് തുടങ്ങിയ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളജുകെളയാണ് ഇത്തരം ബിരുദങ്ങള്‍ക്കായി മലയാളി വിദ്യാര്‍ഥികള്‍ മുഖ്യമായും ആശ്രയിക്കുന്നത്.തമിഴ്നാട് പുതുക്കോട്ടെയിലുള്ള ജെജെ കോളജ്, അദിരാംപട്ടണം ഖാദര്‍ മൊയ്തീന്‍ കോളജ്, വേട്ടമംഗലം കാംബ്രിഡ്ജ് കോളജ്, ഇലുപ്പൂര്‍ സുദര്‍ശന്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നു ഗവേഷണ പ്രബന്ധങ്ങള്‍ പോലും സമര്‍പ്പിക്കാതെ ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയവര്‍ അനവധിയാണ്. പരീക്ഷയോടടുപ്പിച്ച് കോളജ് അധികൃതര്‍ നല്‍കുന്ന ചോദ്യപേപ്പര്‍ പഠിച്ച് എഴുതി വിജയിക്കുന്നതാണ് ഇവിടെ പതിവ്. കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നുള്ളതോ അംഗീകരിച്ചതോ ആയ എംഫില്‍/ എംഎഡ് ബിരുദങ്ങളാണ് സെറ്റ് യോഗ്യതയ്ക്ക് പകരമായി പിഎസ്‌സി നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍, മേല്‍പറഞ്ഞ കോളജുകളില്‍ നിന്ന് കരസ്ഥമാക്കുന്ന ബിരുദങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിക്കുന്നുണ്ട് എന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അതേസമയം, ഇത്തരം കോളജുകളിലേക്ക് പ്രവേശനം നേടിക്കൊടുക്കുന്ന ലോബിയും കേരളത്തില്‍ സജീവമാണ്. 5000 മുതല്‍ 25,000 വരെയാണ് ഇതിനു കമ്മീഷന്‍. ഒരു ഗൈഡിനു കീഴില്‍ പത്തും ഇരുപതും വിദ്യാര്‍ഥികള്‍ ഒരുമിച്ച് പഠനം നിര്‍വഹിക്കുന്നു സ്ഥിതിയുമുണ്ട്. കോഴ്‌സ് വര്‍ക്കോ അസൈന്‍മെന്റുകളോ ഇല്ലാതെ നേടുന്ന ഇത്തരം ഉന്നത ഗവേഷണ ബിരുദങ്ങള്‍ കഷ്ടപ്പെട്ട് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ ബിരുദങ്ങള്‍ക്കു തുല്യമാണെന്നത് കടുത്ത അതൃപ്തി സൃഷ്ടിക്കുന്നു. 2012ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പുതുതായി അനുവദിച്ച ആയിരത്തോളം ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ മാസം അംഗീകരിക്കുകയുണ്ടായി. ഈ തസ്തികകളില്‍ ജോലി തരപ്പെടുത്തിയവരിലും ഇത്തരം ബിരുദധാരികള്‍ ഉണ്ടെന്നത് വിദ്യാഭ്യാസ ഗുണമേന്മയെ ചോദ്യചിഹ്നത്തിലാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss