|    Aug 21 Mon, 2017 9:33 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പിഎസ്‌സി: പുനപ്പരീക്ഷയിലും ക്രമക്കേടുകള്‍ ; ഗൈഡില്‍ നിന്ന് അതേപടി പകര്‍ത്തിയ ചോദ്യപേപ്പറെന്ന് ആരോപണം

Published : 11th August 2017 | Posted By: fsq

 

കൊച്ചി: പിഎസ്‌സി ഇക്കഴിഞ്ഞ ജൂണ്‍ 9ന് നടത്തിയ ലൈബ്രേറിയന്‍ ഗ്രേഡ്-4 പുനപ്പരീക്ഷയില്‍ ക്രമക്കേടു നടന്നതായി പരീക്ഷാര്‍ഥികള്‍ ആരോപിച്ചു. 2016 ഡിസംബര്‍ 1ന് നടത്തിയ കാറ്റഗറി നമ്പര്‍ 507/2015  ലൈബ്രേറിയന്‍ ഗ്രേഡ്-4 പരീക്ഷ യോഗ്യതയില്ലാത്ത ഗസ്റ്റ് അധ്യാപകന്‍ ചോദ്യകര്‍ത്താവാകുകയും അയാള്‍ തന്നെ പരീക്ഷ എഴുതുകയും ചെയ്‌തെന്ന കാരണത്താലാണ് ആദ്യം റദ്ദാക്കിയത്. എന്നാല്‍, വീണ്ടും പരീക്ഷ നടത്തിയപ്പോള്‍ കൂടുതല്‍ ക്രമക്കേട് നടന്നതായി പരീക്ഷ എഴുതിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. പുനപ്പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും ഒരു സ്വകാര്യ ഗൈഡില്‍ നിന്ന് പകര്‍ത്തിയതാണെന്നു വ്യക്തമായി. ഗൈഡില്‍നിന്നോ റഫറന്‍സ് ബുക്കില്‍ നിന്നോ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തരുതെന്ന് പിഎസ്‌സി ചോദ്യകര്‍ത്താക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്. എന്നാല്‍, ഇത്തരം മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. ലൈബ്രറി സയന്‍സ് വിഷയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് ഈ തസ്തികയുടെ യോഗ്യതയായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, ഭൂരിഭാഗം ചോദ്യങ്ങളും യുജിസി നെറ്റ് പരീക്ഷ ചോദ്യമാതൃകയിലാണു വന്നിരിക്കുന്നത്. 11 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഈ തസ്തികയിലേക്കു നിയമന ഉത്തരവ് പുറപ്പെടുവിച്ച് പരീക്ഷ നടത്തിയത്. എന്നാല്‍, ഗൈഡിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് അവസാന അവസരത്തില്‍ പരീക്ഷ എഴുതിയ പലര്‍ക്കും തിരിച്ചടിയായി. പരാതിയും കേസും നിലനില്‍ക്കെ നടപടികള്‍ സ്വീകരിക്കാതെ പിഎസ്‌സി വഴിവിട്ട നിയമനത്തിന് ഒരുങ്ങുന്നതിനെതിരേ സമരപരിപാടി സംഘടിപ്പിക്കുമെന്നു പരീക്ഷ എഴുതിയവര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക