|    Oct 19 Fri, 2018 10:58 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പിഎസ്‌സി പരീക്ഷയ്ക്ക് പുതിയ സംവിധാനം

Published : 6th December 2017 | Posted By: kasim kzm

അടുത്ത വര്‍ഷം മുതല്‍ പിഎസ്‌സി പരീക്ഷയില്‍ സമൂലമായ മാറ്റം വരുകയാണ്. ഒറ്റപ്പരീക്ഷ, ഒറ്റവാക്കില്‍ ഉത്തരം എന്ന ഇപ്പോഴുള്ള രീതി മാറ്റി വിവരണാത്മക പരീക്ഷയിലേക്കു മാറാന്‍ പിഎസ്‌സി തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. യോഗ്യതയുടെ അടിസ്ഥാനത്തില്‍, ഒരേതലത്തിലുള്ള തസ്തികയിലേക്ക് ആദ്യം പൊതുപരീക്ഷയും പിന്നീട് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് രണ്ടാംഘട്ട പരീക്ഷയും എന്നതായിരിക്കും പുതിയ രീതി. സിവില്‍ സര്‍വീസ് പരീക്ഷ രണ്ടു ഘട്ടങ്ങളിലായാണു നടക്കുന്നത്. ബാങ്കിങ് സര്‍വീസിലേക്കു തിരഞ്ഞെടുക്കുന്നതിനുള്ള ഐബിപിഎസ് പരീക്ഷയും പ്രസ്തുത സമ്പ്രദായത്തിലേക്കു മാറിക്കഴിഞ്ഞു. ഒറ്റവാക്കില്‍ ഉത്തരമെഴുതുന്ന ഒറ്റപ്പരീക്ഷ ഉദ്യോഗാര്‍ഥിയുടെ കഴിവു വിലയിരുത്താന്‍ പ്രാപ്തമല്ലെന്ന നിഗമനത്തില്‍ നിന്നാണ് ഈ രീതിമാറ്റം.
കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍. സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള യുവതീയുവാക്കളുടെ സാമാന്യ സ്വപ്‌നമാണ് പിഎസ്‌സി പരീക്ഷയിലൂടെ കരഗതമാവുന്ന സര്‍ക്കാര്‍ ജോലി. നാട്ടിലെ തൊഴിലില്ലാപ്പടയുടെ ശരിയായ ചിത്രം വ്യക്തമാവണമെങ്കില്‍ നാടുനീളെ നടക്കുന്ന പിഎസ്‌സി പരീക്ഷാ പരിശീലനകേന്ദ്രങ്ങളിലേക്കൊന്ന് കണ്ണോടിച്ചാല്‍ മതി. ലക്ഷക്കണക്കിന് യുവതീയുവാക്കളാണ് ഇത്തരം പരിശീലനകേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. സന്നദ്ധസംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും മറ്റും പരീക്ഷാ പരിശീലനം വ്യാപകമായി നല്‍കുന്നു. എന്തിനേറെ ആകാശവാണിയില്‍പ്പോലും ചെറുപ്പക്കാരെ പിഎസ്‌സി പരീക്ഷകള്‍ നേരിടാന്‍ പ്രാപ്തരാക്കുന്ന പരിപാടികള്‍ ധാരാളമായി ഉണ്ട്. ചുരുക്കത്തില്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം യുവതീയുവാക്കളുടെയും മനസ്സ് പിഎസ്‌സി പരീക്ഷയ്ക്കു ചുറ്റും കറങ്ങുകയാണ്; സര്‍ക്കാര്‍ ജോലി മിക്കപേര്‍ക്കും കിട്ടാക്കനിയാണെങ്കിലും.
ഈ സാഹചര്യത്തില്‍ പിഎസ്‌സി പരീക്ഷ കുറ്റമറ്റതാക്കുന്നത് തികച്ചും ഉചിതമായ നടപടി തന്നെ. വിവരണാത്മക പരീക്ഷയില്‍നിന്ന് തീര്‍ത്തും ഒറ്റവാക്കുത്തര സമ്പ്രദായത്തിലേക്കുള്ള മാറ്റം, എല്ലാ എന്‍ട്രന്‍സ് പരീക്ഷകളുടെയും ഗുണനിലവാരം കുറച്ചിട്ടുണ്ട്. കാണാപ്പാഠം പഠിച്ചോ കറക്കിക്കുത്തിയോ പരീക്ഷയെന്ന കടമ്പ ചാടിക്കടക്കാന്‍ പഠിതാക്കളെ പ്രാപ്തരാക്കുകയാണ് പിഎസ്‌സി പരീക്ഷാ പരിശീലനത്തിലായാലും മെഡിക്കല്‍-എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിലായാലും കോച്ചിങ് സെന്ററുകള്‍ ചെയ്യുന്നത്. ഇതിനു പ്രത്യേകമായ കോച്ചിങ് തന്ത്രങ്ങളുമുണ്ട്. വിവരണാത്മക പരീക്ഷ ഒരു പരിധിവരെ ഇത്തരം സൂത്രങ്ങള്‍ക്ക് തടയിടുകയും യഥാര്‍ഥ നൈപുണിയുള്ളവര്‍ക്ക് അവസരം നല്‍കുകയും ചെയ്യും. അതു മനസ്സിലാക്കിയാണ് ബാങ്കിങ് സര്‍വീസിലേക്കുള്ള പരീക്ഷയില്‍ മാറ്റം വരുത്തിയത്. പിഎസ്‌സിയും ഇതു കൈക്കൊള്ളുന്നതു നല്ലതാണ്.
അപ്പോഴും ഒരു ചോദ്യം പ്രസക്തമാണ്- പഞ്ചായത്ത് ഓഫിസില്‍ ഗുമസ്തനാവാനെന്തിനാണ് പിസാ ഗോപുരത്തിന്റെ ഉയരമറിയുന്നത് എന്ന ‘നിര്‍മാല്യ’ത്തിലെ ഉണ്ണി നമ്പൂതിരിയുടെ ചോദ്യം. ആളുകളെ ഒഴിവാക്കാന്‍ മറ്റെന്തു വഴി എന്ന മറുചോദ്യമേ പിഎസ്‌സിയുടെ പക്കലുമുള്ളൂ; പരീക്ഷ ഏതു രീതിയിലായാലും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss