|    Aug 21 Mon, 2017 9:30 pm
FLASH NEWS

‘പിഎസ്‌സി പരീക്ഷകള്‍ മലയാളത്തില്‍ എഴുതാന്‍ അനുവദിക്കണം’

Published : 7th August 2017 | Posted By: fsq

 

വടകര: കേരളത്തിലെ പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലും എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യം. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന സ ര്‍ക്കാരിനും പിഎസ്‌സിക്കും ഭീമഹരജി നല്‍കാന്‍ ഒപ്പു ശേഖരണം നടത്തി. ലോകഭാഷകളില്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന ജനങ്ങളുടെ എണ്ണം കൊണ്ട് ഇരുപത്തിയാറാം സ്ഥാനത്തു നില്‍ക്കുന്ന ഭാഷയാണ് മലയാളം. ഇന്ത്യന്‍ ഭാഷകളില്‍ ഒരു സംസ്ഥാനത്ത് ഏറ്റവും അധികം ശതമാനം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയും മലയാളം തന്നെ. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഔദ്യോഗികഭാഷയായ മാതൃഭാഷയിലാണ് അവിടുത്തെ എല്ലാ പിഎസ്‌സി പരീക്ഷകളും നടത്തുന്നത്. എന്നാല്‍ കേരളത്തിലെ  മിക്ക പിഎസ്‌സി പരീക്ഷകളുടെ മാധ്യമം ഇംഗ്ലീഷ് മാത്രമാണ്. ഭരണ ഭാഷ മലയാളമായി പ്രഖ്യാപിച്ചിട്ടുള്ള കേരളത്തിലാണ് ഈ അനീതി നടക്കുന്നത്. യുപിഎസ്‌സി നടത്തുന്ന ഐഎഎസ്, ഐപിഎസ് ഉള്‍പ്പെടെയുള്ള സിവില്‍ സര്‍വീസ് പരീക്ഷകള്‍ മലയാളമുള്‍പ്പെടെയുള്ള ഇന്ത്യയിലെ സംസ്ഥാന ഔദ്യോഗിക ഭാഷകളില്‍ എഴുതാമെന്നാണ് നിയമം. ഇക്കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ മൂന്നാം റാങ്കു നേടിയ ഗോപലകൃഷ്ണ റൊണാങ്കി മാതൃഭാഷയായ തെലുങ്കാണ് പരീക്ഷയുടെയും അഭിമുഖത്തിന്റെയും ഭാഷയായി തിരഞ്ഞെടുത്തത്. മലയാളത്തിലും സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പലരും യോഗ്യത നേടിയിട്ടുണ്ട്. എന്നാല്‍ അഖിലേന്ത്യാതലത്തില്‍ മലയാളത്തിനുള്ള അംഗീകാരം അത് തൊണ്ണൂറ്റിയേഴു ശതമാനം പേരും മാതൃഭാഷയായി ഉപയോഗിക്കുന്ന കേരളത്തിലില്ല. കേന്ദ്രത്തില്‍ മലയാളമാകാമെന്നിരിക്കെ കേരളത്തില്‍ അതു പറ്റില്ല എന്നാണ് കേരള പിഎസ്‌സി പ്രഖ്യാപിക്കുന്നത്. സാധാരണ ജനങ്ങളെ സര്‍ക്കാര്‍ സര്‍വീസിലേക്ക് പ്രവേശിപ്പിക്കാതെ അകറ്റി നിര്‍ത്തുക എന്ന കോളനി ഭരണതന്ത്രമാണ് ഇപ്പോഴും ഇതുവഴി തുടരുന്നതെന്ന് ഐക്യ മലയാള പ്രസ്ഥാനം കുറ്റപ്പെടുത്തി. ഭരണവും തൊഴിലും സാധാരണക്കാര്‍ക്ക് പങ്കുള്ളതായിരിക്കുക എന്ന ജനാധിപത്യമൂല്യമാണ് ഇതുവഴി അട്ടമറിക്കപ്പെടുന്നത്. ഈ നയം തിരുത്തണമെന്നും കേരളത്തിലെ എല്ലാ പിഎസ്‌സി പരീക്ഷകളും മലയാളത്തില്‍ എഴുതാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐക്യ മലയാള പ്രസ്ഥാനം ഭീമ ഹര്‍ജി നല്‍കൂന്നത്. ഒപ്പു ശേഖരണത്തിന്റെ ഉദ്ഘാടനം വടകര പുതിയ ബസ് സ്റ്റാന്റിനു സമീപം വടയക്കണ്ടി നാരായണന്‍ നിര്‍വഹിച്ചു. ഐക്യ മലയാള പ്രസ്ഥാനത്തിന്റെ സംസ്ഥാന നിര്‍വാഹക സമിതി അംഗം അഭിലാഷ് തിരുവോത്ത് അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക