|    Oct 23 Mon, 2017 8:08 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പിഎസ്‌സി പഠനത്തിന് സൗജന്യ ആപ്ലിക്കേഷനുകള്‍

Published : 15th October 2016 | Posted By: SMR

കൊച്ചി: സാമൂഹികമാധ്യമങ്ങളിലടക്കം പിഎസ്‌സി പഠനം തകൃതിയിലാണ്. സംഘംചേര്‍ന്നുള്ള പഠനത്തെ പ്രോല്‍സാഹിപ്പിക്കുന്ന ട്രോളുകളും ഗ്രൂപ്പുകളും പേജുകളും സാമൂഹികമാധ്യമങ്ങളില്‍ സജീവമാവുമ്പോള്‍ ഒറ്റയ്ക്ക് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ സൗജന്യ ആപ്ലിക്കേഷനുകളും എത്തിക്കഴിഞ്ഞു. ലൈക്കിന്റെയും കമന്റിന്റെയും ബഹളമില്ലാതെ സ്വസ്ഥമായി പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വച്ചാണ് ഇവ രംഗത്തെത്തിയിരിക്കുന്നത്.
എല്‍ഡിസി പരീക്ഷാ വിജ്ഞാപനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കിടയിലാണ് ഈ ആപ്ലിക്കേഷനുകള്‍ കൈയടി നേടുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചോദ്യങ്ങളടങ്ങുന്ന നിരവധി ആപ്ലിക്കേഷനുകളാണ് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിഎസ്‌സി കോച്ചിങ് കേന്ദ്രങ്ങളുടെയും സ്വതന്ത്ര വ്യക്തികളുടെയും ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ ഇടംപിടിച്ചിട്ടുണ്ട്. ആപ്ലിക്കേഷനുകള്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയേ വേണ്ടൂ, സമയം കിട്ടുമ്പോഴൊക്കെ അറിവുകള്‍ ഓര്‍മയിലേക്ക് ശേഖരിക്കാം. പൊതുവിജ്ഞാനം കേന്ദ്രീകരിച്ചു മാത്രമല്ല ആപ്ലിക്കേഷനുകളിലെ ചോദ്യങ്ങള്‍. ഭാഷയിലും വ്യാകരണത്തിലും ഗണിതശാസ്ത്രത്തിലും സമകാലിക സംഭവങ്ങളിലും ഊന്നിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആപ്ലിക്കേഷനുകളില്‍ തയ്യാറാണ്. മിക്കവയും പിഎസ്‌സി പരീക്ഷകളുടെ സിലബസില്‍ ഊന്നിയുള്ള ചോദ്യങ്ങളാണ്.
ചോദ്യത്തിലോ ഉത്തരത്തിലോ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് തിരുത്താനുള്ള സൗകര്യവും ഇത്തരം ആപ്ലിക്കേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. അറിവ് പരിശോധിക്കാനുള്ള പരീക്ഷകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവാരം വിലയിരുത്തി പഠനം മെച്ചപ്പെടുത്താനും ചോദ്യങ്ങള്‍ അഭിമുഖീകരിക്കുമ്പോഴുള്ള ആത്മവിശ്വാസം വളര്‍ത്താനുമാണ് ഇത്തരം പരീക്ഷകള്‍ ആപ്ലിക്കേഷന്റെ ഭാഗമാക്കിയിരിക്കുന്നതെന്നാണ് ആപ്ലിക്കേഷന്‍ നിര്‍മാതാക്കള്‍ പറയുന്നത്. ഒരു പരീക്ഷയില്‍ നിന്ന് അടുത്ത പരീക്ഷയിലേക്ക് കടക്കണമെങ്കില്‍ നിശ്ചിത മാര്‍ക്ക് നേടണമെന്ന നിബന്ധനയും ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ചോദ്യത്തിനും ശരിയുത്തരത്തിനും തെറ്റിനും പ്രത്യേകം സംഗീതവും നല്‍കിയിട്ടുണ്ട്. ഇത് ഉദ്യോഗാര്‍ഥികള്‍ക്ക് പഠനത്തോട് താല്‍പര്യം വളര്‍ത്താന്‍ സഹായകമാവും.
പരസ്യങ്ങളിലൂടെയാണ് ഇത്തരം സൗജന്യ ആപ്ലിക്കേഷനുകള്‍ വരുമാനം നേടുന്നത്. ചിലതില്‍ പരസ്യത്തിന്റെ അതിപ്രസരം കാണാം. അതുകൊണ്ടുതന്നെ നിലവിലെ ഉപയോക്താക്കളുടെ അവലോകനവും അവര്‍ നല്‍കിയിരിക്കുന്ന റേറ്റിങും വിലയിരുത്തിയതിനുശേഷം ആവശ്യമായവ ഡൗണ്‍ലോഡ് ചെയ്യുന്നതാണ് നല്ലത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക