|    May 27 Sat, 2017 9:29 pm
FLASH NEWS

പിഎസ്‌സി നിയമനം: സംവരണരീതി ശാസ്ത്രീയമാക്കണം: ഡോ. കെ എസ് രാധാകൃഷ്ണന്‍

Published : 25th August 2016 | Posted By: SMR

കൊച്ചി: പിഎസ്‌സി നിയമനത്തിലെ നിലവിലെ സംവരണരീതി തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന് ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍.
നിലവിലെ സംവരണതത്ത്വങ്ങള്‍ പാലിക്കപ്പെടുമ്പോള്‍ എല്ലാ സമുദായങ്ങളിലെയും മേല്‍ത്തട്ടുകാര്‍ മാത്രമാണ് മുന്നില്‍ വരുന്നത്. സാമുദായികസംവരണത്തില്‍ ഫസ്റ്റ് ജനറേഷന് മുന്‍ഗണന നല്‍കണം. സംവരണം ചെയ്ത സീറ്റുകളിലും സാമൂഹികാവസ്ഥയില്‍ മുന്നാക്കംനില്‍ക്കുന്നവരാണു കടന്നുവരുന്നത്. സാമുദായികസംവരണത്തിനൊപ്പം സാമൂഹികസംവരണം കൂടി ഉറപ്പുവരുത്തിയാലേ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവരിലേക്ക് എത്തുകയുള്ളു. ശരിയായ ഗുണഭോക്താവിന് ആനുകൂല്യം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഇതു പരിഹരിക്കാന്‍ മേല്‍ത്തട്ട് സംവിധാനം കൂടുതല്‍ ശാസ്ത്രീയമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒക്ടോബര്‍ 30ന് കാലാവധി അവസാനിക്കാനിരിക്കെ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരാശരി 30,000 പേര്‍ക്കാണ് പ്രതിവര്‍ഷം പിഎസ്‌സിക്ക് ജോലിനല്‍കാന്‍ കഴിയുന്നത്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണംകൊടുക്കുന്ന ഏതു സ്ഥാപനത്തിലെയും നിയമനം പിഎസ്‌സി നടത്തണമെന്നാണ് തന്റെ അഭിപ്രായം. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സി നടത്തുന്നതാണ് ഉചിതമെന്നാണ് തന്റെ നിലപാടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
ഫോറസ്റ്റ് വാച്ചര്‍ തസ്തികയില്‍ വനവാസികളായ ആദിവാസികളെ തന്നെ റിക്രൂട്ട് ചെയ്യാന്‍ കഴിഞ്ഞതും മൂന്ന് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞതും ജില്ലകളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയതുമാണ് തന്റെ  വലിയ നേട്ടങ്ങളെന്നു ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day